മലപ്പുറം: ജൂണ്‍ 19 ന് നടക്കാന്‍ പോകുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് കേരള ജനതയ്ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച തെരഞ്ഞെടുപ്പ് ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കേരളത്തിന്റെ വികസനത്തിനോ രാഷ്ട്രീയത്തിനോ ഒരു മാറ്റവും വരുത്താത്ത തിരഞ്ഞെടുപ്പാണ് നിലമ്പൂരില്‍ നടക്കാന്‍ പോകുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി.

അക്കരപ്പച്ചകണ്ട് ചാടിയ ജനപ്രതിനിധിയുടെ വികലരാഷ്ട്രീയത്തിന്റെ പ്രതിഫലനമാണ് നിലമ്പൂരില്‍ കാണുന്നത്. അല്ലാതെ വോട്ടര്‍മാര്‍ ആഗ്രഹിച്ച തെരഞ്ഞെടുപ്പ് അല്ല. ഇത് അവര്‍ക്കു മുകളില്‍ കെട്ടിവെച്ചതാണ്. ഒരു വ്യക്തിയുടെ മാത്രം സ്വാര്‍ത്ഥ താല്‍പര്യത്തിന്റെ ഫലമാണ്. ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഏതാനും മാസം കഴിഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പ് തന്നെ വരികയാണ്.

അതുകൊണ്ടുതന്നെ ആരെങ്കിലും വിജയിച്ചാലും കേരളത്തിന് ഒരു മാറ്റവും സൃഷ്ടിക്കാന്‍ കഴിയില്ല. ഒരു ഗുണവും ഉണ്ടാവാത്ത തിരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം പറഞ്ഞു. കേവലം മൂന്നാംകിട രാഷ്ട്രീയത്തിന്റെ ഫലമാണ്. പക്ഷേ കേരളത്തിലെ വികസന മുരടിപ്പും സ്വജനപക്ഷപാതവും നിലമ്പൂരിലെ ജനങ്ങള്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന ദുരിതവും ഈ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ ചര്‍ച്ച ചെയ്യും.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കണം എന്നത് ബിജെപിയുടെയും എന്‍ഡിഎ ഘടക കക്ഷിക്കളുടേയും യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും ബിജെപി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.