കൊച്ചി: പെരിയ ഇരട്ടകൊലപാതക്കേസില്‍ മേല്‍ക്കോടതിയെ സമീപിക്കാന്‍ സിപിഎം. കേസില്‍ സിപിഎം ഗൂഢാലോചന നടത്തിയെന്ന വാദം പൊളിഞ്ഞെന്നും പാര്‍ട്ടിക്ക് കൊലപാതകവുമായി ബന്ധമില്ലെന്നും. വിധി പരിശോധിച്ച് അപ്പീല്‍ നല്കണമോയെന്ന് തീരുമാനിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വ്യക്തമാക്കി. സിബിഐ കോടതിയുടെ വിധി അന്തിമം അല്ലെന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്റെ പ്രതികരണം.

'സിബിഐ ആദ്യം മുതല്‍ ശ്രമിച്ചത് സിപിഎം ഗൂഢാലോചന നടത്തി, അതിന്റെ ഭാഗമായി ഇരട്ടക്കൊലപാതകം നടന്നുവെന്ന് വരുത്തി തീര്‍ക്കാനാണ്. ഞങ്ങള്‍ അത് അന്നേ നിഷേധിച്ചതാണ്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സിപിഎമ്മിനെ ഈ കേസിന്റെ ഭാഗമാക്കാനായിരുന്നു ശ്രമം,' എംവി ഗോവിന്ദന്‍ വ്യക്തമാക്കി. പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതിന് അപ്പുറം സിബിഐക്ക് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രതി ചേര്‍ക്കപ്പെട്ട സിപിഎം നേതാക്കള്‍ക്കെതിരെ അന്നുതന്നെ നടപടിയെടുത്തിട്ടുണ്ടെന്നും ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

സിബിഐയുടെ ഗൂഢാലോചന വാദം പൊളിഞ്ഞു. സിബിഐ അടക്കം വന്ന് കൂടുതല്‍ പേരെ പ്രതിചേര്‍ത്തു. പാര്‍ട്ടിയെ കളങ്കപ്പെടുത്താനായിരുന്നു അത്തരത്തിലുള്ള നീക്കമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ചൂണ്ടിക്കാട്ടി. കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് പറഞ്ഞ സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന്‍, വിചാരണ കോടതി വിധി അന്തിമമല്ലെന്നും പറഞ്ഞു.

അതിനിടെ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍ സന്ദര്‍ശിച്ചു. സിബിഐ കോടതിയിലെത്തിയായിരുന്നു സന്ദര്‍ശനം. ശിക്ഷിക്കപ്പെട്ടവര്‍ കമ്മ്യൂണിസ്റ്റുകാരാണെന്നും, അതുകൊണ്ടാണ് കാണാന്‍ വന്നതെന്നും സി.എന്‍ മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'അവര്‍ കമ്മ്യൂണിസ്റ്റുകാരാണ്. അവരെ സന്ദര്‍ശിക്കുന്നതില്‍ അസ്വാഭാവികതയില്ല. കാര്യങ്ങള്‍ കോടതി തീരുമാനിക്കട്ടെ. ശിക്ഷാവിധിക്കെതിരെ അപ്പീല്‍ നല്‍കണമോയെന്നത് അവിടുത്തെ പാര്‍ട്ടി തീരുമാനിക്കും. പ്രതികള്‍ക്ക് തീര്‍ച്ചയായും പാര്‍ട്ടി പിന്തുണയുണ്ട്. അതില്‍ സംശയമില്ല, പാര്‍ട്ടി നേതാക്കന്മാരല്ലേ അവര്‍,' സി.എന്‍ മോഹനന്‍ പറഞ്ഞു.

കേസില്‍ പ്രമുഖ സിപിഎം നേതാക്കള്‍ ഉള്‍പ്പടെയുള്ള പ്രതികളാണ് ഇന്ന് ശിക്ഷിക്കപ്പെട്ടത്. ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കും 10,15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചത്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലെ സ്‌പെഷ്യല്‍ ജഡ്ജി എന്‍. ശേഷാദ്രിനാഥനാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്നും വധശിക്ഷ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നത്.