തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര പ്രതിരോധ മന്ത്രിയുമായിരുന്ന എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി. എ കെ ആന്റണിയുടെ വഴുതക്കാട്ടെ വസതിയിലെത്തിയാണ് മുതിര്‍ന്ന നേതാവിനെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചത്. കെപിസിസി സംഘടിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടി സ്മൃതി സംഗമം കോട്ടയത്ത് ഉദ്ഘാടനം ചെയ്തതിന് ശേഷമാണ് രാഹുല്‍ ഗാന്ധി ആന്റണിയെ സന്ദര്‍ശിച്ചത്.

ഇന്ന് വൈകിട്ട് 3 മണിയോടെ തിരുവനന്തപുരം വഴുതക്കാടുള്ള ആന്റണിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ശേഷം ആദ്യമായാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍, എംഎല്‍എ പിസി വിഷ്ണുനാഥ് തുടങ്ങിയ പ്രമുഖ നേതാക്കളും രാഹുല്‍ ഗാന്ധിയെ അനുഗമിച്ചു.

ഏകദേശം ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ ആദ്യം കോണ്‍ഗ്രസ് നേതാക്കളോടൊപ്പമായിരുന്നു ചര്‍ച്ച. പിന്നീട് മറ്റ് നേതാക്കള്‍ പുറത്തിറങ്ങിയ ശേഷവും 20 മിനിറ്റോളം രാഹുല്‍ ഗാന്ധി എകെ ആന്റണിയുമായി ഒറ്റയ്ക്ക് സംസാരിച്ചു. സംസ്ഥാന കോണ്‍ഗ്രസിലെ സാഹചര്യങ്ങളെ കുറിച്ചും രാഹുല്‍ ആന്റണിയുായി ചര്‍ച്ച ചെയ്തുവെന്നാണ് സൂചന. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും കോണ്‍ഗ്രസിന്റെ ഭാവി പരിപാടികളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായിട്ടുണ്ടാകാമെന്നാണ് സൂചന.

എകെ ആന്റണിയുടെ വസതിക്ക് പുറമെ, ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ രാഹുല്‍ ഗാന്ധി പരവൂരിലുള്ള സിവി പത്മരാജന്റെ വസതിയിലെത്തി. അവിടെവെച്ച് അദ്ദേഹത്തിന്റെ ബന്ധുക്കളെ കണ്ട് അനുശോചനം അറിയിക്കുകയും സിവി പത്മരാജന്റെ ഭൗതിക ശരീരം അടക്കം ചെയ്ത സ്ഥലത്ത് പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. ഈ സന്ദര്‍ശനത്തിലും രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ, യുഡിഎഫ് ചെയര്‍മാന്‍ അടൂര്‍ പ്രകാശ്, പിസി വിശ്വനാഥ് എംഎല്‍എ, എന്‍കെ പ്രേമചന്ദ്രന്‍ എംപി, രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ തുടങ്ങിയ പ്രമുഖര്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.

അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ളയുടെ വസതിയലും രാഹുല്‍ ഗാന്ധിയെത്തി. ഇതിന് ശേഷമാണ് ഡല്‍ഹിയിലേക്ക് തിരിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് ശേഷം കേരളത്തില്‍ നടത്തിയ സന്ദര്‍ശനങ്ങള്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനും അണികള്‍ക്കും വലിയ ആവേശവും ഊര്‍ജവും പകര്‍ന്നിട്ടുണ്ട്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കോട്ടയം പുതുപ്പള്ളിയില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാനായാണ് രാഹുല്‍ ഗാന്ധി ഇന്നലെ അര്‍ധരാത്രിയോടെ കേരളത്തിലെത്തിയത്. ഇന്ന് രാവിലെ റോഡ് മാര്‍ഗം തിരുവനന്തപുറത്ത് എകെ ആന്റണിയെ കാണാന്‍ എത്തുകയായിരുന്നു. സംസ്ഥാന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെ സന്ദര്‍ശിക്കുന്നത് പാര്‍ട്ടിക്കുള്ളിലെ ഐക്യം ഊട്ടിയുറപ്പിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.