- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പൊന്നുമോനേ അഷറഫേ ഏതെങ്കിലും തമ്പുരാന്റെ വാക്ക് കേട്ട് മണ്ണാര്‍ക്കാട് അങ്ങാടിയില്‍ ഇറങ്ങിയാല്‍ രണ്ട് കാല് കുത്തി നടക്കില്ല'; പിണറായിയുടെ വിശ്വസ്തനെ ആര്‍ഷോ വെല്ലുവിളിക്കുന്നത് ഇങ്ങനെ; കെടിഡിസി ചെയര്‍മാനെതിരെ പാലക്കാട്ടെ സിപിഎം ഒറ്റക്കെട്ട്; ഇനി അറിയേണ്ടത് പാര്‍ട്ടിയില്‍ വെട്ടുവീഴുക ആര്‍ക്കെന്ന്?
പാലക്കാട്: മണ്ണാര്‍ക്കാട് സിപിഐഎം പാര്‍ട്ടി ഓഫീസിലേക്ക് പടക്കം എറിഞ്ഞത് തമാശയ്ക്കെന്ന് പ്രതി അഷ്റഫ്. സിപിഐഎം നേതാക്കളായ മന്‍സൂറിനും ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ശ്രീരാജിനും ഒപ്പം സംസാരിക്കുന്നതിനിടെ വെല്ലുവിളിച്ചപ്പോള്‍ ചെയ്തതാണെന്നും അഷ്റഫ് പ്രതികരിച്ചു. കഴിഞ്ഞ ദിവസം രാത്രി 8.55നാണ് സംഭവം. ബൈക്കിലെത്തിയ പ്രതി ഓഫീസിന് മുന്നിലെത്തി മാലപ്പടക്കം പൊട്ടിച്ച് കടന്നുകളയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. അതേസമയം പിടിയിലായ അഷ്റഫ് പ്രവര്‍ത്തകനല്ലെന്ന് സിപിഎം. സിപിഎം പ്രവര്‍ത്തകനായ അഷ്‌റഫിനെ പി.കെ ശശി അനുകൂലിയായാണ് പാര്‍ട്ടി നേതാക്കള്‍ വിശേഷിപ്പിക്കുന്നത്. കലാപശ്രമം, അനധികൃതമായി സ്‌ഫോടക വസ്തുക്കള്‍ കൈവശം വയ്ക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സിപിഎമ്മില്‍ സംഘര്‍ഷം ഉണ്ടാക്കാനാണ് അഷ്റഫ് പടക്കം എറിഞ്ഞതെന്ന് എന്ന് എഫ്‌ഐആര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തരില്‍ ഒരാളായിരുന്നു ശശി. പാര്‍ട്ടി അച്ചടക്ക നടപടി എടുത്തിട്ടും ശശിയെ കെടിഡിസി തലപ്പത്തു നിന്നും മുഖ്യമന്ത്രി മാറ്റിയിരുന്നില്ല.
സിപിഎം പ്രാദേശിക നേതാക്കള്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സിപിഎം നേതാവും കെടിഡിസി ചെയര്‍മാനുമായ പി.കെ.ശശി രംഗത്ത് എത്തിയിരുന്നു. മണ്ണാര്‍ക്കാട് നഗരസഭയുടെ ആയുര്‍വേദ ഡിസ്‌പെന്‍സറി ഉദ്ഘാടന ചടങ്ങിലായിരുന്നു ശശിയുടെ പരാമര്‍ശം. 'കൊച്ചി പഴയ കൊച്ചിയല്ലെങ്കിലും ബിലാല്‍ പഴയ ബിലാല്‍ തന്നെയെന്ന്' പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്. നിയമസഭ പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിലായിരുന്നു ശശിയുടെ ആവേശകരമായ പ്രസംഗം. അച്ചടക്ക നടപടിയുടെ ഭാഗമായി പി.കെ.ശശിയെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു. ആയുര്‍വേദ ആശുപത്രി ഉദ്ഘാടന ചടങ്ങിലേക്ക് പി.കെ.ശശിയെ വിളിച്ചതില്‍ സിപിഎമ്മില്‍ മുറുമുറുപ്പുണ്ടായിരുന്നു. പുറത്തേക്ക് പ്രകടിപ്പിച്ചില്ലെങ്കിലും പ്രാദേശിക നേതൃത്വം ചടങ്ങില്‍നിന്നു വിട്ട് നില്‍ക്കുമെന്ന് ആദ്യം പ്രചാരണമുണ്ടായിരുന്നു. പിന്നീട് നിലപാട് മാറ്റി. മണ്ണാര്‍ക്കാട്ടെ പൊതുസമൂഹത്തോടു തനിക്കുള്ള ബന്ധം ആകാശം ഉള്ളിടത്തോളം കാലം ഒരു ശക്തിക്കും മുറിച്ചു കളയാന്‍ കഴിയില്ലെന്ന ആത്മവിശ്വാസത്തോടെയാണ് ഈ ചടങ്ങില്‍ പങ്കെടുക്കുന്നതെന്ന് ശശി പറഞ്ഞു.
ശശിക്ക് എതിരെ പാലക്കാട് സിപിഎം പ്രകടനം നടത്തി. ബിലാലുമാരുടെ ചെരിപ്പ് നക്കികള്‍ ഞങ്ങടെ നേരെ പോരിന് വന്നാല്‍ തച്ച് തകര്‍ക്കും സൂക്ഷിച്ചോ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മുഴക്കിയത്. മണ്ണാര്‍ക്കാട് നഗരത്തിലാണ് പ്രകടനം നടത്തിയത്. ഇതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി എസ് എഫ് ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ രംഗത്ത് എത്തി 'പൊന്നുമോനേ അഷറഫേ ഏതെങ്കിലും തമ്പുരാന്റെ വാക്ക് കേട്ട് മണ്ണാര്‍ക്കാട് അങ്ങാടിയില്‍ ഇറങ്ങിയാല്‍ രണ്ട് കാല് കുത്തി നടക്കില്ല' ആര്‍ഷോ പറഞ്ഞു. അങ്ങനെ വിവാദം പല തലത്തിലെത്തുകയാണ്. ശശിയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്തുവെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആര്‍ഷോ അടക്കം രംഗത്തു വരുന്നത്. അതിനിടെ ശശിയെ യുഡിഎഫില്‍ എടുക്കുന്നതിനെ യൂത്ത് കോണ്‍ഗ്രസും രംഗത്തു വന്നിട്ടുണ്ട്. ഇതിനിടെയാണ് സിപിഎം ഓഫീസ് ആക്രമണത്തില്‍ പ്രതിയുടെ വിചിത്ര വിശദീകരണം പുറത്തു വന്നത്.
'ഇത്ര വലിയ പ്രശ്നമാകുമെന്ന് പ്രതീക്ഷിച്ചില്ല. മുമ്പ് പി കെ ശശിയുടെ ഡ്രൈവറായിരുന്നു. ശശിയെ സ്നേഹിക്കുന്ന വ്യക്തിയാണ്. പക്ഷേ അദ്ദേഹത്തിന് സംഭവവുമായി ബന്ധമില്ല. മന്‍സൂറിനും ശ്രീരാജിനും ഒപ്പം ഇരുന്ന് സംസാരിച്ച കാര്യങ്ങള്‍ ഉള്‍പ്പെടെ പൊലീസിന് മൊഴിയായി നല്‍കിയിട്ടുണ്ട്', അഷ്റഫ് പറഞ്ഞു. എന്നാല്‍ അഷ്റഫിന്റെ വാദങ്ങള്‍ മണ്ണാര്‍ക്കാട് പൊലീസ് തള്ളി. മന്‍സൂര്‍, ശ്രീരാജ് എന്നിവര്‍ക്കൊപ്പം ഉണ്ടായിരുന്ന കാര്യം പ്രതി മൊഴി നല്‍കിയിട്ടില്ല. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു. ഭാരതീയ ന്യായ് സംഹിത സെക്ഷന്‍ 288, 192, ഇന്ത്യന്‍ എക്‌സ്‌പ്ലോസീവ് ആക്ടിലെ 9(b)1(b) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കെടിഡിസി ചെയര്‍മാന്‍ പികെ ശശിയുടെ മുന്‍ ഡ്രൈവറാണ് അറസ്റ്റ് ചെയ്ത വ്യക്തിയെന്നും ഇന്നലെ ആക്രമണം നടന്ന സമയത്ത് അഷ്‌റഫ് മദ്യപിച്ച് സ്വബോധമില്ലാത്ത നിലയിലായിരുന്നു. നാളെ ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം അവന്റെ തലയ്ക്ക് വല്ല വെളിവും ഉണ്ടെങ്കില്‍ ഇങ്ങനെ ചെയ്യില്ലെന്നും അയാള്‍ക്ക് സിപിഎമ്മുമായി ഒരു ബന്ധവുമില്ലെന്നും ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു പ്രതികരിച്ചു. ലീഗ് ഭരണമുള്ള മണ്ണാര്‍ക്കാട് നഗരസഭയിലെ പരിപാടിയില്‍ സി പി എമ്മിനെയും ഡിവൈഎഫ്‌ഐയെയും വെല്ലുവിളിച്ച് പികെ ശശി നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് ഈ സംഭവം. മണ്ണാര്‍ക്കാട് സജീവ സാന്നിധ്യമായി ഉണ്ടാകുമെന്ന് പറഞ്ഞ പികെ ശശിയുടെ ബിഗ്ബി സിനിമയിലെ ഡയലോഗാണ് നേതൃത്വത്തില്‍ പുകച്ചിലുണ്ടാക്കിയത്. പാലക്കാട്ടെ സിപിഎം നേതൃത്വം ഒന്നടങ്കം പികെ ശശിക്ക് എതിരാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ നിലപാട് എന്തെന്ന് ആര്‍ക്കും അറിയില്ല.
പാര്‍ട്ടി അച്ചടക്ക നടപടി എടുത്തിട്ടും കെടിഡിസിയില്‍ നിന്നും ശശിയെ മാറ്റിയില്ല. പാര്‍ട്ടിയിലെ പല കോണുകളും ഇക്കാര്യത്തില്‍ അതൃപ്തരായിരുന്നു. പക്ഷേ പിണറായിയുടെ നിലപാട് ശശിക്ക് അനുകൂലമായിരുന്നു. ഇപ്പോഴത്തെ വിവാദത്തില്‍ പിണറായി എന്തു നിലപാട് എടുക്കുമെന്നതാണ് നിര്‍ണ്ണായകം. ശശിയെ കെടിഡിസിയില്‍ നിന്നും മാറ്റാന്‍ സിപിഎം ജില്ലാ ഘടകം വീണ്ടും ആവശ്യപ്പെട്ടേക്കും.