തിരുവനന്തപുരം: എത്ര വിമര്‍ശനം ഉണ്ടായാലും റീല്‍സ് തുടരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വികസനപ്രവര്‍ത്തനം ജനങ്ങളിലെത്തിക്കാന്‍ പുതിയ കാലത്ത് സോഷ്യല്‍ മീഡിയയെ ഉപയോഗിക്കേണ്ടതായി വരുമെന്ന് മന്ത്രി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു. മന്ത്രിമാര്‍ അവരുടെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കണമെന്നാണ് പ്രസ്ഥാനം പറഞ്ഞിട്ടുള്ളത്. എല്ലാവരും അത് ശ്രദ്ധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

രാഷ്ട്രീയ ലാഭത്തിനായി ബിജെപിയും യുഡിഎഫും ശ്രമിച്ചു കൊണ്ടേയിരിക്കുകയാണ്. ദേശീയപാതയ്ക്കായി 5560 കോടി രൂപ സംസ്ഥാനം ചെലവിട്ടു. കേരളത്തിന്റെ റോള്‍ ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. ദേശീയപാത വികസനത്തില്‍ കേരളത്തിന്റെ റോള്‍ പറഞ്ഞുകൊണ്ടേയിരിക്കും.

റീല്‍സ് ജനങ്ങളേറ്റെടുക്കുന്നു, സോഷ്യല്‍ മീഡിയയിലൂടെ ലക്ഷക്കണക്കിന് ജനങ്ങളിലേയ്ക്കെത്തുന്നുവെന്നത് നിങ്ങള്‍ക്ക് തലവേദനയാണെന്നറിയാം. അതുകൊണ്ട് നിങ്ങള്‍ എത്ര പരിഹസിച്ചാലും ഇനിയുള്ള ഒരു വര്‍ഷം വികസന പ്രവര്‍ത്തനത്തിന്റെ റീല്‍സ് ഇടല്‍ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചാരണം ഞങ്ങള്‍ അവസാനിപ്പിക്കും എന്ന് നിങ്ങള്‍ വ്യാമോഹിക്കണ്ട. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നില്ലായിരുന്നുവെങ്കില്‍ എന്‍എച്ച് 66 കേരളത്തില്‍ ഇന്നും സ്വപ്നങ്ങളില്‍ മാത്രമാണെന്നും മന്ത്രി പറഞ്ഞു.

എന്‍എച്ച് 66 ന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്ത് പരിഹരിച്ച് യാഥാര്‍ഥ്യമാക്കുമെന്നതില്‍ തര്‍ക്കമില്ല. കേരളത്തിലെ സര്‍ക്കാര്‍ ഇതിന് പണം മുടക്കിയിട്ടുണ്ട്. ഇല്ലെന്ന് പറയാന്‍ വിമര്‍ശിക്കുന്ന ബിജെപി നേതാക്കന്‍മാര്‍ക്ക് പറ്റുമോ. വസ്തുതകള്‍ പറയുക തന്നെ ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ദേശീയപാത പ്രവര്‍ത്തിയുടെ ഉത്തരവാദിത്തം ദേശീയപാത അതോറിറ്റിക്കാണ്. പ്രവര്‍ത്തിയുടെ ഗുണനിലവാരം പരിശോധിക്കേണ്ടത് ദേശീയപാത അതോറിറ്റിയാണ്. സംസ്ഥാനം 1190 ഹെക്ടര്‍ ഭൂമി ഏറ്റെടുത്ത് നല്‍കി. കേന്ദ്രത്തിന്റെ ഔദാര്യം അല്ല, സംസ്ഥാനത്തിന്റെ നികുതി പണം കൂടിയാണ് റോഡിനു വേണ്ടി ചെലവഴിച്ചതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനു കാല്‍ അണ മുതല്‍ മുടക്കില്ലെന്ന നിലയില്‍ പ്രചാരണം നടക്കുന്നു. ഇത് തെറ്റാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മന്ത്രിയുടെ റീല്‍സിനു നേരെ ഇന്നലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അടക്കമുള്ള നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.