- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്റെ തലയെടുക്കുമെന്ന് വെല്ലുവിളിച്ചവരോട്, ഞാന്‍ പാലക്കാട് ടൗണിലുണ്ട്, തലയെടുക്കുന്നവര്‍ ഇങ്ങോട്ടുവാ, എടുത്ത് കാണിക്ക്; കാലുവെട്ടുമെന്ന് പറഞ്ഞില്ലെ, ആ കാല് ഉറപ്പിച്ച് തന്നെയാണ് ഇവിടെ നില്‍ക്കുന്നത്'; ജീവനറ്റ് പോകും വരെ ബി.ജെ.പിക്കെതിരായി പോരാടുമെന്ന് രാഹുല്‍ മാങ്കുട്ടത്തില്‍
എന്റെ തലയെടുക്കുമെന്ന് വെല്ലുവിളിച്ചവരോട്, ഞാന്‍ പാലക്കാട് ടൗണിലുണ്ട്
പാലക്കാട്: ബി.ജെ.പിയുടെ കൊലവിളി പ്രസംഗം കണ്ടില്ലെന്ന് നടിക്കുന്ന പൊലീസ് സമാധാന പരമായി മാര്‍ച്ച് നടത്തുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ചുവെന്ന് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാട്ടെ പൊലീസിന്റെ സംഘി പ്രീണനം കൈയ്യില്‍ വെച്ചാല്‍ മതിയെന്നും മുനിസിപ്പാലിറ്റി മാത്രമാണ് ബി.ജെ.പി ഭരിക്കുന്നതെന്നും അതിനുള്ള സ്റ്റേഷന്‍ ഭരിക്കുന്നത് ആര്‍.എസ്.എസ് അല്ലെന്ന് ഓര്‍ക്കണമെന്നും രാഹുല്‍ പറഞ്ഞു. ബി.ജെ.പി നേതാവിന്റെ കൊലവിളി പ്രസംഗത്തിനെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലക്കാട് ബി.ജെ.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ വേളയിലാണ് രാഹുലിന്റെ വാക്കുകള്‍.
മാര്‍ച്ച് പൊലീസ് തടഞ്ഞു. ബാരിക്കേട് മാറ്റി മുന്നോട്ടുപോകാന്‍ ശ്രമിച്ച സന്ദീപ് വാര്യര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. സമരക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു. 'എന്റെ തലയെടുക്കുമെന്ന് വെല്ലുവിളിച്ചവരോട്, ഞാന്‍ പാലക്കാട് ടൗണിലുണ്ട്, തലയെടുക്കുന്നവര്‍ ഇങ്ങോട്ടുവാ, എടുത്ത് കാണിക്ക്. കാലുവെട്ടുമെന്ന് പറഞ്ഞില്ലെ, ആ കാല് ഉറപ്പിച്ച് തന്നെയാണ് ഇവിടെ നില്‍ക്കുന്നത്. എടുത്ത് കാണിക്ക്. എന്നെ ഇല്ലാതാക്കിയാല്‍ രാഷ്ട്രീയം അവസാനിക്കുമോ.. ബി.ജെ.പിക്കെതിരായ പോരാട്ടം അവസാനിക്കുമോ. ഞാനെല്ലെങ്കില്‍ മറ്റൊരാള് മുന്നിലുണ്ടാകും' -രാഹുല്‍ പറഞ്ഞു.
പാലക്കാട് ബി.ജെ.പി നടത്തിയ മറ്റൊരു മാര്‍ച്ചില്‍ ഉയര്‍ന്ന 'രാഹുല്‍ മാങ്കൂട്ടത്തിലിനായി വിശാല ഖബറിടം ഒരുക്കുമെന്ന' കൊലവിളിക്കെതിരെയും രാഹുല്‍ പ്രതികരിച്ചു. ' എന്നെ ഖബറില്‍ കൊണ്ടു കിടത്തിയാല്‍, ആ കിടത്തുന്ന നിമിഷം വരെ, ജീവനറ്റ് പോകുന്ന നിമിഷം വരെ ബി.ജെ.പിക്കെതിരായി പോരാടും' എന്ന് രാഹുല്‍ പ്രതികരിച്ചു.
പാലക്കാട് നഗരസഭ സ്ഥാപിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍.എസ്.എസ് നേതാവ് ഹെഡ്ഗേവാറിന്റെ പേരിടുന്നതിനെ വിമര്‍ശിച്ചതാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്. പാലക്കാട്ട് കാല്‍ കുത്താന്‍ അനുവദിക്കില്ലെന്ന് മേല്‍ഘടകം തീരുമാനിച്ചാല്‍ പിന്നെ രാഹുലിന്റെ കാല്‍ തറയിലുണ്ടാകില്ലെന്നും തല ആകാശത്ത് കാണേണ്ടി വരുമെന്നുമായിരുന്നു ജില്ല ജനറല്‍ സെക്രട്ടറി ഓമനക്കുട്ടന്റെ കൊലവിളി പ്രസംഗം.
ഹെഡ്‌ഗേവാര്‍ വിവാദത്തില്‍ എം.എല്‍.എ ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ പ്രതിഷേധ മാര്‍ച്ചിലെ സ്വാഗത പ്രസംഗത്തിലാണ് ജില്ല ജനറല്‍ സെക്രട്ടറി കൊലവിളി നടത്തിയത്. ഇതിനോട് പ്രതികരിച്ച രാഹുല്‍, കാല്‍ ഉള്ളിടത്തോളം കാലം കാല്‍ കുത്തിക്കൊണ്ട് തന്നെ ആര്‍.എസ്.എസിനെതിരെ സംസാരിക്കുമെന്നും കാല്‍വെട്ടിയെടുത്താല്‍ ഉള്ള ഉടല്‍വെച്ച് ആര്‍.എസ്.എസിനെതിരെ സംസാരിക്കുമെന്നും തിരിച്ചടിച്ചു.
'ഈ സംസാരം നിര്‍ത്തണമെങ്കില്‍ നാവറുക്കേണ്ടി വരും. പിന്നെയും ആര്‍.എസ്.എസിനെതിരെ തന്നെ പ്രവര്‍ത്തിക്കും. അതു കൊണ്ട് ഇത്തരത്തിലുള്ള വിരട്ടലുകളൊന്നും വേണ്ട. പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ കാല് കുത്താന്‍ അനുവദിക്കില്ലെന്നാണ് ബി.ജെ.പിക്കാര്‍ പറയുന്നത്. അതിന് പ്ലാറ്റ്‌ഫോം ടിക്കറ്റ് കൊടുക്കുന്നത് ആര്‍.എസ്.എസ് അല്ലെന്നാണ് മനസിലാക്കുന്നത്. അങ്ങനെയുള്ള കാലം വരുമ്പോള്‍ അതിനെക്കുറിച്ച് ആലോചിക്കാം. ട്രെയിനില്‍ കേറാനും വന്നിറങ്ങാനും കാലു കുത്തി നില്‍ക്കാനും അറിയാം' -രാഹുല്‍ പറഞ്ഞു.