തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍, യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം നല്‍കി കൊണ്ട് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി കോടതി. തിരഞ്ഞെടുപ്പ് കഴിയും വരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകേണ്ടെന്ന് തിരുവനന്തപുരം സിജെഎം കോടതി ഉത്തരവിട്ടു. നിയമസഭാ മാര്‍ച്ചില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലാണു നടപടി.

നവംബര്‍ 13 വരെയാണ് എല്ലാ തിങ്കളാഴ്ചയും ഹാജരാകണമെന്ന വ്യവസ്ഥയില്‍ ഇളവ് നല്‍കിയത്. പൊലീസ് റിപ്പോര്‍ട്ട് തള്ളിയാണ് തിരുവനന്തപുരം സിജെഎം കോടതിയുടെ ഉത്തരവ്. രാഹുലിന് ഇളവ് നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു പൊലീസ് വാദിച്ചത്.

ത്രികോണ മത്സരമായതോടെ തീപാറുന്ന പോരാട്ടം തന്നെ പാലക്കാട്ട് ഉണ്ടാകുമെന്ന് ഉറപ്പാണ്. പിണറായി സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലെ നായകനായിരുന്നു രാഹുല്‍. അതുകൊണ്ട് തന്നെ അദ്ദേഹത്തിനെതിരെ തിരുവനന്തപുരം നഗരത്തില്‍ നിരവധി കേസുകളുമുണ്ട്. ഏതൊരു രാഷ്ട്രീയക്കാരനും ഉണ്ടാകുന്ന സ്വാഭാവിക കേസുകളാണിത്. എന്നാല്‍, ഇതിന്റെ പേരിലും രാഷ്ട്രീയം കളിക്കുകയാണ് സിപിഎമ്മും സര്‍ക്കാറും. പ്രതിപക്ഷ യുവജന സംഘടനകള്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലാണ് രാഹുല്‍ ഏറ്റവും ഒടുവില്‍ ജാമ്യത്തില്‍ ഇറങ്ങിയത്.

ഈ കേസില്‍ കോടതി ചില ജാമ്യ വ്യവസ്ഥകളും മുന്നോട്ടുവെച്ചിരുന്നു. എല്ലാ തിങ്കളാഴ്ച്ചയും രാവിലെ 10 മുതല്‍ 12 മണി വരെ മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് ജാമ്യവ്യവസ്ഥ. എന്നാല്‍, പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി ആയതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇക്കാര്യത്തില്‍ ഇളവു തേടി കോടതിയെ സമീപിച്ചു. സ്ഥാനാര്‍ഥി ആയതു കൊണ്ട് തന്നെ തനിക്ക് പ്രചാരണ രംഗത്ത് തുടരേണ്ടതു കൊണ്ട് ജാമ്യ വ്യവസ്ഥയില്‍ ഇളവു വേണമെന്നാണ് രാഹുല്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജി.

ഈ ഹര്‍ജിയില്‍് പോലീസ് ഉടക്കിട്ടിരുന്നു. രാഹുലിന് ജാമ്യ വ്യവസ്ഥയില്‍ ഇളവു നല്‍കരുതെന്നായിരുന്നു പൊലീസിന്റെ വാദം. തലസ്ഥാനത്ത് തന്നെ മറ്റു കേസുകളില്‍ പ്രതിയാണ് രാഹുലെന്നും അതുകൊണ്ട് തന്നെ ജാമ്യ വ്യവസ്ഥയില്‍ ഇളവു നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നുമാണ് മ്യൂസിയം പോലീസ് കോടതിയില്‍ വാദിച്ചത്.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചതോടെയാണ് രാഹുല്‍ ജയിലില്‍ ആയത്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം, പൊലീസിലെ ക്രിമിനല്‍വല്‍ക്കരണം അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. ഈ കേസിലും ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥിരം കോടതി വ്യവസ്ഥകള്‍ ലംഘിക്കുന്ന വ്യക്തിയാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.