- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കേരളത്തില്‍ വെള്ളാപ്പള്ളിക്ക് മാത്രമാണ് വോട്ടെങ്കില്‍ പിണറായി മുഖ്യമന്ത്രിയാകും'; വെള്ളാപ്പള്ളി ഒരു സമുദായത്തെ അങ്ങേയറ്റം മോശമാക്കി പറഞ്ഞ് വിഭാഗീയത സൃഷ്ടിക്കുന്നയാള്‍; യഥാര്‍ത്ഥ അയ്യപ്പ ഭക്തര്‍ ആരും സംഗമത്തില്‍ പങ്കെടുത്തില്ലെന്ന് പി.എം.എ സലാം
'കേരളത്തില്‍ വെള്ളാപ്പള്ളിക്ക് മാത്രമാണ് വോട്ടെങ്കില്‍ പിണറായി മുഖ്യമന്ത്രിയാകും'
മലപ്പുറം: ആഗോള അയ്യപ്പ സംഗമത്തില്‍ വിമര്‍ശനവമായി മുസ്ലിംലീഗ്. ആഗോള അയ്യപ്പ സംഗമം വിശ്വാസ വഞ്ചനയാണെന്നും ഇത് ജനങ്ങള്‍ തിരിച്ചറിഞ്ഞതിനാലാണ് പരിപാടി ദയനീയമായി പരാജയപ്പെട്ടതെന്നും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എംഎ സലാം പറഞ്ഞു. മുങ്ങി താഴുന്ന സര്‍ക്കാര്‍ നടത്തുന്ന പിടച്ചിലാണ് ഇപ്പോള്‍ കാണുന്നതെന്നും യഥാര്‍ത്ഥ അയ്യപ്പ ഭക്തര്‍ ആരും സംഗമത്തില്‍ പങ്കെടുത്തില്ലെന്നും അദ്ദേഹം മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അയ്യപ്പ സംഗമം കേരളത്തിലെ ജനങ്ങളെ വിഡ്ഢിയാക്കുന്ന ഏര്‍പ്പാടാണ്. സര്‍ക്കാര്‍ ഇറങ്ങിപ്പോകുന്ന സമയത്ത് കളിച്ച ഒരു നാടകമാണിത്. വിഭാഗീയത സൃഷ്ടിച്ച് വര്‍ഗീയത കത്തിക്കാനുള്ള നീക്കമാണിത്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണമെടുത്താണ് ഇതിനെല്ലാം വേണ്ടി ധൂര്‍ത്ത് അടിക്കുന്നത്. അയ്യപ്പ സംഗമം ദയനീയ പരാജയമാണ്.
കേരളത്തില്‍ വെള്ളാപ്പള്ളിക്ക് മാത്രമേ വോട്ടുള്ളൂവെങ്കില്‍ പിണറായി മുഖ്യമന്ത്രിയാവും. ജനങ്ങള്‍ക്കാകെ വോട്ടുണ്ടെങ്കില്‍ പിണറായി എവിടെയെത്തുമെന്ന് കണ്ടറിയാമെന്നും പിഎംഎ സലാം പറഞ്ഞു.യു.ഡി.എഫില്‍ നിന്ന് വിരുദ്ധമായ ഒരു നിലപാടും മുസ്ലീം ലീഗിനില്ല. ഞങ്ങള്‍ നടത്തുന്ന വികസന സദസ് സര്‍ക്കാര്‍ വികസന സദസല്ല. സര്‍ക്കാര്‍ വികസന സദസിന്റെ പൊള്ളത്തരം തുറന്നു കാണിക്കുന്ന സദസാണ് യു.ഡി.എഫ് നടത്തുക.
വെള്ളാപ്പള്ളി ഒരു സമുദായത്തെ അങ്ങേയറ്റം മോശമാക്കി പറഞ്ഞ് വിഭാഗീയത സൃഷ്ടിക്കുകയാണ്. അങ്ങനെ പറയുന്ന ആളെ ആകാശത്തോളം ഉയര്‍ത്തി ശ്രീനാരായണ ഗുരുവിനോളം ഉയര്‍ത്തിയാണ് മുഖ്യമന്ത്രി പുകഴ്ത്തുന്നത്. മുഖ്യമന്ത്രി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ആണ് വെള്ളാപ്പള്ളി ഇങ്ങനെ എല്ലാം പറയുന്നതെന്നും പിഎംഎ സലാം പറഞ്ഞു.
ശബരിമല വികസനത്തിന് 18 അംഗ സമിതി പ്രഖ്യാപിച്ചാണ് ആഗോള അയ്യപ്പ സംഗമത്തിന് സമാപനമായത്. മാറുന്ന കാലത്തിനനുസരിച്ച് ഉയര്‍ന്നു ചിന്തിക്കുന്നത് കൊണ്ടാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പറഞ്ഞു. എന്‍ എസ് എസും എസ് എന്‍ ഡി പിയും ഉള്‍പ്പെടെ ഹൈന്ദവ സമുദായ സംഘടനാ നേതാക്കളുടെ സാന്നിധ്യം പരിപാടിയുടെ രാഷ്ട്രീയ വിജയത്തിന്റെ സൂചനയെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍.
കൈതപ്രത്തിന്റെ അയ്യപ്പശ്ലോകത്തോടെയാണ് ആഗോള അയ്യപ്പ സമ്മേളനത്തിന് തുടക്കമായത്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആശംസാ സന്ദേശം ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍ അഭിമാനപൂര്‍വം വേദിയില്‍ വായിക്കുകയായിരുന്നു. ശബരിമല വികസനത്തിലൂന്നി ഉദ്ഘാടന പ്രസംഗം നടത്തിയ മുഖ്യമന്ത്രി ഭക്തി ഒരു പരിവേഷമായി അണിയുന്നവര്‍ അയ്യപ്പ സംഗമം തടയാന്‍ ശ്രമിച്ചെന്ന വിമര്‍ശനവും ഉയര്‍ത്തി. പിണറായി വിജയന്‍ നല്ല ഭക്തനാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ കാറിലാണ് വെള്ളാപ്പള്ളി വേദിയിലെത്തിയത്.
തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ ശേഖര്‍ ബാബുവും പളനിവേല്‍ ത്യാഗരാജനും മാത്രമാണ് സംസ്ഥാനത്തിനു പുറത്തു നിന്ന് പരിപാടിക്കെത്തിയ മന്ത്രിമാര്‍. പ്രസംഗിക്കാന്‍ ക്ഷണിക്കാന്‍ വൈകിയെന്ന കാരണത്താല്‍ പളനിവേല്‍ ത്യാഗരാജന്‍ വേദിയില്‍ നിന്ന് ഇറങ്ങി പോകാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. വിവാദങ്ങളെ തുടര്‍ന്ന് സന്നിധാനത്തു നിന്ന് മാറ്റി നിര്‍ത്തപ്പെട്ട കണ്ഠരര് മോഹനനും അയ്യപ്പ സംഗമ വേദിയിലെ അയ്യപ്പവിഗ്രഹത്തിന് മുന്നിലെ വിളക്ക് തെളിയിക്കാനുള്ളവരുടെ കൂട്ടത്തിലുണ്ടായിരുന്നു.
ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന 18 അംഗ സമിതി അയ്യപ്പ സംഗമത്തിലുരുത്തിരിഞ്ഞ വികസന പദ്ധതികള്‍ നടപ്പാക്കുമെന്നാണ് ദേവസ്വം മന്ത്രിയുടെ പ്രഖ്യാപനം. കൂടാതെ അടുത്തമാസം രാഷ്ട്രപതി ശബരിമല സന്ദര്‍ശിക്കുമെന്നും ഇതുസംബന്ധിച്ച ആശയവിനിമയം രാഷ്ട്രപതി ഭവന്‍ നടത്തിയതായും അദ്ദേഹം പറഞ്ഞു. തീയതി സംബന്ധിച്ച് പിന്നീട് വ്യക്തത ഉണ്ടാക്കും.