കോഴിക്കോട്: ഇടതുമുന്നണിയിലെ സഖ്യകക്ഷിയായ രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) സംസ്ഥാന അധ്യക്ഷന്‍ എം.വി. ശ്രേയാംസ് കുമാര്‍ ഇനി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചു. മുന്നണി വിടുക എന്നത് നിലവില്‍ പാര്‍ട്ടിയുടെ അജണ്ടയിലില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയെങ്കിലും, ഇടതുമുന്നണിയില്‍ ആര്‍ജെഡി കടുത്ത അവഗണന നേരിടുകയാണെന്നും തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം മുന്നണിക്കുള്ളിലെ അച്ചടക്കമില്ലായ്മയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ പലയിടത്തും ആര്‍ജെഡി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ വോട്ട് മറിച്ചു കുത്തിയതായി ശ്രേയാംസ് കുമാര്‍ ആരോപിച്ചു. എല്‍ഡിഎഫ് നേതാക്കള്‍ വിമതരെയും സ്വതന്ത്രരെയും പിന്തുണച്ചപ്പോഴും ആര്‍ജെഡി കൃത്യമായ മുന്നണി മര്യാദ കാട്ടിയെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയവും അമിത ആത്മവിശ്വാസവും തിരിച്ചടിക്ക് കാരണമായിട്ടുണ്ടാകാമെങ്കിലും, പ്രധാന പ്രശ്‌നം മുന്നണിക്കുള്ളിലെ അച്ചടക്കമില്ലായ്മയാണെന്നും ആര്‍ജെഡി ചൂണ്ടിക്കാട്ടി.

പാര്‍ട്ടിക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്നും, പരേതനായ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആര്‍ജെഡിക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ ഇന്നത്തെ സിപിഎം നേതൃത്വം തയ്യാറാകണമെന്നും ശ്രേയാംസ് കുമാര്‍ ആവശ്യപ്പെട്ടു. തിരുവിതാംകൂര്‍, കൊച്ചി മേഖലകളില്‍ കൂടുതല്‍ സീറ്റുകള്‍ക്ക് ആര്‍ജെഡിക്ക് അര്‍ഹതയുണ്ടെന്നും എന്നാല്‍ നിലവില്‍ പാര്‍ട്ടിയുടെ ശക്തിക്കനുസരിച്ചുള്ള സീറ്റുകള്‍ ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടതുമുന്നണിയില്‍ സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ടെങ്കിലും ആര്‍ജെഡി നിലവില്‍ അനീതി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് ജാഥയ്ക്ക് ശേഷം പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ മുന്നണിയില്‍ ശക്തമായി ഉന്നയിക്കാനാണ് ആര്‍ജെഡി നേതൃത്വത്തിന്റെ തീരുമാനം.