- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശത്രുവിന്റെ ശത്രു മിത്രമെന്ന പോളിസിയിലേക്ക് ചെന്നിത്തലയും! ഇതുവരെ പരസ്പ്പരം പോരടിച്ചവർ തരൂരിലെ മുഖ്യശത്രുവിനെ കണ്ട് ഒറ്റക്കെട്ടാകുന്നോ? സതീശൻ തരൂരിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവിനെ പിന്തുണച്ച് ചെന്നിത്തല; എന്തു കുപ്പായം തയ്പ്പിക്കാനും നാല് വർഷം സമയമുണ്ടെന്ന് പറഞ്ഞ് കെ മുരളീധരനും മറുപടി; ഗ്രൂപ്പു സമവാക്യങ്ങളും മാറി മറിയുന്നു
തിരുവനന്തപുരം: ശശി തരൂർ കേരള രാഷ്ട്രീയത്തിൽ സജീവമാകാൻ ഒരുങ്ങിയതോടെ സംസ്ഥാനത്തെ ഗ്രൂപ്പു സമവാക്യങ്ങളും മാറി മറിയുന്ന അവസ്ഥയിൽ. ഇന്നലെ വരെ പരസ്പ്പരം പോരടിച്ച നേതാക്കൾ ഇപ്പോൾ തരൂരാണ് മുഖ്യശത്രുവെന്ന് ഉറപ്പിച്ചതോടെ താൽക്കാലികമായെങ്കിലും പരസ്പ്പരം കൈകൊടുക്കാൻ ഒരുങ്ങുകയാണ്. അതിന്റെ സൂചനകളാണ് ഇപ്പോൾ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്കിടയിൽ നിന്നും ഉരുത്തിരിഞ്ഞു വരുന്ന കാര്യവും.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ പിന്തുണച്ചു കൊണ്ടാണ് ചെന്നിത്തല രംഗത്തുവന്നത്. സതീശൻ തരൂരിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. എല്ലാ നേതാക്കൾക്കും പാർട്ടിയിൽ ഇടമുണ്ട്. ഭിന്നിപ്പ് ഉണ്ടാകുന്നതിന് ആരും കാരണക്കാരാകരത്. ഇത് കോൺഗ്രസ് ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണെന്നും ചെന്നിത്തല പറഞ്ഞു. ശശി തരൂർ വിവാദത്തിൽ കെ.മുരളീധരന്റെ വിമർശനങ്ങൾക്കും ചെന്നിത്തല മറുപടി നൽകി. തരൂരുമായി ബന്ധപ്പെട്ട വിവാദത്തിനു പിന്നിൽ മുഖ്യമന്ത്രിക്കുപ്പായം തുന്നിവച്ചവരാകാമെന്ന കെ.മുരളീധരന്റെ പരിഹാസത്തോടാണ് ചെന്നിത്തലയുടെ പ്രതികരണം. എന്തു കുപ്പായം തയ്‌പ്പിക്കണമെങ്കിലും നാലു വർഷം സമയമുണ്ടെന്ന് ചെന്നിത്തല പ്രതികരിച്ചു. ഇപ്പോഴേ ഒന്നും തയ്‌പ്പിക്കേണ്ടതില്ലെന്ന് ചെന്നിത്തല പറഞ്ഞു.
പാർട്ടിയിൽ ഒരു രീതിയുണ്ട്. അതനുസരിച്ച് എല്ലാവരും പ്രവർത്തിക്കണം. കോൺഗ്രസ് നേതാക്കൾ ഒറ്റക്കെട്ടായിരിക്കണം. എല്ലാ നേതാക്കന്മാർക്കും പാർട്ടിയിൽ പ്രവർത്തിക്കാൻ അവസരമുണ്ട്. എന്നാൽ പ്രവർത്തനം പാർട്ടിയുടെ ചട്ടക്കൂടിലൂടെ വേണമെന്നു മാത്രം. പരസ്യ പ്രസ്താവന കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ വിലക്കിയിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഒന്നും പറയുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
മലബാർ പര്യടനവുമായി ബന്ധപ്പെട്ട് ശശി തരൂർ എംപിക്ക് അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയത് ആരെന്നറിയാമെന്നു കെ.മുരളീധരൻ എംപി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി കുപ്പായം തയ്ച്ചുവച്ച ചിലർക്ക് ഇതിൽ പങ്കുണ്ടെന്നും പാർട്ടിയുടെ ആഭ്യന്തര കാര്യമായതിനാൽ പുറത്തുപറയാൻ കഴിയില്ലെന്നുമായിരുന്നു മുരളീധരന്റെ വാക്കുകൾ. തരൂരിനെ വിലക്കിയതിൽ ഗൂഢാലോചനയുണ്ടോയെന്ന ചോദ്യത്തിന്, എല്ലാ തരത്തിലുള്ള ആലോചനയും ഉണ്ടെന്നും മര്യാദയ്ക്ക് അല്ലാതെയുള്ള എല്ലാ ആലോചനകളും ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
രാഷ്ട്രീയരംഗത്ത് വലിയ ചർച്ചയായി മാറിയ മലബാർ പര്യടനം വിജയകരമായി പൂർത്തിയാക്കിയ ശശി തരൂരിന്റെ ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പാണെന്നു വ്യക്തമായതോടെ, കോൺഗ്രസിലെ പോര് മുറുകുമെന്ന് ഉറപ്പായിട്ടുണ്ട്. തരൂരിനെ പിടിച്ചുനിർത്താൻ അദ്ദേഹത്തിന്റെ 'കോൺഗ്രസ് വിരുദ്ധ' സമീപനങ്ങൾ ചർച്ചയാക്കാനാണ് പാർട്ടിക്കുള്ളിലെ എതിർപക്ഷം. ഇതിന്റെ ഭാഗമായി തരൂർ മുൻപ് മുഖ്യമന്ത്രി പിണറായി വിജയനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പ്രകീർത്തിച്ചതും, അദാനിയോടുള്ള സമീപനവുമൊക്കെ അവർ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നുണ്ട്.
സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന താൻ ഇനി ലോക്‌സഭയിലേക്കില്ലെന്ന സൂചനകളാണ് തരൂർ നൽകുന്നത്. മുഖ്യമന്ത്രി പദം ലക്ഷ്യമിട്ടുള്ള തരൂരിന്റെ നീക്കങ്ങൾക്കെതിരെ ഇതുവരെ നടത്തിയ നീക്കങ്ങൾ ഫലം കാണാത്ത പശ്ചാത്തലത്തിലാണ് എതിർപക്ഷം അടുത്ത ഘട്ടത്തിലേക്ക് കടന്നിട്ടുള്ളത്. തരൂരിന്റെ നിലപാടുകളുടെയും പ്രസ്താവനകളുടെയും ഉള്ളു ചികയുകയാണ് ഗ്രൂപ്പ് മാനേജർമാർ. ഇതിന്റെ ഭാഗമായി മോദി സ്തുതിയും പിണറായിയെ പ്രകീർത്തിക്കലും അദാനിയോടുള്ള സമീപനവുമൊക്കെ താഴെത്തട്ടിൽ ചർച്ചയാക്കുകയാണ് തരൂർ വിരുദ്ധർ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തന്നെ ഇതിനു കഴിഞ്ഞ ദിവസം തുടക്കമിട്ടിരുന്നു.
ഇതിന് മറുപടിയുമായി തരൂർ ഇന്ന് രംഗത്തു വന്നിരുന്നു. തിരുവനന്തപുരം കോർപറേഷനു മുന്നിലെ യുഡിഎഫ് സമരവേദിയിലെത്തിയാണ് തരൂർ ജനകീയ വിഷങ്ങളിൽ കൂടുതൽ ഇടപെട്ടു തുടങ്ങിയത്. കോർപറേഷനിലെ കത്തു വിവാദവുമായി ബന്ധപ്പെട്ടുള്ള യൂത്ത് കോൺഗ്രസ് സമരത്തിലാണ് തരൂർ എത്തിയത്. മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആദ്യം ആവശ്യപ്പെട്ടത് താനാണെന്ന് സമരവേദിയിൽവച്ച് തരൂർ ചൂണ്ടിക്കാട്ടി. ചിലർ അക്കാര്യം മറന്നുവെന്നും തരൂർ കുറ്റപ്പെടുത്തി.
സംസ്ഥാന സർക്കാരിനും സിപിഎമ്മിനും എതിരായി ശശി തരൂർ നിലപാടെടുക്കുന്നില്ലെന്ന വിമർശനങ്ങൾക്കിടെയാണ്, കോർപറേഷൻ ഓഫിസിനു മുന്നിലെ യുഡിഎഫ് സമരവേദിയിലേക്ക് ശശി തരൂർ എത്തിയത്. തനിക്കെതിരായ വിമർശനങ്ങൾക്കു മറുപടി നൽകുക കൂടി ലക്ഷ്യമിട്ടാണ് കോർപറേഷന് മുൻപിൽ ഡിസിസിയുടെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചികാല സത്യാഗ്രഹ സമരത്തിൽ തരൂർ പങ്കെടുത്തത്. തിരുവനന്തപുരത്ത് ഇല്ലാത്തതിനാലാണ് ഇതുവരെ ഈ സമരത്തിന്റെ ഭാഗമാകാൻ സാധിക്കാതെ പോയതെന്ന് ശശി തരൂർ സമരവേദിയിൽ വ്യക്തമാക്കി. ഈ സമരത്തിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുന്നതായും അദ്ദേഹം അറിയിച്ചു.
'നവംബർ ഏഴിന് മേയറിന്റെ രാജി ആവശ്യപ്പെട്ട ആദ്യത്തെ എംപിയും ആദ്യത്തെ നേതാവും ഞാനാണ്. ഇത് അന്നത്തെ പത്രങ്ങളിലെല്ലാം വന്നതുമാണ്. അക്കാര്യം ചിലരെങ്കിലും മറന്നുപോയി. വ്യക്തമായ ആലോചനകളുടെ അടിസ്ഥാനത്തിലാണ് അന്ന് ഞാൻ ആ നിലപാട് സ്വീകരിച്ചത്. ഇന്ന് 24ാം തീയതിയായി. ആ നിലപാടിൽ എനിക്ക് യാതൊരു ഖേദവുമില്ല' തരൂർ പറഞ്ഞു. മുഖ്യമന്ത്രി തെറ്റു ചെയ്താൽ അദ്ദേഹത്തെ വിമർശിക്കാനും തനിക്കു യാതൊരു മടിയുമില്ലെന്ന് തരൂർ പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ