കടമ്പനാട്: ഗ്രാമപഞ്ചായത്തിലെ സാധു വിധവയുടെ ഏഴു മാസത്തെ പെന്‍ഷന്‍ സിപിഎം ലോക്കല്‍സെക്രട്ടറി കൈക്കലാക്കിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സമരം. സിപിഎം കടമ്പനാട് ലോക്കല്‍ സെക്രട്ടറി ആര്‍. രഞ്ജുവാണ് 12-ാം വാര്‍ഡില്‍ തുവയൂര്‍തെക്ക് പറങ്കിമാംവിള വീട്ടില്‍ കെ. ചന്ദ്രികയുടെ ഏഴു മാസത്തെ പെന്‍ഷന്‍ കൈവശം സൂക്ഷിച്ചിരുന്നത്. ഇവര്‍ പഞ്ചായത്തില്‍ മസ്റ്ററിങിന് ചെന്നപ്പോഴാണ് തന്റെ ഏഴു മാസത്തെ പെന്‍ഷന്‍ മറ്റാരോ ഒപ്പിട്ടു വാങ്ങിയെന്ന് ചന്ദ്രിക അറിയുന്നത്.

കടമ്പനാട് പി.ടി. 59ാം നമ്പര്‍ സഹകരണ സംഘം മുഖേനയാണ് പെന്‍ഷന്‍ വിതരണം ചെയ്തു കൊണ്ടിരുന്നത്. വിതരണത്തിന്റെ ചുമതല വഹിക്കുന്ന ആര്‍. രഞ്ജുവാണ്. തന്റെ പെന്‍ഷന്‍ ആരോ കൈവശപ്പെടുത്തിയെന്ന് മനസിലാക്കിയ ചന്ദ്രിക പഞ്ചായത്തില്‍ കഴിഞ്ഞ 11 ന് പരാതി നല്‍കി. പണി പാളിയെന്ന് മനസിലാക്കിയ രഞ്ജു 13-ാം തീയതി രാവിലെ ഏഴു മാസത്തെ പെന്‍ഷന്‍ തുക വീട്ടിലെത്തിച്ചു നല്‍കി. പണം കിട്ടിയതോടെ ചന്ദ്രിക പരാതിയുമായി മുന്നോട്ടു പോകുന്നതില്‍ വിമുഖത കാണിച്ചു.

പക്ഷേ, കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി പ്രക്ഷോഭം ഏറ്റെടുത്തു. അങ്ങനെയാണ് ഇന്നലെ പഞ്ചായത്ത് ഓഫീസ് ഉപരോധം സംഘടിപ്പിച്ചത്. കെ.പി.സി.സി സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. സഹകരണ സംഘം ജീവനക്കാരനും സിപിഎം കടമ്പനാട് ലോക്കല്‍ സെക്രട്ടറിയുമായ ആര്‍. രഞ്ചു അപേക്ഷക അറിയാതെ തിരിമറി നടത്തിയത് ഗുരുതരമായ ക്രമക്കേടാണെന്നും കടമ്പനാട് ഗ്രാമപഞ്ചായത്തില്‍ നിന്നും കഴിഞ്ഞ നാളുകളില്‍ കൊടുത്ത മുഴുവന്‍ പെന്‍ഷന്‍ തുക സംബന്ധിച്ചും സമഗ്രമായ വിജിലന്‍സ് അന്വേഷണം വേണമെന്നും ആശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസ് കടമ്പനാട്, മണ്ണടി മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയത്.

കടമ്പനാട് ഗ്രാമപഞ്ചായത്തിനെതിരെ നിരന്തരമായി ഉയര്‍ന്നുവരുന്ന ആരോപണങ്ങളും ആക്ഷേപങ്ങളും പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയാണ് സൂചിപ്പിക്കുന്നത്.പഞ്ചായത്ത് ഭരണസമിതിക്ക് ഈ അഴിമതിയില്‍ പങ്കില്ല എങ്കില്‍ പഞ്ചായത്ത് കമ്മിറ്റി കൂടി വിശദമായ അന്വേഷണത്തിന് നേതൃത്വം കൊടുക്കണമെന്നും അല്ലാത്ത പക്ഷം അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന സമീപനമാണ് പഞ്ചായത്ത് ഭരണസമിതി സ്വീകരിക്കുന്നതെന്ന് പഴകുളം മധു പറഞ്ഞു.

മണ്ണടി മണ്ഡലം പ്രസിഡന്റ് ജി. മനോജ് അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ഭാരവാഹികളായ ഏഴംകുളം അജു, ബിജിലി ജോസഫ്, ബ്ലോക്ക് പ്രസിഡന്റ് ബിജു വര്‍ഗീസ്, സി. കൃഷ്ണകുമാര്‍, എം ആര്‍ ജയപ്രസാദ്, മണ്ണടി പരമേശ്വരന്‍, റെജി മാമന്‍, ജോസ് തോമസ്, കെ .ജി ശിവദാസന്‍, വിമലമധു, ചാന്ദിനി, ഷിബു ബേബി, അഡ്വ.ഷാബു ജോണ്‍, മാനപ്പള്ളി മോഹനന്‍, ടി. പ്രസന്നകുമാര്‍, സാറാമ്മ ചെറിയാന്‍, എല്‍. ഉഷാകുമാരി, മണ്ണടി മോഹനന്‍, ജിനു കളിയ്ക്കല്‍, അരവിന്ദ് ചന്ദ്രശേഖര്‍, അനൂപ് മോഹന്‍, ഷീജ മുരളീധരന്‍, വിനീതാ സന്തോഷ്, എന്‍. ബാലകൃഷ്ണന്‍, ബാബുക്കുട്ടന്‍, ആര്‍.സുരേന്ദ്രന്‍ നായര്‍, മോഹനന്‍പാണ്ടി മലപ്പുറം, ജോസ് കടമ്പനാട്, സഹദേവന്‍ കോട്ടവിള, മണ്ണടി രാഘവന്‍, സുമ രാധാകൃഷ്ണന്‍, ലാല്‍ കുമാര്‍,വത്സമ്മാ രാജു, രാധാമോള്‍, രഞ്ജിത്, ശോഭനാകുമാരിപ്പിള്ള, ശ്രീകല, സുധ, ഹരീഷ്‌കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.