പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് അപരന്മാര്‍ തലവേദനയാകുമോ? രാഹുല്‍ ആര്‍ വടക്കന്തറ, രാഹുല്‍ ആര്‍ മണലഴി എന്നിവരാണ് മാങ്കൂട്ടത്തിലിന് ഭീഷണിയായി മത്സരരംഗത്തുള്ളത്. ആരാണ് ഈ അപരന്മാരെ നിര്‍ത്തിയത് എന്നതിനെ ചൊല്ലിയാണ് തര്‍ക്കം. സ്വാഭാവികമായും സിപിഎമ്മോ, ബിജെപിയോ രാഹുലിന് എതിരെ അപരന്മാരെ നിര്‍ത്തി എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.


സിപിഎമ്മും ബിജെപിയും തനിക്കെതിരെ അപരന്‍മാരെ നിര്‍ത്തിയെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിക്കുന്നത്. സിപിഎം-ബിജെപി ധാരണ ഇതോടെ പകല്‍ പോലെ തെളിഞ്ഞെന്നും രാഹുല്‍ പറഞ്ഞു. തങ്ങളുടെ തലയില്‍ ആരോപണം വീഴാതിരിക്കാനും ഏറ്റെടുക്കാതിരിക്കാനുമാണ് സിപിഎമ്മും ബിജെപിയും ഒരുപോലെ നോക്കുന്നത്.

അപരന്മാരെ നിര്‍ത്തിയിട്ടില്ലെന്ന് എല്‍ഡിഎഫ്

താനോ പാര്‍ട്ടിയോ അറിഞ്ഞുകൊണ്ട് അപരന്‍മാരെ നിര്‍ത്തിയിട്ടില്ലെന്നാണ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ.പി സരിന്റെ വാദം. ഇനി പാര്‍ട്ടി സ്‌നേഹം ഉള്ള ആരെങ്കിലും നിര്‍ത്തിയിട്ടുണ്ടോ എന്നറിയില്ലെന്നും സരിന്‍ കഴിഞ്ഞ ദിവസം പറഞ്ഞു. അപരനെ നിര്‍ത്തില്ലെന്ന കാര്യത്തില്‍ നേരത്തെ തന്നെ നിലപാടെടുത്തിരുന്നു. അതിന്റെ പേരില്‍ ഒരു ബ്ലാക്ക് മാര്‍ക്ക് നേടാന്‍ താല്പര്യമില്ലെന്നും സരിന്‍ വ്യക്തമാക്കി.

പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്ന രാഹുല്‍ എന്തിന് മറ്റ് സ്ഥാനാര്‍ഥികളെ നോക്കണമെന്നും സരിന്‍ ചോദിക്കുന്നു. രഹസ്യ ചര്‍ച്ചകള്‍ നടത്തിയത് ആര് എന്നൊക്കെ വോട്ടെടുപ്പിന് മുന്നേ തന്നെ പുറത്തുവരുമെന്നും സരിന്‍ ആരോപിച്ചു. രാഹുല്‍ എന്തിന് മറ്റ് സ്ഥാനാര്‍ഥികളെ നോക്കണം, അത്രയ്ക്ക് അഭിമാന ബോധമേ ഉള്ളൂ? ഇത് തോല്‍വി ഉറപ്പിച്ചതുകൊണ്ടുള്ള അങ്കലാപ്പാണ്. താന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ്. ഇങ്ങനെ ഭയപ്പെട്ടു തുടങ്ങിയാല്‍ ബോറാണ്. ക്രമ നമ്പര്‍ പ്രകാരം രണ്ടാം സ്ഥാനത്തുള്ള രാഹുല്‍ എന്തിന് ഒന്‍പതാം സ്ഥാനത്തുള്ള തന്നെ ഭയക്കുന്നുവെന്നും സരിന്‍ ചോദിച്ചു.

തങ്ങള്‍ക്ക് പങ്കില്ലെന്ന് ബിജെപി

അപരരുടെ രംഗപ്രവേശത്തില്‍ ബിജെപിക്ക് പങ്കില്ലെന്ന് സി കൃഷ്ണകുമാരും വ്യക്തമാക്കി. ബി ജെ പിക്ക് അപരന്‍മാരെ നിര്‍ത്തി വോട്ട് തേടേണ്ട ആവശ്യമില്ലെന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്.

സ്ഥാനാര്‍ത്ഥി പട്ടികയിലെ ക്രമനമ്പര്‍ പ്രകാരം രാഹുല്‍ മാങ്കൂട്ടത്തില്‍ രണ്ടാമനാണ്. ഒരു അപരന്‍ രാഹുല്‍ ആര്‍ നാലാമതുണ്ട്. പാലക്കാട് നഗരസഭയില്‍ ബിജെപിയുടെ സ്വാധീനമേഖലയായ മൂത്താന്‍തറയിലാണ് വീട്. ചിഹ്നം എയര്‍കണ്ടീഷണര്‍. രണ്ടാം അപരന്‍ രാഹുല്‍ മണലാഴി പട്ടികയില്‍ അഞ്ചാമന്‍. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണാടിയിലാണ് വീട്. ചിഹ്നം തെങ്ങിന്‍തോട്ടം.

അതേസമയം, പത്രിക സമര്‍പ്പിച്ചത് മുതല്‍ രണ്ടു പേരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫാണ്.