ആലപ്പുഴ: ' മലപ്പുറം' വിവാദ പരാമര്‍ശത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും വെള്ളാപ്പള്ളി നടേശനും ഇന്ന് ഒരേ വേദിയില്‍. വെള്ളാപ്പള്ളി നടേശന് നല്‍കുന്ന സ്വീകരണ ചടങ്ങിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക. എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തിയതിന്റെ മുപ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ചേര്‍ത്തല യൂണിയനാണ് പരിപാടി സംഘടിപ്പിക്കുന്നത്. മലപ്പുറത്തിന് എതിരായ വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസംഗത്തിന് എതിരായി വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കുന്നത്. മന്ത്രിമാരായ പി രാജീവ്, സജി ചെറിയാന്‍, പി പ്രസാദ്, വി എന്‍ വാസവന്‍ എന്നിവരും പങ്കെടുക്കും. വിവാദങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. മൂന്ന് മണിക്ക് ചേര്‍ത്തലയിലാണ് പരിപാടി.

മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി കടപ്പുറത്തെ വ്യാപാര സ്ഥാപനങ്ങള്‍ ഇന്ന് മുഴുവന്‍ സമയം അടച്ചിടണമെന്ന് പോലീസ് നോട്ടീസ് നല്‍കിയതും വിവാദമായി. അതേസമയം, എസ്എന്‍ഡിപി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് കരിദിനാചരണം നടത്തും. കൊല്ലത്ത് എസ്എന്‍ഡിപി യോഗം ആസ്ഥാനത്തേക്ക് ധര്‍ണ നടത്തുന്ന പ്രവര്‍ത്തകര്‍ കഞ്ഞി വയ്പ്പ് സമരവും സംഘടിപ്പിക്കും. യോഗം ജനറല്‍ സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശന്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സ്വീകരണം നടക്കുന്ന ദിവസം തന്നെയാണ് പ്രതിഷേധം. ചേര്‍ത്തലയിലെ സ്വീകരണ പരിപാടിയില്‍ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടുനില്‍ക്കണമെന്ന് എസ്എന്‍ഡിപി സംരക്ഷണ സമിതി ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സമ്മര്‍ദ്ദത്തിലാക്കി സിപിഎമ്മിന്റെ വോട്ടുബാങ്കിലെ ശക്തരായ കാന്തപുരം വിഭാഗവും മഹാസംഗമത്തിന് എതിരെ രംഗത്തെത്തിയിരുന്നു. സമസ്ത കാന്തപുരം വിഭാഗം മുഖപത്രമാണ് വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇതോടൊപ്പം വെള്ളാപ്പള്ളിയുടെ സ്വീകരണ പരിപാടിയില്‍ നിന്ന് പിണറായി വിട്ടു നില്‍ക്കണമെന്ന് സിറാജ് പത്രത്തിലെ മുഖപ്രസംഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഒരു ജില്ലയിലെ മുസ്ലിംകളെയാകെ ഇകഴ്ത്തുകയും അക്രമകാരികളും വര്‍ഗീയവാദികളുമായി മുദ്രകുത്തുകയും ചെയ്ത വെളളാപ്പള്ളിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും മുഖപ്രസംഗത്തില്‍ തുറന്നടിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായിയും മന്ത്രിമാരായ പി പ്രസാദും പി രാജൂവും വി എന്‍ വാസവനും മതേതര കേരളത്തിന്റെ വികാരം മാനിച്ചു പരിപാടിയില്‍ നിന്നും പിന്മാറുകയാണ് വേണ്ടതെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു. മലപ്പുറം ജില്ലാ രൂപവത്കരണ കാലംതൊട്ടേ, അഞ്ചര പതിറ്റാണ്ടായി കേട്ടുവരുന്നതും കേരളീയ സമൂഹം ചവച്ചുതുപ്പിയതുമായ ആരോപണങ്ങളുടെ ആവര്‍ത്തനമാണ് വെള്ളാപ്പള്ളിയും നടത്തിയതെന്നും കാന്തപുരം വിഭാഗം മുഖപത്രത്തില്‍ പറയുന്നു.

എന്നാല്‍ മതമൈത്രിയുടെയും സൗഹൃദത്തിന്റെയും കഥകള്‍ മാത്രമേ എക്കാലവും മലപ്പുറത്തിനു പറയാനുള്ളൂ. മുസ്ലിംകള്‍ ഇതര മതസ്ഥരുമായും മറിച്ചും അതീവ സൗഹാര്‍ദത്തിലാണ് ജില്ലയില്‍ ജീവിച്ചു വരുന്നത്. എന്നാല്‍ മലപ്പുറത്ത് വന്ന് ജില്ലക്കെതിരെ കടുത്ത വര്‍ഗീയ വിദ്വേഷ പ്രസംഗം നടത്തിയിട്ടും വെള്ളാപ്പള്ളിയെ ആരും കയ്യേറ്റം ചെയ്തില്ല. ശാരീരികമായി ഉപദ്രവിച്ചില്ല. അതല്ല മലപ്പുറത്തിന്റെ പൈതൃകം. ഉത്തര്‍ പ്രദേശിലോ ഗുജറാത്തിലോ ചെന്ന് ആ സംസ്ഥാനത്തെയും നാട്ടുകാരെയും അധിക്ഷേപിച്ചു സംസാരിക്കാന്‍ ആരെങ്കിലും തുനിഞ്ഞാല്‍ ജീവനോടെ തിരിച്ചുപോരാന്‍ കഴിയുമോ എന്നും മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.

മഹാസംഗമം 3.30ന്

എസ്എന്‍ഡിപി യോഗം നേതൃത്വത്തില്‍ മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആദരവൊരുക്കാന്‍ ചേര്‍ത്തല യൂണിയന്‍ സംഘടിപ്പിക്കുന്ന മഹാസംഗമം വെള്ളിയാഴ്ച ചേര്‍ത്തല ശ്രീനാരായണ മെമ്മോറിയല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയിലാണ് നടക്കുന്നത്. പകല്‍ 3.30ന് ചേര്‍ത്തല എക്സ്റേ കവലയില്‍നിന്ന് തുറന്നവാഹനത്തില്‍ വെള്ളാപ്പള്ളിയെ സ്വീകരിച്ച് ആനയിക്കും. നാലിന് മഹാസംഗമവും സ്വീകരണവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി അനുമോദിക്കും.

മന്ത്രി പി പ്രസാദ് അധ്യക്ഷനാകും. 'ഒരുവീട്ടില്‍ ഒരു വ്യവസായം 'പദ്ധതി മന്ത്രി പി രാജീവ് ഉദ്ഘാടനംചെയ്യും. മന്ത്രി വി എന്‍ വാസവന്‍ ഗുരുസന്ദേശംനല്‍കും. മന്ത്രി സജി ചെറിയാന്‍ മുഖ്യപ്രഭാഷണം നടത്തും. എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി സംഘടനാ സന്ദേശം നല്‍കും. ആയിരങ്ങളെ ഉള്‍ക്കൊള്ളാനാകുന്ന കൂറ്റന്‍ പന്തലിലാണ് സംഗമവേദി. സംഗമത്തിന് മുന്നോടിയായി പ്രാദേശികതലത്തില്‍ കലാസാഹിത്യ-കായിക മത്സരങ്ങള്‍, മെഗാതിരുവാതിര, ചരിത്രസെമിനാര്‍, വിളംബരഘോഷയാത്ര തുടങ്ങിയവ സംഘടിപ്പിച്ചു.