- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാമക്ഷേത്രം ഉദ്ഘാടനം ബിജെപി രാഷ്ട്രീയ അജണ്ടയാക്കുകയാണെന്നത് എല്ലാവരും തിരിച്ചറിയണം; പങ്കെടുക്കുന്ന കാര്യത്തിൽ കോൺഗ്രസിന് സ്വതന്ത്രമായ തീരുമാനം എടുക്കാം; ഹൈന്ദവ സമുദായത്തിന്റെ വിശ്വാസത്തെ ലീഗ് ബഹുമാനിക്കുന്നു; ആരാധനാലയങ്ങൾ വിശ്വാസികളുടെ പുണ്യകേന്ദ്രം: നിലപാട് പറഞ്ഞ് മുസ്ലിംലീഗ്
മലപ്പുറം: അയോധ്യ പ്രതിഷ്ഠാ ദിനചടങ്ങിൽ പങ്കെടുക്കുന്ന കാര്യത്തിൽ കോൺഗ്രസിന് സ്വതന്ത്രമായ തീരുമാനമെടുക്കാമെന്ന് മുസ്ലിം ലീഗ്. രാമക്ഷേത്രവിഷയം പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി രാഷ്ട്രീയ അജണ്ടയാക്കുകയാണെന്നത് എല്ലാവരും തിരിച്ചറിയണണമെന്നും ലീഗ് വ്യക്തമാക്കി. ഇക്കാര്യം തിരിച്ചറിഞ്ഞ ശേഷം ഓരോ രാഷ്ട്രീയ പാർട്ടിയും സ്വതന്ത്രമായ തീരുമാനമെടുക്കണം. മതേതരകാഴ്ചപ്പാടുള്ള പാർട്ടികളൊക്കെ അത് ചെയ്യുമെന്നാണ് പാർട്ടി വിശ്വസിക്കുന്നതെന്ന് രാഷ്ട്രീയ കാര്യസമിതി യോഗത്തിന് മുൻപായി പികെ കുഞ്ഞാലിക്കുട്ടിയും സാദിഖലി ശിഹാബ് തങ്ങളും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുസ്ലിം ലീഗ് എല്ലാ കാലത്തും വിശ്വാസികൾക്കൊപ്പമാണ്. വിവിധ ജനങ്ങളുടെ ആരാധന സ്വാതന്ത്ര്യത്തിനും പാർട്ടി എതിരല്ല. ഇക്കാര്യത്തിൽ കോടതി വിധി വന്നശേഷം ലീഗ് തങ്ങളുടെ നിലപാട് പറഞ്ഞതാണ്. ഇപ്പോൾ അവിടെ ആരാധന തുടങ്ങുന്നതല്ല വിഷയം. പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ഉദ്ഘാടനമാക്കി ഇതിനെ മാറ്റുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഹൈന്ദവ സമൂദായത്തിന്റെ വിശ്വാസത്തെ ലീഗ് അങ്ങേയറ്റം ബഹുമാനിക്കുന്നു. ഇതിൽ അഭിപ്രായം പറയാൻ ലീഗ് ആഗ്രഹിക്കുന്നില്ല.
ഈ ഘട്ടത്തിൽ ഇതിലപ്പുറം ഈ വിഷയത്തിൽ പ്രതികരിക്കാനില്ല. കോൺഗ്രസിന് അവരുടെ സ്വതന്ത്രമായ തീരുമാനം എടുക്കാം. ദേശീയ തലത്തിലെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കേണ്ടിവരും. ബിജെപി നടത്തുന്ന രാഷ്ട്രീയമുതലെടുപ്പിനെ എല്ലാവരും തിരിച്ചറിയണം. മതേതരകാഴ്ചപ്പാടുള്ള പാർട്ടികളൊക്കെ അത് ചെയ്യുമെന്നാണ് പാർട്ടി വിശ്വസിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അയോധ്യ പ്രതിഷ്ഠാ ദിനചടങ്ങ് വിവാദമാക്കേണ്ട കാര്യമില്ലെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ പറഞ്ഞു. ആരാധനാലയങ്ങൾ വിശ്വാസികളുടെ പുണ്യകേന്ദ്രമാണ്. ഈ വിഷയത്തിൽ ലീഗ് വിശ്വാസികൾക്കൊപ്പമാണ്. ഇതിനെ രാഷ്ട്രീയ അജണ്ടയാക്കുന്നതിനോട് യോജിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കോൺഗ്രസിന് സ്വതന്ത്ര തീരുമാനമെടുക്കാമെന്ന് ലീഗ് പറഞ്ഞെങ്കിലും കോൺഗ്രസ് പിന്മാറുമെന്ന പ്രതീക്ഷയാണ് ലീഗിനുള്ളത്. സമസ്ത അടക്കം ഉടക്കി നിൽക്കുന്ന പശ്ചാത്തലത്തിൽ ലീഗ് ആഗ്രഹിക്കുന്നതും അതുതന്നെയാണ്. അതേസമയം, അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിൽ കോൺഗ്രസ് പങ്കെടുത്തേക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ക്ഷണം കിട്ടിയ പ്രധാന നേതാക്കൾ പോകില്ലെന്നാണ് വിവരം. ചടങ്ങിലേക്ക് പ്രതിനിധികളെ അയക്കുന്ന കാര്യത്തിലും തീരുമാനമായില്ല. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന ഘടകങ്ങളോട് പരസ്യ പ്രസ്താവന വേണ്ടെന്നാണ് ഹൈക്കമാൻഡ് നിർദ്ദേശം. അയോധ്യ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുന്നതിൽ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിക്കും വിയോജിപ്പുണ്ടെന്ന് നേരത്തെ പുറത്തുവന്നിരുന്നു.
സോണിയ ഗാന്ധിക്കും ഖർഗെയ്ക്കും പുറമെ അധിർ രഞ്ജൻ ചൗധരിക്കാണ് കോൺഗ്രസിൽ നിന്ന് ക്ഷണം കിട്ടിയത്. എന്നാൽ പങ്കെടുക്കുന്നതിൽ വിയോജിപ്പുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, ചടങ്ങിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് തീരുമാനമായില്ലെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കി. കോൺഗ്രസ് പങ്കെടുക്കുന്നതിനെതിരെ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. ബിജെപിയുടെ ഒരു കെണിയിലും കോൺഗ്രസ് വീഴില്ലെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ ഇന്നലെ വ്യക്തമാക്കിയിരുന്നു.
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു കെസി വേണുഗോപാലിന്റെ പ്രതികരണം. അയോധ്യയിലേത് മതപരമായ ചടങ്ങാണെന്നും അതിനെ രാഷ്ട്രീയവത്കരിക്കുന്നുവെന്നും കെസി പറഞ്ഞിരുന്നു. അതിനിടയിലാണ് വിമർശനം ശക്തമായതോടെ പിന്മാറാനുള്ള കോൺഗ്രസ് തീരുമാനം പുറത്തുവരുന്നത്.
മറുനാടന് മലയാളി ബ്യൂറോ