കോട്ടയം: കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി പാലായില്‍ തന്നെ മത്സരിക്കുമെന്ന് ആവര്‍ത്തിച്ചു റോഷി അഗസ്റ്റിന്‍. പാലായില്‍ സംഭവിച്ച പിഴവുകള്‍ തിരുത്തി മുന്നോട്ട് പോകുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. തീരുമാനം കൈകൊള്ളുമെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞത്. അല്ലാതെ അദ്ദേഹം മത്സരിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. അനാഥത്വത്തില്‍ നിന്ന് ഉയര്‍ന്നുവന്നതല്ല കേരള കോണ്‍ഗ്രസ്. ഇതിന് നേതാക്കളുണ്ട്, നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

അതേസമയം, മത്സരിക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ജോസ് കെ.മാണി പറഞ്ഞു. ഇക്കാര്യത്തില്‍ മുന്‍നിലപാട് ആവര്‍ത്തിക്കുകയാണ് ജോസ് കെ മാണി ചെയ്തത്. പാര്‍ട്ടി യോഗം ചേര്‍ന്ന് ചര്‍ച്ചകള്‍ നടത്തിയാവും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. സിറ്റിങ് എം.എല്‍.എമാര്‍ തന്നെ മണ്ഡലങ്ങളില്‍ മത്സരിക്കണോയെന്ന കാര്യത്തിലും ഇനിയും തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ എല്‍.ഡി.എഫിന്റെ മധ്യമേഖല ജാഥക്കിടെ റോഷി അഗസ്റ്റിന്‍ ജോസ് കെ.മാണി പാലായില്‍ മത്സരിക്കുമെന്ന് പറഞ്ഞിരുന്നു.

ജാഥ അടിമാലിയില്‍ എത്തിയപ്പോഴായിരുന്നു പാര്‍ട്ടി ചെയര്‍മാന്‍ പാലായില്‍ത്തന്നെ മത്സരിക്കുമെന്ന് റോഷി അഗസ്റ്റിന്‍ പ്രഖ്യാപിച്ചത്. പിന്നാലെ വിദ്യാര്‍ഥി സംഘടനയിലൂടെ വളര്‍ന്നു വന്ന റോഷി അഗസ്റ്റിന്‍ ചോരത്തിളപ്പു കൊണ്ട് പറഞ്ഞ കാര്യമാണ് ഇതെന്നും താന്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും വ്യക്തമാക്കി ജോസ് കെ.മാണിയും രംഗത്തു വന്നു.

കേരള കോണ്‍ഗ്രസ് ഇടതുമുന്നണി വിടാന്‍ നീക്കം നടത്തിയപ്പോള്‍ റോഷി അഗസ്റ്റിനെ ഉപയോഗിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിന് തടയിട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൂപ്പര്‍ ചെയര്‍മാനായി കേരള കോണ്‍ഗ്രസില്‍ റോഷി അഗസ്റ്റിന്‍ മാറുന്നതായി പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

പാലായിലെ വികസന വിഷയത്തില്‍ മാണിസി കാപ്പനുമായി കൊമ്പ് കോര്‍ക്കുന്നുണ്ടെങ്കിലും ഇതുവരെ മത്സരിക്കുമെന്ന് ജോസ് കെ മാണി പറഞ്ഞിട്ടില്ല. ഇതുതന്നെയാണ് ആശയക്കുഴപ്പത്തിന്റെ പ്രധാന കാരണം. മുന്നണി മാറ്റം ചര്‍ച്ചയായ സമയത്ത് റോഷി അടക്കമുള്ളവര്‍ സ്വീകരിച്ച നിലപാടാണ് യുഡിഎഫ് പ്രവേശനത്തിന് തടയിട്ടത്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളില്‍ നേതൃത്വത്തിലെ ഭിന്നിപ്പ് പുറത്തുവരുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

അതേസമയം ജോസ് കെ. മാണി യുഎഡിഎഫില്‍ ചേരുന്നതിനായി കോണ്‍ഗ്രസ് നേതാക്കളെ പോയിക്കണ്ടതായി പാലാ എം.എല്‍.എ മാണി സി. കാപ്പന്‍ വ്യക്തമാക്കിയിരുന്നു. താന്‍ പറഞ്ഞത് നിഷേധിക്കാനാവുമോയെന്ന് ചോദിച്ച് ജോസ് കെ. മാണിയെ മാണി സി. കാപ്പന്‍ വെല്ലുവിളിച്ചു. 'കണ്ട നേതാക്കളെ ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. കുരിശ് പള്ളി മാതാവിന്റെ മുന്നില്‍ വെച്ച് കണ്ടില്ലെന്ന് പറയുവാണേല്‍ ജോസ് കെ മാണി പറയുന്ന പണി ഞാന്‍ ചെയ്യും' എന്നും കാപ്പന്‍ പറഞ്ഞു.

നേരത്തേ മാണി സി. കാപ്പനെതിരെ ജോസ് കെ മാണി ഉയര്‍ത്തിയ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതിനും മാണി.സി കാപ്പന്‍ മറുപടി നല്‍കി. കെ.എം മാണി ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് പാലായില്‍ നടന്നതെന്നും ജില്ലാ വികസന അവലോകന യോഗങ്ങളില്‍ കാപ്പന്‍ പങ്കെടുക്കുന്നില്ലെന്നും ജോസ് കെ. മാണി ആരോപിച്ചിരുന്നു. എന്നാല്‍, വീണ്ടും മത്സരിച്ചാല്‍ തോല്‍ക്കുമെന്ന ഭയമാണ് ജോസ് കെ. മാണിയുടെ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് മാണി സി. കാപ്പന്‍ മറുപടി നല്‍കി.

പാലായിലെ പദ്ധതികള്‍ എങ്ങനെയാണ് മുടക്കിയത് എന്നാണ് ജോസ് കെ മാണി വാര്‍ത്താസമ്മേളനത്തിലൂടെ പറഞ്ഞത്. പദ്ധതികള്‍ക്ക് അദ്ദേഹം വിഘാതം സൃഷ്ടിക്കുന്നു. പാലായുടെ വികസനത്തിനായി മാണി സി. കാപ്പന്‍ ഒന്നും ചെയ്തിട്ടില്ലെന്നും, ജനങ്ങള്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ ഒരു പ്രാദേശിക പദ്ധതി പോലും അവിടെയില്ലെന്നും ജോസ് കെ. മാണി ആരോപിച്ചിരുന്നു.