കൊച്ചി: ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ തേടി പോകേണ്ട ഗതികേട് തങ്ങള്‍ക്കുണ്ടായിട്ടില്ലെന്ന് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ ഇപ്പോള്‍ പലരും മത്സരിക്കുകയാണ്. ഒരു ഘട്ടത്തിലും തങ്ങള്‍ അവര്‍ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

'യുഡിഎഫിനുള്ള പ്രചാരണ മെറ്റീരിയലുകള്‍ തയ്യാറാക്കുന്നതില്‍ പോലും ജമാ അത്തെ ഇസ്ലാമി വലിയ സംഭാവനയാണ് ചെയ്യുന്നത്. യുഡിഎഫിന്റെ പലവിധത്തിലുള്ള നുണ പ്രചരണങ്ങള്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ജമാ അത്തെ എടുത്തുപയോഗിക്കുന്നു', മുഖ്യ മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷഭാഷയില്‍ രംഗത്തെത്തിയിരുന്നു. ഭൂരിഭാഗം മുസ്ലിങ്ങളും അംഗീകരിക്കാത്ത ജമാഅത്തെ ഇസ്ലാമിയുമായി നാല് വോട്ടിന് വേണ്ടി യുഡിഎഫ് സഖ്യമുണ്ടാക്കുകയാണെന്നായിരുന്നു വിമര്‍ശനം.

'ജമാഅത്തെ ഇസ്ലാമി കേരളത്തിന്റെ മതേതരത്വത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്ന് പറയാന്‍ സാധിക്കില്ല. ഈ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുമായി പരസ്യമായി സഖ്യത്തിന് തയ്യാറായിരിക്കുകയാണ് യുഡിഎഫും കോണ്‍ഗ്രസും. കേരളത്തിലെ മുസ്ലിം ജനങ്ങളില്‍ പ്രധാനപ്പെട്ട വിഭാഗങ്ങള്‍ സുന്നി, മുജാഹിദ് ആണ്. അത് കഴിഞ്ഞാല്‍ നാമമാത്രമായവരാണ് ബാക്കിയുളളത്. ഇവര് അംഗീകരിക്കാത്ത കൂട്ടരാണ് ജമാഅത്തെ ഇസ്ലാമി.

ജമാഅത്തെ ഇസ്ലാമി മറ്റ് വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പോലെയല്ല പ്രവര്‍ത്തിക്കുന്നത്. അവരുമായി കൂട്ടുപിടിക്കുക എന്നത് ആത്മഹത്യാപരമായ നിലപാടാണ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം. യുഡിഎഫിന് വോട്ട് ചെയ്യുന്ന മുസ്ലിങ്ങള്‍ക്ക് ജമാഅത്തെ ഇസ്ലാമി മുന്നോട്ടുവയ്ക്കുന്ന നയവും രാഷ്ട്രീയവും ഉള്‍ക്കൊളളാന്‍ കഴിയില്ല. എന്നിട്ടും നാല് വോട്ട് കിട്ടുമെങ്കില്‍ അതിന് വേണ്ടി ജമാഅത്തെ ഇസ്ലാമിയുമായി അവിശുദ്ധ സഖ്യത്തിന് കോണ്‍ഗ്രസ് തയ്യാറായി', മുഖ്യമന്ത്രി പറഞ്ഞു.