- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഡ്ഡലി ശരണിനെ മാലയിട്ടത് തിരുത്തലിന് എതിര്; കഞ്ചാവ് യദുവുണ്ടാക്കുന്നത് പൊല്ലാപ്പ്; ഒളിവിലുള്ള പ്രതിയും വിവാദം; സിപിഎമ്മില്‍ പത്തനംതിട്ട തല്ല്!
തിരുവനന്തപുരം: പത്തനംതിട്ട സിപിഎമ്മില്‍ ഔദ്യോഗിക വിഭാഗത്തിനെതിരെ പടയൊരുക്കം. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ണുമടച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചതില്‍ സിപിഎം ജില്ലാ സെക്രട്ടറിക്കും ഔദ്യോഗിക വിഭാഗത്തിനുമെതിരെ വിമര്‍ശനം രൂക്ഷമാണ്. സിപിഎം സംസ്ഥാന നേതൃത്വവും ഇക്കാര്യത്തില്‍ അതൃപ്തിയിലാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം തിരുത്തല്‍ നടപടിക്കിറങ്ങിയ പാര്‍ട്ടിയെ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവും സംഘവും ചേര്‍ന്ന് പ്രതിസന്ധിയിലാക്കിയെന്നാണ് ആക്ഷേപം.
ബിജെപിവിട്ടു വന്ന 62 പേരെ ജില്ലാ സെക്രട്ടറിയും മന്ത്രിയും ചേര്‍ന്ന് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചതാണ് വിവാദം. പാര്‍ട്ടിയില്‍ എടുത്ത പ്രധാനി ശരണ്‍ ചന്ദ്രന് കാപ്പാ കേസ് പ്രതിയെന്ന വിവരം തിരിച്ചടിയായി. പിന്നാലെ യദു കൃഷ്ണന് എന്ന യുവാവ് കഞ്ചാവ് കേസില്‍ ഉള്‍പ്പെടുന്നു.എസ്എഫ്ഐക്കാരെ ഉള്‍പ്പെടെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പൊലീസ് തിരയുന്ന സുധീഷിനും മാലയിട്ടു സ്വീകരണം നല്കി. യദുവിനെ ന്യായീകരിക്കാന്‍ ശ്രമിച്ചതും പാളി. എക്സൈസ് അറസ്റ്റിനെതിരെ ഡി വൈ എഫ് ഐ പ്രതിഷേധത്തിന് തീരുമാനിച്ചു. ഇത് തല്കാലം വേണ്ടെന്ന് വച്ചിട്ടുണ്ട്.
കേസുകളെല്ലാം ഒഴിവാക്കി നല്‍കാമെന്ന ഡീലിലാണ് ജില്ലാ സെക്രട്ടറി ഇഡ്ഡലി എന്ന ശരണ്‍ ചന്ദ്രനെയും കൂട്ടാളികളെയും പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നതെന്ന പ്രതിപക്ഷ പ്രചരണത്തിനൊപ്പം സിപിഎമ്മിലെ ഒരു വിഭാഗവുമുണ്ട്. മലയാലപ്പുഴയിലെയും പത്തനംതിട്ടയിലെയും പാര്‍ട്ടി പ്രാദേശിക ഘടകങ്ങളെ പോലും അറിയിക്കാതെ സ്വീകരണ പരിപാടിയും നടത്തി. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സ്വീകരിക്കാന്‍ പോയ ആരോഗ്യമന്ത്രിക്കെതിരെ പ്രതിപക്ഷം ശക്തമായി രംഗത്ത് വന്നതും പാര്‍ട്ടിയെ വെട്ടിലാക്കി. ഇനിയുള്ള ജില്ലാ യോഗങ്ങളില്‍ ഈ വിഷയമെല്ലാം വലിയ ചര്‍ച്ചയായി മാറും.
ഇതിനിടെയാണ് യദുകൃഷ്ണയെ കഞ്ചാവുമായി പിടിച്ച സംഭവത്തില്‍ ഡിവൈഎഫ്ഐ നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ച് മാറ്റിവെച്ചത്. പത്തനംതിട്ട എക്സൈസ് ഓഫീസിലേക്ക് ഇന്ന് നടത്താന്‍ തീരുമാനിച്ച പ്രതിഷേധമാണ് മാറ്റിയത്. സിപിഎമ്മിലേക്ക് വന്ന മയിലാടുപാറ സ്വദേശി യദുകൃഷ്ണനെതിരെ എക്സൈസ് രാഷ്ട്രീയ ഗൂഢാലോചനയില്‍ കള്ളക്കേസ് എടുത്തു എന്നാണ് ഡിവൈഎഫ്ഐ ആരോപണം. ഇത് ശരിയല്ലെന്ന തരത്തിലെ തെളിവുകള്‍ പുറത്തു വന്നു കഴിഞ്ഞു.
കഞ്ചാവ് പിടികൂടിയ അസീസ് എന്ന ഉദ്യോഗസ്ഥന് യുവമോര്‍ച്ച ബന്ധമുണ്ടെന്നും അയാള്‍ക്കെതിരെ നടപടി വേണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെടുന്നു. എന്നാല്‍, യദുകൃഷ്ണനില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തുവെന്നാണ് എക്സൈസ് വ്യക്തമാക്കുന്നത്. പ്രതിഷേധ സമരം എന്തുകൊണ്ടാണ് മാറ്റിവെച്ചതെന്നതില്‍ ഔദ്യോഗിക വിശദീകരണവും ഡിവൈഎഫ്ഐ നേതൃത്വം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം അന്തരിച്ച ഇടതു സഹയാത്രികയായ വിജ്ഞാന പത്തനംതിട്ടയുടെ ഡയറക്ടറായ ബീന ഗോവിന്ദിന്റെ സംസ്കാര ചടങ്ങ് ഇന്നാണെന്നും അതിനാണ് മാര്‍ച്ച് മാറ്റിവെച്ചതെന്നുമാണ് ഔദ്യോഗിക വിശദീകരണം.