പറവൂര്‍: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അവകാശവാദങ്ങളെയും മുഖ്യമന്ത്രിയുടെ പ്രസ്താവനകളെയും പരിഹാസരൂപേണ കടന്നാക്രമിച്ച് നടന്‍ സലിം കുമാര്‍. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കവെയാണ് തനതായ ശൈലിയിലുള്ള കഥകളിലൂടെ സലിം കുമാര്‍ സര്‍ക്കാരിനെ 'തള്ളല്‍' കേന്ദ്രമെന്ന് വിശേഷിപ്പിച്ചത്. അമേരിക്കയെപ്പോലും തോല്‍പ്പിക്കുന്ന മാറ്റം കേരളത്തിലുണ്ടെന്ന് പറഞ്ഞ പ്രവാസിയെയും കേരളത്തില്‍ ലക്ഷക്കണക്കിന് കോടി നിക്ഷേപിക്കാനെത്തിയ വ്യവസായിയെയും താന്‍ അന്വേഷിച്ചു ചെന്നപ്പോള്‍ കണ്ടെത്തിയത് മാനസികാശുപത്രിയിലാണെന്ന് സലിം കുമാര്‍ പരിഹസിച്ചു.

സലിം കുമാറിന്റെ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങള്‍:

'അഞ്ചാറു മാസം മുമ്പ് മുഖ്യമന്ത്രി ഒരു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു, അദ്ദേഹത്തിന്റെ ഏതോ ഒരു സുഹൃത്തിന്റെ മകന്‍ അമേരിക്കയില്‍ നിന്ന് വന്ന് കേരളം കണ്ട് അത്ഭുതപ്പെട്ടെന്ന്. 'കേരളം ഇതെന്തൊരു മാറ്റമാണ്, അമേരിക്ക പോലും തോറ്റു പോകും' എന്നാണത്രേ ആ പയ്യന്‍ പറഞ്ഞത്. എനിക്ക് സംശയം തോന്നി ഈ പയ്യന്‍ ആരാണെന്ന്. ഞാന്‍ അന്വേഷിച്ചു ചെന്നപ്പോള്‍ അവനെ കാണാന്‍ പറ്റി, നമ്മുടെ ഊളംപാറ മാനസികാശുപത്രിയിലായിരുന്നു അവന്‍! അവന്റെ അച്ഛനോട് ചോദിച്ചപ്പോള്‍ പുള്ളി പറഞ്ഞു, 'സലീമിന് അറിയാമല്ലോ അമേരിക്ക എങ്ങനെയുള്ളതാണെന്ന്, എന്നിട്ടും ഈ കേരളം കണ്ട് അമേരിക്ക തോറ്റു പോകും എന്ന് പറഞ്ഞാല്‍ അവന് വട്ടാണെന്ന് മനസ്സിലായില്ലേ' എന്ന്. കറണ്ട് ഒക്കെ അടിപ്പിച്ച് ഇപ്പോള്‍ ആളെ തിരിച്ചുവിട്ടു.'

മന്ത്രി പി. രാജീവ് കൊണ്ടുവന്ന 'പേരില്ലാത്ത' വ്യവസായിയെക്കുറിച്ചും സലിം കുമാര്‍ പരിഹാസം തുടര്‍ന്നു. 'കേരളത്തില്‍ മൂന്ന് ലക്ഷം കോടി രൂപ മുടക്കാന്‍ വന്ന ആ വ്യവസായിയെയും ഞാന്‍ തിരക്കി ചെന്നു. നമ്മുടെ അമേരിക്കന്‍ പയ്യന്‍ കിടന്നതിന്റെ തൊട്ടടുത്ത വാര്‍ഡില്‍ തന്നെ അയാളെയും എനിക്ക് കാണാന്‍ പറ്റി. ഓരോ ദിവസവും ഓരോ തള്ളാണ്. കായിക മന്ത്രി മെസ്സിയെ കൊണ്ടുവരും എന്ന് പറയുന്നു. മെസ്സി വരാത്തത് എന്താണെന്ന് ഞാന്‍ നേരിട്ട് ചോദിച്ചു. 'ചേട്ടാ, അയ്യപ്പസ്വാമിയുടെ സ്വര്‍ണ്ണം കട്ട ഇവിടെ എന്റെ സ്വര്‍ണ്ണ പന്തുകള്‍ വെക്കാന്‍ എനിക്ക് പേടിയാണ്' എന്നായിരുന്നു മെസ്സിയുടെ മറുപടി.'

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമേശ് പിഷാരടിയെ 'കോമാളി' എന്ന് വിളിച്ച മുന്‍ മന്ത്രി തോമസ് ഐസക്കിനെതിരെയും സലിം കുമാര്‍ രൂക്ഷമായി പ്രതികരിച്ചു. കലാകാരന്മാരെ അധികാരത്തിലെത്താന്‍ ഉപയോഗിച്ചവര്‍ക്ക് ഇപ്പോള്‍ അവര്‍ കോമാളികളായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. ഉയര്‍ന്ന വിദ്യാഭ്യാസമുള്ള ഒരാളില്‍ നിന്ന് ഇത്തരം പരാമര്‍ശം പ്രതീക്ഷിച്ചില്ലെന്നും സലിം കുമാര്‍ കൂട്ടിചേര്‍ത്തു.

ഇത്തവണ കേരളത്തില്‍ 101 ശതമാനം ഭരണമാറ്റമുണ്ടാകുമെന്നും വി.ഡി. സതീശന്‍ ശക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിലപാടുകളുടെ രാജകുമാരനായ സതീശനെ നിലപാടുകളുടെ ചക്രവര്‍ത്തിയായ വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ സാക്ഷിയാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും സലിം കുമാര്‍ പറഞ്ഞു.