- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വി ഡി സതീശനെ ഞെട്ടിച്ച് തലസ്ഥാനത്ത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എന്‍ട്രി! പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യാനിരുന്ന ആശ വര്‍ക്കമാര്‍മാരുടെ സമരപ്പന്തലില്‍ ആദ്യം എത്തി പാലക്കാട് എംഎല്‍എ; കൈകൊടുത്തും സ്‌നേഹത്തോടെ പുറത്തുതട്ടിയും രാഹുലിനെ വരവേറ്റ് ആശമാര്‍; അതൃപ്തിയിലായ പ്രതിപക്ഷ നേതാവ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയത് രാഹുല്‍ പോയശേഷം മാത്രം!
വി ഡി സതീശനെ ഞെട്ടിച്ച് തലസ്ഥാനത്ത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എന്‍ട്രി!
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം തുറന്ന വേദിയിലേക്ക് നീങ്ങുന്നുവെന്ന് സൂചന. സെക്രട്ടറിയേറ്റിനു മുന്നിലെ ആശമാരുടെ സമരത്തിന്റെ സമാപന സമ്മേളനത്തിന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്ളതിനാല്‍ ആദ്യം പങ്കെടുക്കാന്‍ വിസമ്മതിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഒടുവില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പോയശേഷം സമരപ്പന്തലില്‍ എത്തിയ വി.ഡി സതീശന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഇന്നലെ രാവിലെ പതിനൊന്നു മണിക്കാണ് സെക്രട്ടറിയേറ്റിനു മുന്നിലെ സമരപ്പന്തലില്‍ ആശമാരുടെ സമര സമാപന സമ്മേളനം നിശ്ചയിച്ചിരുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനായിരുന്നു സമ്മേളനത്തിന്‍െ്റ ഉദ്ഘാടകന്‍. ഇതിനിടെയാണ് പതിനൊന്നു മണിക്ക് മുന്‍പ് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ സമരപ്പന്തലില്‍ എത്തി. ആശമാര്‍ക്ക് അഭിവാദ്യം നേര്‍ന്നും അവരോട് സംസാരിച്ചും രാഹുല്‍ സമരപ്പന്തലില്‍ ഇരിക്കുകയായിരുന്നു.
സമരപന്തലില്‍ എത്തിയ രാഹുലിന് കൈകൊടുത്തും സ്‌നേഹത്തോടെ പുറത്തുതട്ടിയുമാണ് എംഎല്‍എയെ ആശമാര്‍ വരവേറ്റത്. ആശമാരോട് രാഹുല്‍ വിശേഷങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. ഒറ്റയ്ക്കാണ് രാഹുല്‍ സമരപ്പന്തലില്‍ എത്തിയത്. നേതാക്കളോ, യുഡിഎഫ് പ്രവര്‍ത്തകരോ ഒപ്പമുണ്ടായിരുന്നില്ല. നിയമസഭയുടെ പ്രത്യേക സമ്മേളനം നടക്കുന്നതിനാല്‍ രാഹുല്‍ തലസ്ഥാനത്തുണ്ടായിരുന്നു. എന്നാല്‍ നിയമസഭയില്‍ എത്തിയിരുന്നില്ല.
രാഹുല്‍ വേദിയില്‍ എത്തിയത് അറിഞ്ഞ് ഉദ്ഘാടന സമയമായിട്ടും വി.ഡി സതീശന്‍ എത്തിയില്ല. സ്ഥലത്തുണ്ടായിരുന്ന അദ്ദേഹത്തിന്റെ സ്റ്റാഫിലുള്ള ഒരാളോട് സമരക്കാര്‍ വിവരം തിരക്കിയപ്പോള്‍ 'ചെറിയ പ്രശ്നം' ഉണ്ടെന്നായിരുന്നു മറുപടി. രാഹുല്‍ ഉള്ളതു കൊണ്ടാണ് വരാത്തതെന്നു മനസിലാക്കിയ സമരക്കാര്‍ വെട്ടിലായി. ഇതിനിടയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ആശമാരോട് യാത്ര പറഞ്ഞ് പന്തലില്‍ നിന്നിറങ്ങിപ്പോയി.
നിമിഷനേരങ്ങള്‍ക്കിടയില്‍ വി.ഡി സതീശന്‍ സമരപ്പന്തലില്‍ എത്തി. സമര സമാപന സമ്മേളനം ഉദ്്ഘാടനം ചെയ്ത് അല്‍പ്പനേരം സമയം ചെലവഴിച്ചശേഷമാണ് സതീശന്‍ സമരപ്പന്തല്‍ വിട്ടത്. മുന്‍പ് രാഹുലിനെതിരെ ആരോപണങ്ങളില്‍ കര്‍ശന നടപടിയെടുക്കണമെന്ന് സംഘടനക്കുള്ളില്‍ ശക്തമായി ആവശ്യപ്പെട്ടയാളാണ് വി.ഡി സതീശന്‍. യൂത്ത് കോണ്‍ഗ്രസ് നേതൃസ്ഥാനത്തു നിന്നും രാഹുലിനെ നീക്കിയതിനു പിന്നിലും വി.ഡി സതീശന്‍ പങ്കു വഹിച്ചിരുന്നു.
നേരത്തെ ആരോപണങ്ങള്‍ ഉയരുകയും ബിജെപിയും ഡിവൈഎഫ്‌ഐയും ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്ത ശേഷം ആദ്യമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ജില്ലാതല പട്ടയമേളയില്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടിക്കും സിപിഎം എംഎല്‍എ കെ.ശാന്തകുമാരിക്കും ഒപ്പമാണു രാഹുല്‍ പങ്കെടുത്തത്. ചടങ്ങ് മന്ത്രി കെ.രാജന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പിറന്നാള്‍ ദിനത്തില്‍ പരിപാടി സംഘടിപ്പിച്ചതില്‍ സന്തോഷമുണ്ടെന്നും എല്ലാവര്‍ക്കും ഭൂമിയെന്നത് ഉമ്മന്‍ ചാണ്ടിയുടെ സ്വപ്നമായിരുന്നെന്നും രാഹുല്‍ പ്രസംഗത്തില്‍ പറഞ്ഞു.
ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ച ഉമ്മന്‍ ചാണ്ടിയുടെ തുടര്‍ച്ചയായാണു പിണറായി വിജയന്‍ സര്‍ക്കാര്‍ ഇത്തരം പദ്ധതികള്‍ നടപ്പാക്കിവരുന്നത്. പട്ടയം വാങ്ങാനെത്തിയവര്‍ക്കൊപ്പം ഫോട്ടോ എടുത്താണു രാഹുല്‍ മടങ്ങിയത്. രാഹുലിനെ മണ്ഡലത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നു നേരത്തേ ഡിവൈഎഫ്‌ഐയും ബിജെപിയും പറഞ്ഞിരുന്നു. ആരോപണങ്ങള്‍ക്കു ശേഷം ആദ്യമായി പിരായിരി പഞ്ചായത്തില്‍ പൊതുപരിപാടിക്കെത്തിയ രാഹുലിനെ തടയാന്‍ ഡിവൈഎഫ്‌ഐ, ബിജെപി പ്രവര്‍ത്തകര്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ പിന്നീടു ബിജെപിക്കാരിയായ പാലക്കാട് നഗരസഭാധ്യക്ഷയും സിപിഎമ്മുകാരനായ കണ്ണാടി പഞ്ചായത്ത് പ്രസിഡന്റും രാഹുലിനൊപ്പം വേദി പങ്കിട്ടു. ഇതേചൊല്ലി വിവാദം ഉയര്‍ന്നെങ്കിലും രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാകുകയാണ്.




