- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വി.മുരളീധരന്‍, കെ.സുരേന്ദ്രന്‍, പി.രഘുനാഥ് എന്നിവര്‍ ബിജെപിയിലെ കുറുവാ സംഘം, ഇവരെ പുറത്താക്കൂ, ബിജെപിയെ രക്ഷിക്കൂ': ഉള്‍പാര്‍ട്ടി കലഹത്തിനിടെ കോഴിക്കോട്ട് നേതാക്കള്‍ക്കെതിരെ പോസ്റ്ററുകള്‍; എഴുതി തയ്യാറാക്കിയ പോസ്റ്ററുകള്‍ 'സേവ് ബിജെപിയുടെ പേരില്‍
ബിജെപി സംസ്ഥാന നേതാക്കള്‍ക്ക് എതിരെ കോഴിക്കോട്ട് പോസ്റ്റര്‍
കോഴിക്കോട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ ബിജെപിയില്‍ കലഹം മൂര്‍ച്ഛിച്ചിരിക്കെ, പ്രമുഖ നേതാക്കള്‍ക്കെതിരെ കോഴിക്കോട്ട് പോസ്റ്റര്‍. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍, ബിജെപിയിലെ കുറുവാ സംഘം എന്നാണ് ആരോപിക്കുന്നത്.
സേവി ബിജെപി എന്ന പേരിലാണ് പോസ്റ്ററുകള്‍. ബിജെപി നേതാക്കളായ കെ.സുരേന്ദ്രന്‍, വി.മുരളീധരന്‍, പി.രഘുനാഥ് എന്നിവര്‍ക്കെതിരെയാണു പോസ്റ്ററുകള്‍. 'വി.മുരളീധരന്‍, കെ.സുരേന്ദ്രന്‍, പി.രഘുനാഥ് എന്നിവര്‍ ബിജെപിയിലെ കുറവാ സംഘം, ഇവരെ പുറത്താക്കൂ, ബിജെപിയെ രക്ഷിക്കൂ' എന്നാണ് പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്.
ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിന്റെ ബോര്‍ഡിനു മുകളിലും പോസ്റ്റര്‍ പതിപ്പിച്ചിട്ടുണ്ട്. എഴുതി തയാറാക്കിയ പോസ്റ്ററുകള്‍ കഴിഞ്ഞ രാത്രിയാണ് ഒട്ടിച്ചതെന്നാണു വിവരം. കഴിഞ്ഞദിവസം സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ ബിജെപിയില്‍ പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പോസ്റ്റര്‍ പ്രതിഷേധം.
ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരുന്നുണ്ട്. സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് യോഗത്തിന്റെ മുഖ്യ അജണ്ട. എന്നാല്‍ പാലക്കാട്ടെ ദയനീയ പരാജയവും യോഗത്തില്‍ ഉന്നയിക്കാനുളള നീക്കമാണ് പാര്‍ട്ടിയിലെ കെ സുരേന്ദ്രന്‍ വിരുദ്ധ ചേരി നടത്തുന്നത്. സുരേന്ദ്രന്‍ രാജി വയ്ക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്ന് സുരേന്ദ്രനും പറയുന്നു. കേന്ദ്ര നേതൃത്വത്തെ സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചതു പോലും നാടകമാണെന്ന വിലയിരുത്തലാണ് മറുപക്ഷം.
തിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് സംസ്ഥാന അധ്യക്ഷന്‍ വിശദീകരണം നല്‍കും. തോല്‍വിയുടെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നെന്നും ഒളിച്ചോടില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്തം തനിക്കുണ്ടെന്നും കേന്ദ്ര നേതൃത്വം പറഞ്ഞാല്‍ രാജി വെക്കുമെന്നുമായിരുന്നു കെ സുരേന്ദ്രന്‍ ഇന്നലെ വ്യക്തമാക്കിയതും. അതേസമയം കെ. സുരേന്ദ്രനെ മാറ്റിയാല്‍ ആര് പാര്‍ട്ടി അദ്ധ്യക്ഷനാകും എന്ന ചോദ്യവും അവശേഷിക്കുന്നുണ്ട്. വീണ്ടും അധ്യക്ഷനാകാന്‍ ഇല്ലെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരനും വ്യക്തമാക്കിയിരുന്നു. തോല്‍വിക്ക് പിന്നാലെ പല നേതാക്കളും സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്തെത്തുന്നുണ്ട്. എന്നാല്‍ കെ സുരേന്ദ്രന്‍ രാജി വെക്കുമെന്ന വാര്‍ത്തകള്‍ കേന്ദ്ര നേതൃത്വവും തള്ളയിട്ടുണ്ട്. പാലക്കാട്ടെ തെരഞ്ഞെടുപ്പില്‍ 33 ബൂത്തുകളില്‍ 100 ല്‍ താഴെ മാത്രം വോട്ടു കിട്ടിയതും ചര്‍ച്ചയായേക്കും.
ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ ഏതാണ്ട് 4000ല്‍പ്പരം വോട്ടുകള്‍ക്ക് യുഡിഎഫ് മുന്നിലെത്തിയിരുന്നു. കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പിലും രണ്ടാം സ്ഥാനത്തായിരുന്നു ബിജെപി. ഇത്തവണയും രണ്ടാം സ്ഥാനത്താണെങ്കിലും പതിനായിരത്തോളം വോട്ടുകളാണ് ബിജെപിക്ക് കുറവുണ്ടായത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ച മണ്ഡലമാണ് പാലക്കാട്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 3000ല്‍പ്പരം വോട്ടുകള്‍ക്കാണ് ഷാഫി പറമ്പില്‍ വിജയിച്ചത്. പാലക്കാട് ശോഭ സുരേന്ദ്രന്‍ അടക്കം പല പേരുകളും ഉയര്‍ന്നു കേട്ടിരുന്നെങ്കിലും, പാര്‍ട്ടി സംസ്ഥാന നേതൃത്വം സി കൃഷ്ണകുമാറിനായി ഉറച്ചു നില്‍ക്കുകയായിരുന്നു.
കെ സുരേന്ദ്രന്‍ അടക്കം സംസ്ഥാന നേതൃത്വം പാലക്കാട് ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിരുന്നു. സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ടത്, പാലക്കാട്ടെ വോട്ടു നഷ്ടമാകല്‍ എന്നിവ ഉയര്‍ത്തി കെ സുരേന്ദ്രന്‍ വിഭാഗത്തിനെതിരെ എതിര്‍പക്ഷം ശക്തമായി രംഗത്തുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.