പാലക്കാട്: അപ്രതീക്ഷിത നീക്കത്തിലൂടെ സന്ദീപ് വാര്യരെ പാളയത്തിലാക്കി ബി.ജെ.പിക്ക് കോണ്‍ഗ്രസ് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കിയെങ്കിലും മറുവശത്ത് ശക്തമായ നീക്കങ്ങള്‍. പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ അവസാന നിമിഷത്തിലാണ് സന്ദീപ് ബിജെപിക്ക് പ്രഹരം നല്‍കിയത്. ഈ പശ്ചാത്തലത്തില്‍ അതിന് അതിജീവിക്കാനുള്ള നീക്കങ്ങളാണ് ബിജെപി ശക്തമാക്കിയത്. പാര്‍ട്ടിക്കുള്ളില്‍ ഭിന്നകോണുകളില്‍ നില്‍ക്കുന്നവരും ഇപ്പോള്‍ പരിവാര്‍ താല്‍പ്പര്യത്തിനായി ഒരുമിക്കുന്ന അവസ്ഥയാണ് ഉള്ളത്.

ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിന്റെ പ്രചരണം ആര്‍എസ്എസ് ഏറ്റെടുത്തിട്ടുണ്ട്. സി കൃഷ്ണകുമാറിനോട് എതിര്‍പ്പുള്ളവര്‍ ഉണ്ടെങ്കിലും പരിവാര്‍ രാഷ്ട്രീയത്തെ സ്‌നേഹിക്കുന്നവരാണ് ഇതോടെ പ്രചരണത്തിന്റെ മുന്‍നിരയിലേക്ക് എത്തിയത്. തങ്ങളുടെ ആശയങ്ങളെ മറുപാളയത്തില്‍ എത്തി സന്ദീപ് തള്ളിപ്പറയുന്നത് ആര്‍എസ്എസിനും സഹിച്ചിട്ടില്ല. ഇതോടെ ഒരു വോട്ടുപോലും പരിവാര്‍ കുടംബത്തില്‍ നിന്നും ബിജെപിക്ക് കിട്ടരുത് എന്ന കരുതലിലാണ് സംഘടന. ആര്‍എസ്എസിന്റെ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ പ്രചരണം അവസാന ലാപ്പില്‍ മണ്ഡലത്തില്‍ സജീവമാകും.

ശോഭാ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ മണ്ഡലത്തില്‍ ഇപ്പോള്‍ ബിജെപി സ്ഥാനാര്‍ഥിക്കായി പ്രചരണ രംഗത്തുണ്ട്. പാലക്കാട് നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ പി. സരിന്‍ സി.പി.എമ്മിലേക്കും ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബി.ജെ.പിയിലേക്കും കളംമാറിയതിന്റെ ക്ഷീണം തീര്‍ക്കല്‍ കൂടിയാണിത് കോണ്‍ഗ്രസിന്.

വരുംദിവസങ്ങളില്‍ കോണ്‍ഗ്രസിന്റെ തീമുനയാകുമെന്നതിന്റെ സൂചന നല്‍കി കരുവന്നൂരും കൊടകരയും തമ്മില്‍ വെച്ചുമാറുന്നതിനെ എതിര്‍ത്തതും ധര്‍മരാജന്റെ കാള്‍ ലിസ്റ്റില്‍ പേരില്ലാതെ പോയതുമാണ് താന്‍ ചെയ്ത കുറ്റമെന്ന് സന്ദീപ് വ്യക്തമാക്കിക്കഴിഞ്ഞു. ഇതോടെ സന്ദീപ് ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ അതേനാണയത്തില്‍ നേടാനാണ് ബിജെപിയുടെയും ശ്രമം. സന്ദീപ് നല്ലനടപ്പ് കഴിഞ്ഞ് തിരിച്ചെത്തുമെന്ന് കരുതിയിരുന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ അമ്പരപ്പ് വാര്‍ത്തസമ്മേളനത്തിലും പ്രകടമായിരുന്നു.

ശനിയാഴ്ച വൈകീട്ട് മുതല്‍ രാഹുലിനുവേണ്ടി പ്രചാരണത്തിനിറങ്ങിയ സന്ദീപിന്റെ ആരോപണങ്ങള്‍ പ്രതിരോധിക്കേണ്ടിവരുക എന്‍.ഡി.എ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറായിരിക്കും. തെരഞ്ഞെടുപ്പിന്റെ അന്തിമ ലാപ്പില്‍ ബി.ജെ.പിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍ എങ്കിലും ആലസ്യത്തില്‍ കഴിഞ്ഞ പരിവാര്‍ നേതാക്കള്‍ ശക്തമായി കളം നിറയുമെന്നാണ് ഇപ്പോഴത്തെ സൂചനകള്‍.

ഒരു മാസം മുമ്പേ നടന്ന എന്‍.ഡി.എ കണ്‍വെന്‍ഷനില്‍ ഇരിപ്പിടം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പിണങ്ങിപ്പോയ സന്ദീപിന്റെ തുടര്‍ദിവസങ്ങള്‍ തുറന്നുപറച്ചിലുകളുടേതായിരുന്നു. കാലങ്ങളായി പാര്‍ട്ടി നേതൃത്വത്തില്‍നിന്ന് അനുഭവിക്കേണ്ടിവന്ന അവഗണനയുടെ കഥകളായിരുന്നു മാധ്യമങ്ങള്‍ക്കു മുന്നില്‍ സന്ദീപ് കെട്ടഴിച്ചത്. പാലക്കാട്ടെ എന്‍.ഡി.എ സ്ഥാനാര്‍ഥിയും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സി. കൃഷ്ണകുമാര്‍ തന്നെ ബോധപൂര്‍വം തകര്‍ക്കാന്‍ ശ്രമിച്ചുവെന്നതായിരുന്നു പ്രധാന ആരോപണം.

തന്റെ പ്രതിഷേധങ്ങള്‍ക്ക് പാര്‍ട്ടി വിലകല്‍പിക്കുന്നില്ലെന്ന് മനസ്സിലാക്കിത്തുടങ്ങിയപ്പോഴാണ് പുറത്തേക്കുള്ള വഴികള്‍ സന്ദീപ് തേടിയത്. സന്ദീപുമായി അടുപ്പമുണ്ടായിരുന്ന ആര്‍.എസ്.എസ് നേതൃത്വം ഇടപെട്ടെങ്കിലും പിണക്കം മാറിയില്ല. തങ്ങള്‍ രംഗത്തിറങ്ങിയിട്ടും സന്ദീപ് അത് കേട്ടില്ലെന്ന വികാരം പരിവാറിനുണ്ട്. ഇതോടെ അവസാനലാപ്പിലും മത്സരം ആവേശകരമാകും.

അതേസമയം കൊട്ടിക്കലാശത്തിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ പാലക്കാട് പ്രചാരണം തീപാറുകയാണ്. യുഡിഎഫിന്റെ പ്രചരണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഇന്ന് മണ്ഡലത്തിലെത്തും. പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്ന റോഡ് ഷോയും മണ്ഡലത്തില്‍ സംഘടിപ്പിക്കും. അതേസമയം, എല്‍ഡിഎഫിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്നും മണ്ഡലത്തില്‍ തുടരും. കണ്ണാടിയിലും ഒലവക്കോടും സുല്‍ത്താന്‍ പേട്ടിലുമാണ് മുഖ്യമന്ത്രിയുടെ പൊതുയോഗങ്ങള്‍. ഇരട്ട വോട്ട് ആരോപണവും മുന്നണികള്‍ക്കിടയില്‍ സജീവമാണ്.