തിരുവനന്തപുരം: ശബരിമല ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ ക്ഷേത്രങ്ങളിലെ അഴിമതിയിലും സ്വര്‍ണ്ണത്തട്ടിപ്പ് അടക്കമുള്ള വിഷയങ്ങളിലും അടിയന്തരമായി ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.

പുണ്യക്ഷേത്രമായ ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണം മോഷണം പോയതിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഈ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ, സംസ്ഥാനത്തെ മറ്റ് ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളിലെ ഭൂമിയും സ്വര്‍ണ്ണവും മോഷണം പോയ സമാനമായ സംഭവങ്ങളും പുറത്തുവന്നിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ദേവസ്വം ബോര്‍ഡുകളാണ് കേരളത്തിലെ ഭൂരിഭാഗം ഹിന്ദു ആരാധനാലയങ്ങളുടെയും സുരക്ഷയും പരിപാലനവും നടത്തിവരുന്നത്. സ്വര്‍ണ്ണം പൂശിയുള്ള ജോലികളിലെ ഗുരുതരമായ തട്ടിപ്പുകള്‍, സ്വര്‍ണ്ണത്തിന്റെ അളവിലെ വിശദീകരിക്കാനാകാത്ത കുറവുകള്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുള്ളിലെ വ്യവസ്ഥാപരമായ ദുര്‍ഭരണം എന്നിങ്ങനെ നിരവധി ക്രമക്കേടുകളാണ് കോടതി ഇടപെടലിലൂടെയും മാധ്യമ റിപ്പോര്‍ട്ടുകളിലൂടെയും പുറത്തുവന്നിരിക്കുന്നത്.

ശബരിമലയുമായി ബന്ധപ്പെട്ട് നടന്ന കുറ്റകൃത്യങ്ങളും അഴിമതികളും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തന്നെ വീഴ്ചകളാണെന്ന് കേരള ഹൈക്കോടതി വ്യക്തമായി നിരീക്ഷിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ പവിത്രത സംരക്ഷിക്കുന്നതില്‍ ദേവസ്വം ബോര്‍ഡിനും സംസ്ഥാന സര്‍ക്കാരിനും വന്ന വീഴ്ച നിയമപരമായ മര്യാദകളുടെയും ബാധ്യതകളുടെയും ലംഘനമാണ്. ഹൈക്കോടതി, ഈ വിഷയങ്ങളില്‍ (ശബരിമലയിലെ ക്രമക്കേടുകള്‍, SSCR നമ്പര്‍.23/2025) 2025 സെപ്റ്റംബര്‍ 9-ന് സ്വമേധയാ കേസെടുക്കുകയും, അനുമതിയില്ലാതെ സ്വര്‍ണ്ണം പൂശിയുള്ള പുരാവസ്തുക്കള്‍ നീക്കം ചെയ്യുകയും പുനഃസ്ഥാപിക്കുകയും ചെയ്തതുള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിക്കാന്‍ ഉത്തരവിടുകയും ചെയ്തു.

കോടതിയുടെ ഉത്തരവുകളിലും ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടിലും വിശദീകരിച്ചിരിക്കുന്ന സംഭവങ്ങള്‍, ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ പതിറ്റാണ്ടുകളായി നടന്നുവരുന്ന അഴിമതിയെയും അശ്രദ്ധയെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. വിശ്വാസികള്‍ക്കിടയില്‍ ആത്മവിശ്വാസം പുനഃസ്ഥാപിക്കുന്നതിനും പുണ്യക്ഷേത്രങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനും അടിയന്തരനടപടി വേണമെന്ന് ബിജെപി അധ്യക്ഷന്‍ കത്തിലൂടെ ആവശ്യപ്പെടുന്നു. കേരള പോലീസ് ആഭ്യന്തര മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനാല്‍, പോലീസിന്റെ അന്വേഷണത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ല.

ഈ കാര്യങ്ങള്‍ കണക്കിലെടുത്ത് ദേവസ്വം ബോര്‍ഡുകളിലെയും അതിന്റെ അധികാരപരിധിയിലുള്ള ക്ഷേത്രങ്ങളിലെയും കഴിഞ്ഞ 30 വര്‍ഷത്തെ ഇടപാടുകള്‍ അന്വേഷിക്കാന്‍ ഒരു കേന്ദ്ര ഏജന്‍സിക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രആഭ്യന്തരമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

കേരളത്തിലെ ദേവസ്വം ബോര്‍ഡുകളില്‍ സമഗ്രമായ ഓഡിറ്റ് നടത്താന്‍ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന് (സി.എ.ജി) നിര്‍ദ്ദേശം നല്‍കുക. ക്ഷേത്രങ്ങളില്‍ ക്രമക്കേട് തിരിച്ചറിയുന്നതിനും അപ്രോസിക്യൂഷന്‍ ഉറപ്പാക്കുന്നതിനും ഓഡിറ്റ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുക എന്നീ ആവശ്യങ്ങളും ബിജെപി മുന്നോട്ട് വയ്ക്കുന്നു. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്ന് പാര്‍ട്ടി സംസ്ഥാന ഘടകം വിശ്വസിക്കുന്നു. ഇത് പതിറ്റാണ്ടുകളായി തുടരുന്നുവെന്നും ദേവസ്വം ബോര്‍ഡുകള്‍ പോലുള്ള സ്ഥാപനങ്ങളെ ക്രിമിനല്‍ സംഘങ്ങള്‍ കൈയടക്കുകയും നശിപ്പിക്കുകയും ചെയ്തതിന്റെ ഫലമാണെന്നും രാജീവ് ചന്ദ്രശേഖര്‍ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.