- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി ആഗ്രഹിക്കുന്നത് വീണാ ജോര്‍ജ് ജില്ലാ സെക്രട്ടറിയായി കാണാന്‍; സഖാക്കള്‍ക്ക് വേണ്ടത് രാജു എബ്രഹാമിനെ; ഉദയഭാനു വാദിക്കുന്നത് ടിഡി ബൈജുവിന് വേണ്ടി; പാര്‍ട്ടി 'ആരോഗ്യം' വീണ്ടെടുക്കാന്‍ ആരോഗ്യമന്ത്രി എത്തുമോ? വയനാടിന് പിന്നാലെ അപ്രതീക്ഷിത ജില്ലാ സെക്രട്ടറിയ്ക്ക് പത്തനംതിട്ടയിലും സാധ്യത; മന്ത്രി റിയാസ് സിപിഎം പിടിക്കുമോ?
കോന്നി: പത്തനംതിട്ട സിപിഎം സമ്മേളനത്തില്‍ ജില്ലാ നേതൃത്വത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നടത്തിയത് അതിരൂക്ഷ വിമര്‍ശനം. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ പോലും ജില്ലാ കമ്മിറ്റി അംഗങ്ങള്‍ സംഘടനാ ജോലികള്‍ ചെയ്തില്ലെന്നും അത് സംസ്ഥാന കമ്മിറ്റിയുടെ പരിശോധനയില്‍ വ്യക്തമായെന്നും വിശദീകരിച്ചു. പത്തനംതിട്ടയില്‍ ജില്ലാ സെക്രട്ടറിയെ മാറ്റുമെന്നാണ് സൂചന. എന്നാല്‍ ഇവിടെ വിഭാഗീയത ശക്തമാണ്. അതുകൊണ്ട് തന്നെ മത്സരത്തിനും സാധ്യത ഏറെയാണ്. അതിനിടെ മുന്‍ എംപി രാജു എബ്രഹാമിന് വീണ്ടും പൊതു അഭിപ്രായം രൂപപ്പെടുന്നുണ്ട്. മറ്റാരെയെങ്കിലും സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചാല്‍ മത്സരമുണ്ടാകും. അതിനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ സിപിഎം ജില്ലാ സെക്രട്ടറിയാക്കാനും ആലോചനയുണ്ട്. വീണാ ജോര്‍ജിനെ നിര്‍ദ്ദേശിച്ച ശേഷം മത്സരമുണ്ടായാല്‍ മന്ത്രിക്ക് ജയിക്കാനുള്ള സാഹചര്യം ഉണ്ടോ എന്ന് നേതൃത്വം പരിശോധിക്കുന്നുണ്ട്. അങ്ങനെ സംസ്ഥാന നേതൃത്വത്തിന്റെ കൈയ്യില്‍ കാര്യങ്ങള്‍ നിന്നാല്‍ വീണയും സെക്രട്ടറിയാകാന്‍ സാധ്യത ഏറെയാണ്. വനിതകള്‍ക്കും യുവാക്കള്‍ക്കും പരിഗണന നല്‍കുന്ന സമ്മേളന കാലമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഗ്രഹിക്കുന്നത്. വയനാട്ടില്‍ ഡിവൈഎഫ് ഐ നേതാവിനെ പാര്‍ട്ടി സെക്രട്ടറിയാക്കിയത് ഇതിന്റെ ഭാഗമാണ്. വയനാട്ടിന് പിന്നാലെ പത്തനംതിട്ടയില്‍ മാറ്റമുണ്ടാക്കി ഇനി സമ്മേളനം നടക്കുന്ന ജില്ലകളിലും അഴിച്ചു പണിയുണ്ടാകുമെന്ന സന്ദേശം നല്‍കാനാണ് സിപിഎം സംസ്ഥാന നേതൃത്വം ആഗ്രഹിക്കുന്നത്.
മൂന്ന് ടേം പൂര്‍ത്തിയാക്കിയ കെ പി ഉദയഭാനു ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറുമെന്ന് ഉറപ്പാണ്. ജില്ലാ സെക്രട്ടറിയേറ്റംഗം ടി ഡി ബൈജുവിനെ ജില്ലാ സെക്രട്ടറിയാക്കാനാണ് ഉദയഭാനുവിന്റെ നീക്കം. കെ പി ഉദയഭാനുവിന്റെ വിശ്വസ്തനാണ് ടി ഡി ബൈജു. തിരഞ്ഞെടുക്കപ്പെടുന്ന ജില്ലാ കമ്മിറ്റിയംഗങ്ങളില്‍ കൂടുതല്‍ പേരുടെ പിന്തുണ ടി ഡി ബൈജുവിന് ലഭിച്ചേക്കുമെന്നാണ് വിവരം. ടി ഡി ബൈജു ജില്ലാ സെക്രട്ടറിയാകാനുള്ള സാധ്യതയാണ് ഉയര്‍ന്നു കാണുന്നത്. ഇതിനിടെയാണ് സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം രാജു എബ്രഹാമിന്റെ പേരും ചര്‍ച്ചയാകുന്നത്. അഞ്ച് തവണ റാന്നി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച രാജു എബ്രഹാമിന് ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ നിന്ന് സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ നല്‍കിയില്ല. പത്തനംതിട്ടയില്‍ സിപിഎം ദയനീയമായി തോല്‍ക്കുകയും ചെയ്തു. രാജു എബ്രഹാമിന്റെ പേര് ശ്ക്തമായി ഉയരുമ്പോഴാണ് വീണാ ജോര്‍ജിനേയും പരിഗണിക്കാനുള്ള സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ ഇടപെടല്‍.
സമ്മേളനത്തിന്റെ അവസാന ദിനം മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായ ഇടപെടല്‍ നടത്തും. പുതിയ സെക്രട്ടറിയെ അടക്കം മുഖ്യമന്ത്രി മുമ്പോട്ട് വയ്ക്കുമെന്നാണ് സൂചന. അതിനിടെ വയനാട് ജില്ലാ സെക്രട്ടറിയായ കെ റഫീഖ് പൊതു മരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ അതിവിശ്വസ്തനാണ്. പത്തനംതിട്ടയിലും റിയാസിന് താല്‍പ്പമുള്ള വ്യക്തി സെക്രട്ടറിയാകാനുള്ള സാധ്യതകളും ചര്‍ച്ചകളിലുണ്ട്. ഇതും വീണാ ജോര്‍ജ്ജിന്റെ സാധ്യത കൂട്ടുന്നതായാണ് വിലയിരുത്തല്‍. രാജു എബ്രഹാമിനോട് സംസ്ഥാന നേതൃത്വത്തിന് താല്‍പ്പര്യക്കുറവുണ്ടെന്ന് പല ഘട്ടങ്ങളിലും വ്യക്തമായതുമാണ്. അതുകൊണ്ടാണ് റാന്നിയിലെ ജനകീയ നേതാവിന് ലോക്‌സഭാ സീറ്റ് നല്‍കാത്തതെന്ന ചര്‍ച്ചകളും സജീവമായി ഉയര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ മുഹമ്മദ് റിയാസുമായി ഏറെ നല്ല വ്യക്തി ബന്ധം പുലര്‍ത്തുന്ന മന്ത്രി വീണാ ജോര്‍ജ് ആലപ്പുഴയില്‍ സെക്രട്ടറിയാകുമോ എന്ന ചര്‍ച്ച പല വിധ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നത്. ഈ സമ്മേളനത്തില്‍ മുഹമ്മദ് റിയാസ് എല്ലാ ജില്ലകളിലും സംഘടനാപരമായി പിടി മുറക്കുമെന്ന വിലയിരുത്തലും ശക്തമാണ്.
പത്തനംതിട്ടയില്‍ പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ നേതൃത്വത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെക്കുറിച്ച് മറുപടി പ്രസംഗത്തില്‍ ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു കൃത്യമായ മറുപടി പറഞ്ഞില്ല. എന്നാല്‍ ചര്‍ച്ചകള്‍ പുറത്തുപോകുന്നതില്‍ രോഷം പ്രകടിപ്പിച്ചു. വാര്‍ത്തകള്‍ പുറത്തുവരുമെന്ന് കരുതി മിണ്ടാതിരിക്കാനാകില്ലെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു. പുതിയ ജില്ലാ സെക്രട്ടറിയെ ഇന്നു തിരഞ്ഞെടുക്കും. വൈകിട്ട് 4ന് കോന്നിയില്‍ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണന നല്‍കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ഇത് വീണാ ജോര്‍ജിന് അനുകൂലമാകുമോ എന്നതാണ് ഇനി അറിയേണ്ടത്. വയനാട് ജില്ലയിലെ പുതിയ സെക്രട്ടറിയെപ്പോലെ അപ്രതീക്ഷിത മുഖങ്ങളാരെങ്കിലും ജില്ലയുടെ തലപ്പത്തേക്ക് വരുമോ എന്ന ആകാംക്ഷ ശക്തമാണ്. എന്നാല്‍ ആരോഗ്യമന്ത്രി പദം വിട്ട് പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കുന്നതില്‍ വീണാ ജോര്‍ജിന് താല്‍പ്പര്യക്കുറവുണ്ട്. ഇതടക്കം പരിശോധിച്ചാകും സിപിഎം അന്തിമ തീരുമാനങ്ങളില്‍ എത്തുക. പത്തനംതിട്ടയിലെ ക്രൈസ്തവരെ പാര്‍ട്ടിയുമായി അടുപ്പിച്ച് നിര്‍ത്താന്‍ കൂടി വേണ്ടിയാണ് ഈ നീക്കം. എന്നാല്‍ പരിണിതപ്രജ്ഞനായ രാജു എബ്രഹാമിനൊപ്പമാണ് പത്തനംതിട്ടയിലെ ബഹുഭൂരിഭാഗം സഖാക്കളും. ജില്ലാ നേതൃത്വത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചാലും അത്ഭുതപ്പെടാനില്ല.
വലിയ വിമര്‍ശനമാണ് ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്നത്. ജില്ലയിലെ ബഹുജന സംഘടനകളുടെ നേതൃത്വത്തില്‍ ഇഷ്ടക്കാരെ അവരോധിക്കുകയും ഇവരെ പാര്‍ട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിനും ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്ന് മല്ലപ്പള്ളിയില്‍ നിന്നുള്ള പ്രതിനിധി വിമര്‍ശിച്ചു. ഇഷ്ടക്കാരെ തിരുകി കയറ്റി പാര്‍ട്ടി പിടിക്കുന്ന രീതി ഭരണകൂട ഭീകരത പോലെ ജില്ലാ നേതൃത്വം നടപ്പാക്കുകയാണ്. തിരുവല്ലയില്‍ വിഭാഗീയതയുടെ ജീര്‍ണത ബാധിച്ചവര്‍ വിഭാഗീയ താല്‍പര്യം സംരക്ഷിക്കാന്‍ പാര്‍ട്ടിക്കാകെ അപമാനമുണ്ടാക്കുന്ന നിലയില്‍ ഇടപെട്ടിരുന്നതായി പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തലുണ്ടായി. സംഘപരിവാര്‍ സംഘടനകളില്‍നിന്നും സിപിഎമ്മിലേക്ക് ചേക്കേറുന്നവരുടെ പശ്ചാത്തലം ഗൗരവതരമായി പരിശോധിക്കണമെന്ന് പ്രതിനിധി സമ്മേളനത്തിലെ ചര്‍ച്ചയ്ക്കിടെ ആവശ്യമുയര്‍ന്നു. ചര്‍ച്ചയ്ക്കിടെ ബഹളം ഉണ്ടാവുകയും ചെയ്തു. പ്രസീഡിയം ആവര്‍ത്തിച്ച് ഇടപെട്ടാണ് പ്രതിനിധികളെ ശാന്തരാക്കി സമ്മേളനം തുടര്‍ന്നത്. അടൂര്‍ ഏരിയ കമ്മിറ്റിയില്‍ നിന്നുള്ള മുതിര്‍ന്ന അംഗം അഭിപ്രായം പറഞ്ഞതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. ജില്ലയിലെ ബഹുജന സംഘടനകളുടെ ഭാരവാഹിത്വത്തില്‍ അടൂരില്‍ നിന്നുള്ളവരുടെ പ്രാതിനിധ്യം അഭിമാനകരമാണെന്നും ജില്ലയിലെ നേതൃത്വം അടൂരാണെന്നും ഇദ്ദേഹം പറഞ്ഞു.
അടൂരില്‍ നിന്നുള്ള മറ്റൊരു പ്രതിനിധി എഴുന്നേറ്റ് സമ്മേളനത്തിലെ ചര്‍ച്ച ഈ രീതിയില്‍ അല്ല നടക്കേണ്ടതെന്ന് വ്യക്തമാക്കി. ഇത് മറ്റ് ഏരിയകളിലെ പ്രതിനിധികളും ഏറ്റുപിടിച്ചതോടെ ബഹളമായി. അടൂര്‍ ജില്ലാ സമ്മേളനം എന്ന് കൂടി പറയൂ എന്ന് പ്രതിനിധികളില്‍ ചിലര്‍ വിളിച്ച് പറഞ്ഞു. ഇതുകേട്ടപ്പോള്‍ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ചിരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.