തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. 'ഈ കാര്യത്തില്‍ ഇനിയും സാങ്കേതികത്വം നോക്കാതെ എത്രയും വേഗത്തില്‍ തന്നെ കര്‍ശനവും മാതൃകാപരവുമായ നടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണം. രാഹുല്‍ നിയമസഭാ അംഗത്വം രാജിവച്ച് ഒഴിവായി പോകണം. സ്ഥിതി കുറച്ചു കൂടി മോശമാണ്. ഇതുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷനുമായും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായും സംസാരിച്ചു. ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഉയര്‍ന്നു വന്നിട്ടുള്ളത്'- സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

രാഹുല്‍ വിഷയത്തില്‍ മാതൃകാപരമായ നടപടിയാണ് കോണ്‍ഗ്രസ് കൈക്കൊണ്ടതെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ നടപടി എടുത്തു. സമീപകാല രാഷ്ട്രീയ ചരിത്രത്തില്‍ ഒരു പാര്‍ട്ടിയും എടുക്കാത്ത നടപടിയാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. പാര്‍ട്ടി കോടതി ഉണ്ടാക്കിയില്ല, രൂക്ഷത അളന്നില്ല, പാര്‍ട്ടി നടപടി എടുത്തു. എഐസിസി ഒരു നിര്‍ദേശവും നല്‍കിയിട്ടില്ല. അവിടെ നിന്ന് ആരും ഇങ്ങോട്ട് നിര്‍ദ്ദേശം നല്‍കാറില്ല. അങ്ങനെയുള്ള വാര്‍ത്തകളില്‍ വസ്തുതയില്ലെന്നും ചെന്നിത്തല പറഞ്ഞു. ഫെന്നി നൈനാന് എതിരെയുള്ള ആരോപണത്തിലും ചെന്നിത്തല പ്രതികരിച്ചു. ഫെന്നി ഒരു കുഴപ്പം പിടിച്ച പേരാണെന്നും സോളാര്‍ കേസിലും ഫെന്നി എന്നൊരു പേര് ഉയര്‍ന്നു വന്നിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

രാഹുലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. നേതാക്കളായ കെ മുരളീധരന്‍, അജയ് തറയില്‍, വനിതാ നേതാക്കളായ ജെബി മേത്തര്‍, ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ, അഡ്വ. ദീപ്തി മേരി വര്‍ഗീസ് തുടങ്ങിയവരടക്കം രാഹുലിനെതിരെ കടുത്ത നടപടിവേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു.

രാഹുല്‍ വിഷയത്തില്‍ കെപിസിസി പ്രസിഡന്റുമായി ചര്‍ച്ച നടത്തിയെന്നും കോടതി വിധിവരട്ടെയെന്നും നല്ല വാര്‍ത്ത വരുമെന്നുമായിരുന്നു യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പ്രതികരണം. ജാമ്യ ഹര്‍ജിയില്‍ തീരുമാനം ഉണ്ടായശേഷം രാഹുലിനെതിരായ നടപടിയില്‍ തീരുമാനം ഉണ്ടാകുമെന്ന സൂചനയാണ് അടൂര്‍ പ്രകാശും നല്‍കിയത്. രാഹുലിന് എംഎല്‍എ സ്ഥാനം നല്‍കിയത് ജനങ്ങളാണെന്നും കോണ്‍ഗ്രസ് സ്വീകരിച്ചത് മാതൃകപരമായ നടപടിയാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. നേതാക്കള്‍ നിലപാട് കടുപ്പിച്ചതോടെ കോടതി തീരുമാനത്തിന് മുമ്പ് തന്നെ രാഹുലിനെതിരെ നടപടിയുണ്ടാകുമോയെന്നാണ് ആകാംക്ഷ.

അതേസമയം മാങ്കൂട്ടത്തിലിന്റെ ജാമ്യഹര്‍ജിയില്‍ വ്യാഴാഴ്ചയും വാദം തുടരും. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. അടച്ചിട്ട കോടതിമുറിയിലാണ് വാദം കേട്ടത്. സ്വകാര്യത മാനിച്ച് പ്രോസിക്യൂഷനും പ്രതിഭാഗവും ഒരേ ആവശ്യം ഉന്നയിച്ചതോടെയായിരുന്നു തീരുമാനം. ബലാത്സംഗത്തിനും ഗര്‍ഭഛിദ്രത്തിനും തെളിവുണ്ടെന്ന് പറഞ്ഞ പ്രോസിക്യൂഷന്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്തിരുന്നു. പ്രതിക്കെതിരെ നിരന്തരം സമാന പരാതികള്‍ ഉയരുന്നുണ്ട്. പ്രതിയെ ജാമ്യത്തില്‍വിട്ടാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുള്ളതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ പരാതി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും പൊതു ജീവിതം നശിപ്പിക്കാനാണ് നീക്കമെന്നും കോടതിയില്‍ രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു. ഗര്‍ഭഛിദ്രവും ബലാത്സംഗവും നടന്നെന്ന വാദം പ്രതിഭാഗം തള്ളി. ലൈംഗികാതിക്രമത്തിന് ഇരയായതായി യുവതി മുഖ്യമന്ത്രിയ്ക്ക് ഉള്‍പ്പെടെ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ ഒന്നാംപ്രതിയും ഗര്‍ഭഛിദ്രത്തിന് മരുന്നെത്തിച്ച മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് പത്തനംതിട്ട അടൂര്‍ സ്വദേശി ജോബി ജോസഫ് രണ്ടാം പ്രതിയുമാണ്.