തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച നിയമസഭയിലെത്തിയില്ല. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിട്ടുനില്‍ക്കുന്നതായാണ് ലഭിക്കുന്ന വിശദീകരണം. സമ്മേളനത്തിന്റെ ആദ്യ ദിവസമായ തിങ്കളാഴ്ച രാഹുല്‍ നിയമസഭയിലെത്തിയിരുന്നു.

ഇങ്ങനെ രാഹുല്‍ എത്തിയത് തന്നെ പൂര്‍ണമായും തള്ളിപ്പറഞ്ഞ പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഒരു സന്ദേശം നല്‍കാന്‍ വേണ്ടിയാണ്. പാര്‍ട്ടിയില്‍ പ്രതിപക്ഷ നേതാവ് തള്ളിപ്പറഞ്ഞാതും മറ്റു നേതാക്കള്‍ തനിക്കൊപ്പമുണ്ട് എന്ന സന്ദേശം നല്‍കാനാണ് രാഹുല്‍ ഉദ്ദേശിച്ചത്. അത് കൃത്യമായി നല്‍കുകയും രാഹുലിന്റെ എന്‍ട്രി സതീശന് ക്ഷീണമാകുകയും ചെയ്തു. എന്നാല്‍, താന്‍ സഭയില്‍ വരുന്നത് കൊണ്ട് പാര്‍ട്ടി പ്രതിരോധത്തില്‍ ആകരുതെന്നാണ് രാഹുലിന്റെ നിലപാട്. അതുകൊണ്ട് തന്നെയാണ് ഇന്ന് സഭയില്‍ രാഹുല്‍ എത്താത്തത് എന്നാണ് സൂചന.

സഭയില്‍ എത്തേണ്ടതില്ലെന്ന് പാര്‍ട്ടി രാഹുലിനെ അറിയിച്ചതായാണ് വിവരം. പ്രതിപക്ഷം സര്‍ക്കാരിനെതിരേ കടന്നാക്രമണം നടത്തുന്ന ദിവസങ്ങളില്‍ സഭയിലെത്തി പോരാട്ടത്തിന് തടസ്സമാകേണ്ടെന്ന വിലയിരുത്തലിലാണ് ഈ നിലപാടെടുത്തത്. നിയമസഭയില്‍ പോലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട വിഷയം ഉയര്‍ത്തി സര്‍ക്കാരിനെതിരേ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരാനാണ് പ്രതിപക്ഷനീക്കം.

തിങ്കളാഴ്ച സഭയിലെത്തിയിരുന്നെങ്കിലും തുടര്‍ദിവസങ്ങളില്‍ സഭയില്‍ എത്തുമോയെന്ന ചോദ്യത്തിന് ഇന്നലെ രാഹുല്‍ മറുപടി നല്‍കിയിരുന്നില്ല. നിയമസഭയില്‍ വരുന്ന കാര്യത്തില്‍ പാര്‍ട്ടിയിലെ ഒരു നേതാവുമായും ബന്ധപ്പെട്ടില്ലെന്നും സസ്പെന്‍ഷനിലാണെങ്കിലും പാര്‍ട്ടിക്ക് പൂര്‍ണമായും വിധേയനാണ് താനെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇത് അണികളെ ഒപ്പം നിര്‍ത്താനുള്ള നീക്കമായി വ്യാഖ്യാപിക്കപ്പെടുന്നു.

രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും സഭയിലെത്തിയാല്‍ സാഹചര്യമനുസരിച്ച് നേരിടാനാണ് ഭരണപക്ഷം തീരുമാനമെടുത്തത്. രാഹുല്‍ രാജിവെക്കണമെന്ന ആവശ്യമുന്നയിച്ച് പ്രതിപക്ഷത്തെ സമ്മര്‍ദത്തിലാക്കാനും ആലോചനയുണ്ട്. വിഷയത്തില്‍ പ്രതിപക്ഷത്തെ കടന്നാക്രമിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഭരണപക്ഷം.

അതേസമയം കടുത്ത എതിര്‍പ്പ് തള്ളി എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്കെത്തിയതോടെ കോണ്‍ഗ്രസില്‍ പ്രതിപക്ഷ നേതാവ് ഒറ്റപ്പെട്ടു. കെപിസിസി അധ്യക്ഷനടക്കമുള്ളവരുമായി ആശയവിനിമയം നടത്തിയായിരുന്നു രാഹുലിന്റെ വരവെന്നാണ് സൂചന. ഇതോടെ രാഹുല്‍ വിവാദത്തില്‍ പാര്‍ട്ടിയിലെ സതീശന്‍ വിരുദ്ധ ചേരി കൂടുതല്‍ ശക്തമായെന്നും നിഗമനങ്ങളുണ്ട്. ഇതോടെയാണ് കെപിസിസി യോഗത്തിലും സതീശന്‍ വിഷയം ഉന്നയിക്കാതിരുന്നത്.

സതീശന്‍ ക്ലോസ് ചെയ്ത രാഹുല്‍ വിവാദം അങ്ങിനെ അവസാനിപ്പിക്കാന്‍ മറ്റ് നേതാക്കള്‍ തയ്യാറായിരുന്നില്ല. രാഹുലിനെതിരെ ഇനി കൂടുതല്‍ കടുപ്പിക്കേണ്ടൈന്നും രാഹുല്‍ മെല്ലെ മടങ്ങിവരട്ടെ എന്നമുള്ള വാദത്തിന് പാര്‍ട്ടിയില്‍ കൂടുതല്‍ പിന്തുണ കിട്ടി. അണികളുടെ വികരവും ഇത് തന്നെയാണ്. എ ഗ്രൂപ്പ് തുടങ്ങിവെച്ച നീക്കങ്ങള്‍ക്കൊപ്പം കെപിസിസി നേതൃത്വവും കൈകൊടുത്തു. അച്ചടക്ക നടപടിക്ക് ശേഷവും സതീശന്‍ രാഹുലിനെ പരസ്യമായി നിരന്തരം തള്ളുന്ന നിലപാട് എടുത്തതാണ് എതിര്‍ ചേരിയെ ശക്തമാക്കിയത്. നടപടിക്ക് ആദ്യം കൈ കൊടുത്തവരെല്ലാെ പിന്നെ സതീശനെതിരെ ഒന്നിച്ച കാഴ്ച്ചയാണ് കണ്ടത്.

മറുചേരിക്ക് ബലം കൂടിയതോടെയാണ് കെപിസിസി യോഗത്തില്‍ പ്രതിപക്ഷനേതാവ് മൗനം തുടര്‍ന്നത്. പക്ഷേ ഈ ഭിന്നത അങ്ങിനെ തുടരാന്‍ പാര്‍ട്ടി നേതൃത്വം ആഗ്രഹിക്കുന്നില്ല. രാഹുല്‍ ആദ്യദിനം വന്നു, ഇനി തുടര്‍ച്ചായായി വരുന്നതിനോട് പലര്‍ക്കും യോജിപ്പില്ല. ഈ സാഹചര്യത്തിലാണ് നിയമസഭ സമ്മേളനത്തിനിടെ ഇന്നലെ രാഹുല്‍ മാങ്കൂട്ടത്തില്‍ സഭ വിട്ടിറങ്ങിയത്. ഇങ്ങനെ അദ്ദേഹം പോയത് ഒരു കുറിപ്പടിയെത്തിയതിന് പിന്നാലെയായിരുന്നു.

നിയമസഭയിലെ ഓഫിസ് അസിസ്റ്റന്റിന്റെ കൈവശം ആരാണ് കുറിപ്പ് നല്‍കിയതെന്നും എന്താണ് ഉള്ളടക്കമെന്നതുമായി പിന്നെ ചര്‍ച്ച. പല കഥകളും പ്രചരിക്കുകയും ചെയ്തു. ജാമറുകളുള്ളതിനാല്‍ നിയമസഭക്കുള്ളില്‍ മൊബൈല്‍ ഫോണുകള്‍ക്ക് സിഗ്‌നല്‍ ലഭിക്കില്ല. പുറത്തുള്ള സ്റ്റാഫിനോ ഉദ്യോഗസ്ഥര്‍ക്കോ മറ്റുള്ളവര്‍ക്കോ സഭക്കുള്ളിലെ എം.എല്‍.എമാര്‍ക്ക് സന്ദേശം കൈമാറണമെങ്കില്‍ കടലാസില്‍ കുറിച്ച് ഇതിനായി ചുമതലപ്പെടുത്തിയ ഓഫിസ് അസിസ്റ്റന്റുമാരുടെ കൈവശം ഏല്‍പിക്കണം.

ചരമോപചാരവേള അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെയാണ് കുറിപ്പുമായി ഓഫിസ് അസിസ്റ്റന്റ് രാഹുലിനടുത്തെത്തിയത്. വാങ്ങി വായിച്ച ശേഷം തിരക്കിട്ട് എന്തൊക്കെയോ എഴുതി ഓഫിസ് അസിസ്റ്റന്റിനെ തിരികെ ഏല്‍പിച്ചു. തന്നയച്ചയാളിന് തന്നെ നല്‍കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഓഫിസ് അസിസ്റ്റന്റ് കുറിപ്പുമായി സഭക്ക് പുറത്തിറങ്ങിയതിന് പിന്നാലെ രാഹുലും ഇരിപ്പിടം വിട്ടെഴുന്നേറ്റു.