- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുണ്ടക്കൈയില്‍ സഹായം നിഷേധിച്ച കേന്ദ്രത്തിന്റേത് പകപോക്കല്‍ നിലപാട്; കേരളവും രാജ്യത്തിന്റെ ഭാഗം, നീതി നിഷേധിക്കാന്‍ പാടില്ല; കേന്ദ്രത്തിനെതിരെ നമ്മുടെ നാട്ടില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്ന് വരണം; വിമര്‍ശനം കടുപ്പിച്ചു മുഖ്യമന്ത്രി; എയര്‍ലിഫ്റ്റിന് ചെലവായ തുക തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടതും കേന്ദ്രത്തിനെതിരെ ആയുധമാക്കി സര്‍ക്കാര്‍
മുണ്ടക്കൈയില്‍ സഹായം നിഷേധിച്ച കേന്ദ്രത്തിന്റേത് പകപോക്കല്‍ നിലപാട്;
കാസര്‍കോട്: മുണ്ടക്കൈ ദുരന്തബാധിതര്‍ക്ക് ധനസഹായം വൈകുന്നതില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനം കടുപ്പിച്ചു കേരളം. മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവര്‍ ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരായ വിമര്‍ശനം കടുപ്പിക്കുകയാണ്. കേന്ദ്രം മനപ്പൂര്‍വ്വം സഹായം വൈകിപ്പിക്കുന്നു എന്ന വികാരത്താണ് സംസ്ഥാന സര്‍ക്കാര്‍. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിനെതിരായ വിമര്‍നം കടുപ്പിക്കുന്നത്.
മുണ്ടക്കൈ - ചൂരല്‍മല ദുരന്തത്തില്‍ സഹായം നിഷേധിച്ച കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവന്നു. ദുരന്തത്തില്‍ കേന്ദ്രം സഹായം നിഷേധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ഗവണ്‍മെന്റ് ഒരു പകപോക്കല്‍ നിലപാടാണ് കേരളത്തോട് കാണിക്കുന്നത്. ഒരു സംസ്ഥാനത്തോടും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണിത്. കേരളവും രാജ്യത്തിന്റെ ഭാഗമാണ്. നീതി നിഷേധിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി കാസര്‍കോട് പറഞ്ഞു.
കേന്ദ്രത്തിനെതിരെ നമ്മുടെ നാട്ടില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്ന് വരണമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് സാമ്രാജ്യത്വത്തിന് വിധേയപ്പെട്ടുവെന്നും നരേന്ദ്ര മോദി പറയുന്ന അതേ കാര്യങ്ങളാണ് രാഹുല്‍ ഗാന്ധിയും പറയുന്നതെന്നും പിണറായി പറഞ്ഞു. അതേസമയം, കേന്ദ്ര നടപടിക്കെതിരെ വിമര്‍ശനവുമായി മന്ത്രി പി രാജീവും രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി വയനാട്ടില്‍ സന്ദര്‍ശനത്തിന് വന്നതിന്റെ കാശു കൂടി കേരളം കൊടുക്കേണ്ടി വരുമോ എന്ന് മന്ത്രി പി രാജീവ് ചോദിച്ചു. കേന്ദ്രം സഹായിച്ചാലും ഇല്ലെങ്കിലും വയനാട്ടിലെ പുനരധിവാസവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകും.
ടൗണ്‍ഷിപ്പ് നിര്‍മ്മാണം എന്നതില്‍ നിന്ന് പിന്നോട്ടില്ല. രണ്ട് എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഉള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതിയുടെ ഉത്തരവ് ഉടന്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇത് അനുകൂലമായാല്‍ എസ്റ്റേറ്റ് ഏറ്റെടുത്ത് ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം വയനാട് മുണ്ടക്കൈ ദുരന്തത്തില്‍ സഹായമുണ്ടാവാത്തതിലും അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാത്തതിലും വിമര്‍ശനവും പ്രതിഷേധവും ശക്തമായിരിക്കെയാണ് ദുരന്തങ്ങളില്‍ എയര്‍ലിഫ്റ്റിന് ചെലവായ തുക കേരളം തിരിച്ചടയ്ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത്. ഈ വിഷയവും ആയുധമാക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്.
2019ലെ പ്രളയം മുതല്‍ മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനം വരെയുള്ളതിന്റെ തുകയാണ് അടയ്ക്കേണ്ടത്. മുണ്ടക്കൈ ദുരന്തം നടന്ന് നാലര മാസമായിട്ടും യാതൊരു സാമ്പത്തിക സഹായവും കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ല. ഇത്തരമൊരു സാഹചര്യം നിലനില്‍ക്കെയാണ് രക്ഷാപ്രവര്‍ത്തനത്തിന് കൂലി ചോദിച്ച് കേന്ദ്രം രംഗത്തെത്തിയിരിക്കുന്നത്. 2019ലെ പ്രളയം മുതല്‍ മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തിലേതു വരെ കേരളം 132 കോടി 62 ലക്ഷം രൂപ നല്‍കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. പണം അടിയന്തരമായി തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്ത് പുറത്തുവന്നു.
സഹായം ആവശ്യപ്പെട്ട് സര്‍ക്കാരും കേരളത്തിലെ എംപിമാരും നിവേദനം നല്‍കിയിട്ടും കേന്ദ്രത്തിന്റെ മനസ് അലിഞ്ഞിരുന്നില്ല. ഒക്ടോബര്‍ മാസം നല്‍കിയ കത്താണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പ്രളയകാലത്ത് അരിയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് അനുവദിച്ച തുക തിരിച്ചുനല്‍കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇതിനു പുറമെയാണ് പുതിയ കത്ത്.വയനാട് ദുരന്തത്തില്‍ ഏകദേശം 2300ലേറെ കോടി രൂപ പുനരധിവാസത്തിന് വേണമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
അടിയന്തരസഹായം ആവശ്യപ്പെട്ട കേരളം, ദുരന്തത്തെ എല്‍3 പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും അഭ്യര്‍ഥിച്ചിരുന്നു. ലോക്‌സഭയിലടക്കം ഇക്കാര്യത്തില്‍ പ്രതിപക്ഷ എംപിമാരില്‍നിന്ന് പ്രതിഷേധവും ഉയര്‍ന്നിരുന്നു. എന്നാല്‍ അതൊന്നും കണക്കിലെടുക്കാതെ അങ്ങോട്ട് പണം ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
അതിനിടെ, വയനാട് ദുരന്തത്തില്‍ ഹെലികോപ്റ്റര്‍ സേവനത്തിന് പണം ആവശ്യപ്പെട്ടത് സാധാരണ നടപടി മാത്രമാണെന്നാണ് മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിശദീകരിച്ചു. എല്ലാ സംസ്ഥാനങ്ങളോടും തുക ആവശ്യപ്പെടാറുണ്ടെന്നും ഹെലികോപ്റ്റര്‍ സേവനത്തിന് പണം ആവശ്യപ്പെട്ടത് സാധാരണ നടപടി മാത്രമാണെന്നും രാജീവ് ചന്ദ്രശേഖര്‍ എക്‌സില്‍ കുറിച്ചു. പിണറായി വിജയന്‍ സര്‍ക്കാര്‍ ഇത് വിവാദമാക്കുന്നതെന്തിനാണെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. എഐ ക്യാമറയും, ബ്രഹ്‌മപുരവും പോലുള്ള അഴിമതി കരാറുകള്‍ക്കായി കോടികള്‍ ചെലവഴിക്കുന്ന സര്‍ക്കാര്‍ വയനാടിലെ ജനങ്ങള്‍ക്കായി ഒന്നും നല്‍കാത്തത് എന്തുകൊണ്ടെന്നും മുന്‍ കേന്ദ്രമന്ത്രി ചോദിച്ചു.
എന്നാല്‍, ഹെലികോപ്റ്റര്‍ ഇറക്കിയതിന് പൈസ ചോദിച്ചത് വ്യാജ കഥയാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്നലെ പറഞ്ഞത്. കാല കാലങ്ങളായി നടക്കുന്ന പ്രവണതയാണ്. തെറ്റായ പ്രചാരണമാണ്. പത്ര വാര്‍ത്തകള്‍ വസ്തുത വിരുദ്ധമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. വിവിധ വകുപ്പുകള്‍ സഹായം നല്‍കുമ്പോള്‍ അതിനുള്ള പണം നല്‍കണം. കേരളത്തെ കേന്ദ്രം പിഴിയുന്നു എന്ന പച്ചകള്ളം കുറെയായി തുടരുന്നു. എല്ലാം ജനങ്ങളുടെ നികുതി പണമാണ്. ഒരു ഹെലികോപ്റ്റര്‍ ഇറങ്ങുമ്പോള്‍ പണം കൊടുക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.