- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാരണവരുടെ റോളിൽ അതിഥികളെ അഭിവാദ്യം ചെയ്തു കടന്നപ്പള്ളി; വിവാദക്കാറ് പെയ്തൊഴിഞ്ഞപ്പോൾ ഇ പിയും എത്തി; കൈകൂപ്പി അഭിവാദ്യം ചെയ്‌തെത്തിയ ഗവർണറെ വേദിയിൽ പ്രത്യാഭിവാദ്യം ചെയ്തെങ്കിലും കുശലാന്വേഷണം നടത്താതെ മുഖ്യമന്ത്രി; നിറചിരിയോടെ സജി ചെറിയാനും; സത്യപ്രതിജ്ഞാ വേദിയിൽ കണ്ടത് മഞ്ഞുരുകൽ കാഴ്ച്ച
തിരുവനന്തപുരം: മന്ത്രിസ്ഥാനത്തേക്കുള്ള സജി ചെറിയാന്റെ രണ്ടാം വരവ് ഗവർണർ-സർക്കാർ പോരിന്റെ മഞ്ഞുരുക്കി കൊണ്ടായിരുന്നു. സജിക്ക് മന്ത്രിസ്ഥാനത്തേക്ക് തിരികെ എത്താൻ ഗവർണർ പച്ചക്കൊടി കാട്ടിയത് അടക്കം മുഖ്യമന്ത്രി നേരിട്ടു നടത്തിയ അനുരഞ്ജന ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു. ഇതോടെ കുറച്ചുകാലുമായി രാജ്ഭവനിലും ക്ലിഫ്ഹൗസിലുമായി മൂടിക്കെട്ടിയ കാർമേഘം ഇന്നലെ പെയ്‌തൊഴിഞ്ഞ അവസ്ഥയായി. രാജ്ഭവനിൽ ഇന്നലെ സജി ചെറിയാന്റെ സത്യപ്രതിജ്ഞാ വേളയിൽ അധികം കളിചിരികൾ കാര്യമായി ഉണ്ടായില്ലെങ്കിലും സൗഹാർദ്ദപരമായാണ് കാര്യങ്ങളെല്ലാം നീങ്ങിയത്.
വീണ്ടും മന്ത്രിക്കസേരയിലേക്ക് എത്തുന്നതിന്റെ സന്തോഷത്തിലായിരുന്നു സജി ചെറിയാൻ. മുഖ്യമന്ത്രിയും ചിരിയോടെ തന്നെ തിന്നു. എന്നാൽ കുറച്ചു ഗൗരവത്തിലായിരുന്നു ഗവർണറും. കഴിഞ്ഞ മന്ത്രിസഭയിൽനിന്നു രാജിവച്ച് അതേ മന്ത്രിസഭയിൽ വീണ്ടും മന്ത്രിയായ ചരിത്രമുള്ള ഇ.പി.ജയരാജൻ അതിന്റെ തനിയാവർത്തനത്തിനു സാക്ഷിയാകാൻ ഏറ്റവും ആദ്യം എത്തിയതു കൗതുകമായി. അതേസയമം ഇപിയേക്കാൾ വേഗത്തിലാണ് സജി ചെറിയാൻ മന്ത്രിയായത് എന്ന പ്രത്യേകതയമുണ്ട്. ഇ പിക്ക് 11 മാസം വേണ്ടിവന്നു വീണ്ടും മന്ത്രിപദവിയിൽ എത്താനെങ്കിൽ സജി അതിവേഗത്തിൽ തന്നെ മന്ത്രി കസേരയിലേക്ക് എത്തി.
ഇന്നലെ രാജ്ഭവനിൽ കാരണവരുടെ വേഷമേറ്റെടുത്ത രാമചന്ദ്രൻ കടന്നപ്പള്ളി അതിഥികളെ എല്ലാം സ്വീകരിക്കാനും അഭിവാദ്യം ചെയ്യാനും മുന്നിൽ നിൽക്കുകയായിരുന്നു. മൂന്നരയോടെയായിരുന്നു ഭാര്യ ക്രിസ്റ്റീനയ്‌ക്കൊപ്പം സജി ചെറിയാന്റെ വരവ്. മുൻനിരയിൽ ഇ.പി.ജയരാജനടുത്ത് ഇരുന്നെങ്കിലും മന്ത്രിമാരും നേതാക്കളുമെല്ലാം ഒന്നിനു പിറകെ ഒന്നായി ആശംസ നേരാനെത്തിയതോടെ തിരിക്കിലായി.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉൾപ്പെടെ മുതിർന്ന നേതാക്കളെ അവരുടെ ഇരിപ്പിടത്തിനരികിലെത്തി നിയുക്ത മന്ത്രിയെ അഭിവാദ്യം ചെയ്തു. മുഴുവൻ പേരുടെയും അടുത്തെത്തി സൗഹൃദം പുതുക്കി. 3.50നു ഭാര്യ കമല, ചീഫ് സെക്രട്ടറി വി.പി.ജോയി, സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് എന്നിവർക്കൊപ്പം മുഖ്യമന്ത്രി എത്തി. സജിയെ അഭിവാദ്യം ചെയ്തു നേരെ വേദിയിലേക്കാണു മുഖ്യമന്ത്രി കയറിയത്. പിന്നീട് ഗവർണറുടെ വരവിനായി കാത്തു നിന്നു ഏവരും.
ഏറെക്കാലമായി അത്ര രസത്തിലല്ലാത്ത ഗവർണറും മുഖ്യമന്ത്രിയും പരസ്പരം അടുത്തുകാണുന്ന രംഗത്തെക്കുറിച്ചുള്ള ഉദ്വേഗം സദസ്സിൽ പലർക്കുമുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ അധികം ആശങ്കകൾ മുഖ്യമന്ത്രിക്ക് ഉണ്ടായതായി തോന്നിയില്ല. എല്ലാവരെയും കൈ കൂപ്പി അഭിവാദ്യം ചെയ്‌തെത്തിയ ഗവർണറെ വേദിയിൽ മുഖ്യമന്ത്രി പ്രത്യഭിവാദ്യം ചെയ്തു. അതേസമയം മുൻകാലങ്ങളിലേത് പോലെ ഊഷ്മളമായ ബന്ധം പ്രകടമായില്ല. കുശലാന്വേഷണവുമുണ്ടായില്ല. നാലിനാണു സത്യപ്രതിജ്ഞ നിശ്ചയിച്ചതെങ്കിലും അതിനു മുൻപുതന്നെ ചടങ്ങു തുടങ്ങി. 4 മിനിറ്റുകൊണ്ട് അവസാനിക്കുകയും ചെയ്തു. വേദിയിലെത്തിയ സജി ചെറിയാൻ അഭിവാദ്യം ചെയ്തപ്പോൾ മുഖ്യമന്ത്രിയുടെ മുഖത്തു ചെറുചിരി. ഗവർണർ സജിയെ ഹസ്തദാനം ചെയ്തു.
ചടങ്ങിനു ശേഷം ഗവർണർ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേതാക്കൾക്കുമൊപ്പം അൽപനേരം ചെലവിട്ടു. സൗഹൃദസംഭാഷണത്തിനു പക്ഷേ ആരും മുതിർന്നു കണ്ടില്ല. എം.ബി.രാജേഷിന്റെ സത്യപ്രതിജ്ഞാചടങ്ങ് കഴിഞ്ഞു മുഖ്യമന്ത്രിയെ കാറിനു സമീപം വരെ അനുഗമിച്ച് ഗവർണർ യാത്രയാക്കിയെങ്കിൽ ഇത്തവണ അതുണ്ടായില്ല. കാസർകോട് ഗൃഹസന്ദർശന പരിപാടിയിലായിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ എത്തിയില്ല. സജി രാജിവച്ചപ്പോൾ വകുപ്പുകൾ കൈമാറിക്കിട്ടിയ മൂന്നുപേരിൽ വി.എൻ.വാസവനെത്തി. മന്ത്രി മുഹമ്മദ് റിയാസ് കോഴിക്കോട്ടായിരുന്നു. മന്ത്രി അബ്ദുറഹിമാൻ ആയുർവേദ ചികിത്സയിലും
സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്കു ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും വേദിയിൽ തന്നെ സംഭാഷണവും നടത്തിയയതും ശ്രദ്ധേമായി. സജി ചെറിയാനെതിരായ കേസ് മുതൽ നയപ്രഖ്യാപന പ്രസംഗത്തിന്റെ ഉള്ളടക്കം വരെ പലവിധ അഭ്യൂഹങ്ങളായി. എന്നാൽ, കശ്മീരിൽനിന്നു താൻ കൊണ്ടു വന്ന മധുരപലഹാരങ്ങൾ ഇന്നോ നാളെയോ മുഖ്യമന്ത്രിക്കു കൊടുത്തു വിടുമെന്നാണ് പറഞ്ഞതെന്ന് പിന്നീട് ഗവർണർ തമാശമട്ടിൽ ചിലരോട് പറഞ്ഞു. വൈകിട്ട് അദ്ദേഹം ക്ലിഫ് ഹൗസിലേക്കു കശ്മീരി മധുരപലഹാരം കൊടുത്തു വിടുകയും ചെയ്തു.
ഗവർണർ-സർക്കാർ പോരിന്റെ പശ്ചാത്തലത്തിൽ നയപ്രഖ്യാപനം തത്കാലത്തേക്ക് ഒഴിവാക്കാനാണ് ഡിസംബറിൽ തുടങ്ങിയസമ്മേളനം അവസാനിപ്പിക്കാതെ അതിന്റെ തുടർച്ചയായി ജനുവരിയിൽ ചേരാൻ തീരുമാനിച്ചിരുന്നത്. എന്നാൽ സജി ചെറിയാന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ഗവർണറും കഴിഞ്ഞ ദിവസം ഫോൺ സംഭാഷണം നടത്തുകയുണ്ടായി. ഇതിന് പിന്നാലെയാണ് ഡിസംബർ 13-ന് അവസാനിച്ച നിയമസഭാസമ്മേളനം പിരിഞ്ഞതായി ഗവർണറെ അറിയിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. പുതുവർഷത്തിന്റെ ആദ്യസമ്മേളനം ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ് ആരംഭിക്കുക.
ഇപിയേക്കാൾ വേഗത്തിൽ സജി
പിണറായി വിജയന് ഇ പി ജയരാജനേക്കാൾ പ്രിയങ്കരൻ സജി ചെറിയാനാണോ എന്ന് തോന്നിപ്പിക്കും വിധത്തിലായിരുന്നു സജിയുടെ മന്ത്രിസഭയിലേക്കുള്ള രണ്ടാം വരവ്. അന്വേഷണഘട്ടത്തിൽ മന്ത്രിസ്ഥാനത്തു തുടരുന്നത് അനുചിതമാകുമെന്ന ധാർമികതയുടെ പേരിലാണ് സജി ചെറിയാന്റെ രാജിയെ സിപിഎം ന്യായീകരിച്ചത് ഇങ്ങനെയാണ്. അന്വേഷണം അവസാനിപ്പിച്ചു പൊലീസ് റിപ്പോർട്ട് നൽകിയെന്നതാണു തിരിച്ചെടുക്കുന്ന സാഹചര്യം. കേസ് അവസാനിപ്പിച്ചിട്ടു കഷ്ടിച്ച് ഒരു മാസമേയാകുന്നുള്ളൂ. ഹൈക്കോടതി കേസ് റദ്ദാക്കി 11 മാസം കാത്തിരുന്ന ശേഷമാണ് ഒന്നാം പിണറായി സർക്കാരിൽ ഇ.പി.ജയരാജനു മന്ത്രിസഭയിലേക്കു തിരിച്ചുവരാനായത്. ഇപിക്കു വൈകിച്ചത് സജിക്കു തിടുക്കത്തിൽ പാർട്ടി നൽകുന്നു.
ഒന്നാം പിണറായി സർക്കാരിൽനിന്ന് ആദ്യരാജി ഇപിയുടേതായിരുന്നെങ്കിൽ രണ്ടാം പിണറായി സർക്കാരിൽ സജി ചെറിയാന്റേതായിരുന്നു. എന്നാൽ ഇപിക്കും സജിക്കും കിട്ടിയതു തുല്യപരിഗണനയല്ല. വ്യവസായവകുപ്പിനു കീഴിലുള്ള സ്ഥാപനത്തിൽ ഭാര്യാസഹോദരി പി.കെ.ശ്രീമതിയുടെ മകനെ എംഡിയായി നിയമിച്ചതിന്റെ പേരിൽ 2016 ഒക്ടോബർ 14നായിരുന്നു ഇപിയുടെ രാജി. കേസിന്റെ ഗതി അറിയുംമുൻപ് എം.എം.മണിയെ പകരം മന്ത്രിയാക്കുകയും ചെയ്തു. കേസ് 2017 സെപ്റ്റംബറിൽ ഹൈക്കോടതി റദ്ദാക്കിയപ്പോൾ തിരിച്ചുവരാൻ മന്ത്രിസഭയിൽ ഒഴിവുണ്ടായിരുന്നില്ല. അതേസമയം, ഇപിക്കു പിന്നാലെ രാജിവച്ച എ.കെ.ശശീന്ദ്രനെ തിരിച്ചെടുത്തു.
ആദ്യം രാജിവച്ചയാൾ കുറ്റവിമുക്തനായി കാത്തിരിക്കുമ്പോൾ രണ്ടാമനു മാത്രം രണ്ടാമൂഴം നൽകിയത് ഇപിക്കുണ്ടാക്കിയ മുറിവു ചില്ലറയല്ല. പാർട്ടിയോടു പിണങ്ങി, സജീവ രാഷ്ട്രീയം തന്നെ ഉപേക്ഷിച്ചാലോ എന്നു ചിന്തിച്ചതോടെ ഒടുവിൽ പാർട്ടി അയഞ്ഞു. ഒഴിവില്ലെന്ന വാദമൊക്കെ അവസാനിപ്പിച്ച് 2018 ഓഗസ്റ്റ് 14നു തിരിച്ചെടുത്തു. ഒരു മന്ത്രിയെ അധികമെടുത്തതിനു പകരമായി സിപിഐയ്ക്കു പുതിയ കാബിനറ്റ് പദവി നൽകേണ്ടിവന്നു.
ഈ സങ്കീർണതകളൊന്നും സജിയുടെ കാര്യത്തിലുണ്ടാകാതിരിക്കാൻ തുടക്കം മുതൽ ശ്രദ്ധ ചെലുത്തി. സംസ്ഥാന സെക്രട്ടറിയായപ്പോൾ മന്ത്രിസ്ഥാനം രാജിവച്ച എം വിഗോവിന്ദനു പകരക്കാരനെ കണ്ടെത്തിയപ്പോഴും സജിയുടെ കസേര ഒഴിച്ചിട്ടു. എപ്പോൾ വേണമെങ്കിലും തിരിച്ചെടുക്കാവുന്ന തരത്തിലാണു വകുപ്പുകളും ജീവനക്കാരും മറ്റു മന്ത്രിമാരുടെ കീഴിലേക്കു മാറ്റിയത്. കേന്ദ്രകമ്മിറ്റിയംഗമായ ഇപിയെക്കാൾ, ജൂനിയർ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സജി ചെറിയാനോടു സിപിഎമ്മിനു മമതയോ എന്ന ചോദ്യം ആ ഘട്ടം മുതലുണ്ട്.
മറുനാടന് മലയാളി ബ്യൂറോ