തിരുവനന്തപുരം: ബിജെപിയില്‍ അംഗത്വം എടുത്തതിന് പിന്നാലെ ആര്‍എസ്എസ് വേദികളില്‍ സജീവമായി. ഇന്നലെ നടന്ന ആര്‍എസ്എസ് പൂജപ്പുര നഗരത്തിന്റെ വിജയദശമി ആഘോഷത്തിലും അവര്‍ പങ്കെടുത്തു. രാഷ്ട്ര സേവനത്തിനായി ആര്‍എസ്എസ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ വലുതാണെന്ന് ശ്രീലേഖ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ആര്‍ ശ്രീലേഖ ബിജെപി അംഗത്വം സ്വീകരിച്ചത്.

ദുഷ്ടശക്തികള്‍ രാജ്യത്തെ തകര്‍ക്കുന്നു. അവര്‍ക്കെതിരെ കരുതല്‍ വേണമെന്നും തിന്മയ്‌ക്കെതിരേയുള്ള പോരാട്ടത്തില്‍ വടിയെടുക്കുന്നതില്‍ തെറ്റില്ലെന്നും ശ്രീലേഖ പറഞ്ഞു. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഇരുട്ട് അകറ്റി വെളിച്ചം കൊണ്ടുവരാന്‍ നമുക്കി വിജയദശമിദിനത്തില്‍ കഴിയണമെന്നും ശ്രീലേഖ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ശ്രീലേഖയുടെ വീട്ടിലെത്തിയാണ് അംഗത്വം നല്‍കിയത്. കേരളത്തില്‍ ഡിജിപി റാങ്കിലെത്തിയ ആദ്യ വനിതയാണ് ശ്രീലേഖ. കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ. 1987 ബാച്ച് ഉദ്യോഗസ്ഥയാണ്. 2020ലാണ് വിരമിച്ചത്.

കേരളത്തില്‍ ബിജെപിയില്‍ ചേര്‍ന്ന മൂന്നാം ഡിജിപിയാണ് ശ്രീലേഖ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവലയത്തില്‍ ആകര്‍ഷിച്ചാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് ശ്രീലേഖ അറിയിച്ചിരുന്നു. ബിജെപിയുടെ ആദര്‍ശങ്ങളോട് വിശ്വാസമുണ്ടെന്നും പാര്‍ട്ടിയില്‍ ചേര്‍ന്ന ശേഷം ശ്രീലേഖ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.