- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലത്തായി പീഡനക്കേസ് രാഷ്ട്രീയപരമായി കെട്ടിച്ചമച്ചത്; ഇപ്പോള്‍ സിപിഎം നേതാവായ ഡിവൈഎസ്പി ടി.കെ. രത്‌നകുമാര്‍ കേസ് കെട്ടിച്ചമച്ചു; സിപിഎം, എസ്ഡിപിഐ, ജമാത്തെ ഇസ്ലാമിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്
പാലത്തായി പീഡനക്കേസ് രാഷ്ട്രീയപരമായി കെട്ടിച്ചമച്ചത്
കണ്ണൂര്‍: പാലത്തായി പീഡനക്കേസ് രാഷ്ട്രീയ പരമായി കെട്ടിച്ചമച്ചതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത്. പൊലീസിലെ മൂന്ന് വിഭാഗങ്ങള്‍ അന്വേഷിച്ചിട്ടും കണ്ടെത്താത്ത തെളിവുകള്‍ അവസാനമായി ഡിവൈഎസ്പി ആയിരുന്ന ടി.കെ. രത്‌നകുമാര്‍ കണ്ടെത്തി എന്ന് പറയുന്നത് തന്നെ രാഷ്ട്രീയ പ്രേരിതമാണ്. അദ്ദേഹം വിരമിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ശ്രീകണ്ഠപുരം നഗരസഭയിലെ കോട്ടൂര്‍ വാര്‍ഡില്‍ സിപിഎം സ്ഥനാര്‍ത്തിയായി മത്സരിക്കുകയാണ്. മാര്‍കിസ്റ്റ് പാര്‍ട്ടി, എസ്ഡിപിഐ, ജമാത്തെ ഇസ്ലാമി എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ ഗൂഢാലോചനയാണ് അദ്ധ്യാപകനെതിരെയുള്ള കേസ്. ഈ വിധിക്കെതിരെ ഹൈക്കോടതി ഉള്‍പ്പടെയുള്ള മേല്‍ കോടതികളെ സമീപിക്കുമെന്ന് രഞ്ജിത്ത് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
2020 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നു എന്ന് പറയുന്നത്. 2019 ലെ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് അദ്ധ്യാപകന്‍ തന്റെ നിലപാട് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തതിന് സ്‌കൂള്‍ പരിസരത്തുള്ള ഒരു വിഭാഗം വലിയ പ്രതിഷേധം നടത്തിയിരുന്നു. അധ്യാപകനെ സ്‌കൂളില്‍ നിന്ന് പുറത്താക്കണമെന്നും അല്ലെങ്കില്‍ കുട്ടികളെ സ്‌കൂളില്‍ അയക്കില്ലെന്നും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ മാനേജ്മെന്റിന്റെ നിര്‍ബന്ധത്തില്‍ അധ്യാപകന്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു. ഈ പോസ്റ്റിട്ടതിന്റെ വൈരാഗ്യത്തിലാണ് ഇത്തരത്തില്‍ കെട്ടിച്ചമച്ച കേസുണ്ടാക്കുന്നത്.
മൂന്ന് തവണ പീഡിപ്പിച്ചു എന്നാണ് അതിജീവിത പറഞ്ഞത്. പീഡിപ്പിച്ചതിന്റെ ദിവസവും സമയവും അതിജീവിത കോടതിക്ക് മൊഴികൊടുത്തിരുന്നു. എന്നാല്‍ അധ്യാപകന്‍ ഈ ദിവസം സ്‌കൂളില്‍ വന്നിട്ടില്ല എന്ന് ഫോണ്‍ കോള്‍ റെക്കോര്‍ഡ്‌സും സിസിടിവിയും പരിശോധിച്ചതില്‍ പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്.
ആദ്യം ലോക്കല്‍ പോലീസും പിന്നീട് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് ടീമും പിന്നീട് ഐപിഎസ് ഓഫീസര്‍ ശ്രീമതി രേഷ്മ രമേശ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമും അവസാനം തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ. രത്നകുമാറും അന്വേഷിച്ചു. ആദ്യം പറഞ്ഞ മൂന്ന് അന്വേഷണ സംഘവും ഈ കേസില്‍ കഴമ്പില്ല എന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ സിപിഎം നേതാവായ രത്‌നകുമാര്‍ കൃത്രിമ തെളിവുണ്ടാക്കി ഈ കേസ് അട്ടിമറിച്ച് പത്മരാജന് എതിരാക്കുകയായിരുന്നു.
100 പേജുള്ള കൗണ്‍സിലിംഗ് നടത്തിയ വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടും ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. അതിലും പരസ്പര വിരുദ്ധമായ ആരോപണങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ അന്വേഷണം നടത്തിയ ഡിവൈഎസ്പി അബ്ദുല്‍ റഹിം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അതിജീവിത ഭാവനയില്‍ കാണുന്ന കാര്യങ്ങള്‍ പരാതിയായി പറയുന്നു എന്നാണ് റിപ്പോര്‍ട്ട്.
മാര്‍കിസ്റ്റ് പാര്‍ട്ടി, എസ്ഡിപിഐ, ജമാത്തെ ഇസ്ലാമി എന്നീ സംഘടനകള്‍ രാഷ്ട്രീയമായി ബിജെപിയെ കരിവാരിതേക്കാനും തെരെഞ്ഞെടുപ്പില്‍ രാഷ്ട്രീയ ലാഭം ഉണ്ടാക്കാനുമാണ് ഈ കേസ് കെട്ടിച്ചമച്ചത്. ഈ തെരെഞ്ഞെടുപ്പ് സമയത്ത് തന്നെ വിധി പറഞ്ഞതും സംശയാപസ്പതമാണ്. വാദം കേട്ട ഡസ്‌ക്കിലല്ല കേസിന്റെ വിധിപറഞ്ഞതും എന്നുള്ളത് സംശയത്തിന് ഇടനല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സമിതിയംഗം യു.ടി. ജയന്തന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ടി.സി. മനോജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.




