തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കുന്നംകുളം പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദിച്ച സംഭത്തില്‍ പ്രതിഷേധം ശക്തമാണ്. ഈ വിഷയത്തില്‍ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പ്രതികരിക്കാതിരിക്കുന്നതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. സുജിത്ത് പിണറായി വിജയന്റെ പൊലീസ് നയത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണെന്ന് ചെന്നിത്തല പറഞ്ഞു.

ഒരു പൊലീസ് സ്റ്റേഷനിലും സാധാരണക്കാരന് രക്ഷയില്ല. സുജിത്തിനെ മര്‍ദിച്ച പൊലീസുകാരെ സര്‍വീസ് നിന്നും പുറത്താക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രശ്‌നം പൊലീസ് നയത്തിന്റേതാണ്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ പൊലീസ് നയത്തിന്റെ ഭാഗമാണിത്. ഇനി കേരളത്തിലെ പൊലീസ് സ്റ്റേഷനില്‍ പാവപ്പെട്ടവനെ മര്‍ദിക്കരുത്. ഇത് അവസാനത്തെ സംഭവമാകണം. മുഖ്യമന്ത്രിയുടെ മൗനം ഇത്തരം അക്രമങ്ങള്‍ ഉണ്ടാകുന്നതിന് പ്രേരണയാകുന്നുവെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

ആക്രമണത്തില്‍ ഉത്തരവാദിത്വം ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിക്കുമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കസ്റ്റഡി മര്‍ദനത്തില്‍ പൊലീസുകാരെ പിരിച്ചുവിടാമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് ഇന്ന് നിയമോപദേശം ലഭിച്ചിരുന്നു. നേരത്തെ നാല് പൊലീസുകാരെയും സസ്‌പെന്‍ഡ് ചെയ്യാമെന്ന് തൃശൂര്‍ റേഞ്ച് ഡിഐജി ഉത്തരമേഖല ഐജിയോട് ശുപാര്‍ശ ചെയ്തിരുന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഉത്തര മേഖലാ ഐജിക്ക് സമര്‍പ്പിച്ചു.

തൃശൂര്‍ റേഞ്ച് ഡിഐജി ഹരിശങ്കറാണ് സസ്‌പെന്‍ഷന്‍ ശുപാര്‍ശ ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ട് നല്‍കിയത്. നേരത്തെ സ്വീകരിച്ച അച്ചടക്ക നടപടി പുനഃപരിശോധിക്കാനും ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ഇതോടെ പിരിച്ചുവിടല്‍ പോലുള്ള കടുത്ത നടപടിക്ക് തുടക്കമാവുമെന്നാണ് സൂചന.

കുന്നംകുളം സ്റ്റേഷനില്‍ വെച്ച് 2023 ഏപ്രിലിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ എസ്‌ഐ നുഹ്‌മാന്റെ നേതൃത്വത്തില്‍ മര്‍ദിച്ചത്. സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതാണ് കാക്കി ക്രൂരതയ്ക്ക് കാരണം. രണ്ട് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് പൊലീസ് ക്രൂരതയുടെ സിസിടിവികള്‍ പുറത്ത് എത്തിക്കാന്‍ സുജിത്തിന് കഴിഞ്ഞത്.