- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അങ്ങനെ കൊടകര കേസ് ഖുദാഗവ; എവിടെ നിന്നോ പണം വന്നു എവിടേക്കോ പോയി; ഇഡിക്ക് അറിയാന്‍ പാടില്ല, കേരള പോലീസിന് ഒട്ടുമേ അറിയില്ല'; കൊടകര ഹവാല കേസില്‍ പരിഹാസവുമായി സന്ദീപ് വാര്യര്‍
'അങ്ങനെ കൊടകര കേസ് ഖുദാഗവ; എവിടെ നിന്നോ പണം വന്നു എവിടേക്കോ പോയി
കോഴിക്കോട്: ബി.ജെ.പിക്ക് ക്ലീന്‍ ചിറ്റ് നല്‍കി കൊടകര ഹവാല പണമിടപാട് കേസില്‍ ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചതിനോട് പ്രതികരിച്ച് കെ.പി.സി.സി വക്താവ് സന്ദീപ് വാര്യര്‍. എവിടെ നിന്നോ പണം വന്നു എവിടേക്കോ പോയെന്ന് സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു. കരിവന്നൂരും ലൈഫ് മിഷനും സ്വര്‍ണക്കടത്തും മാസപ്പടിയും ഒക്കെ ഇതുപോലെ അപ്രത്യക്ഷമാകുമെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി.
സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
അങ്ങനെ കൊടകര കേസ് ഖുദാഗവ. എവിടെ നിന്നോ പണം വന്നു എവിടേക്കോ പോയി. ഇഡിക്ക് അറിയാന്‍ പാടില്ല. കേരള പോലീസിന് ഒട്ടുമേ അറിയില്ല. കരിവന്നൂരും ലൈഫ് മിഷനും സ്വര്‍ണ്ണക്കടത്തും മാസപ്പടിയും ഒക്കെ ഇതുപോലെ അപ്രത്യക്ഷമാകും. പുതിയ എ.കെ.ജി സെന്ററിന് കാവി നിറം അടിച്ചത് വെറുതെയാണോ ചുവപ്പു നരച്ചാല്‍ കാവി.
ഇന്നലെയാണ് ബി.ജെ.പിക്ക് ക്ലീന്‍ ചിറ്റ് നല്‍കി കൊടകര ഹവാല പണമിടപാട് കേസില്‍ ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചത്. കൊച്ചിയിലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമുള്ള പ്രത്യേക (പി.എം.എല്‍.എ) കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ 23 പ്രതികളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അവരില്‍ ആര്‍ക്കും ബി.ജെ.പിയുമായി നേരിട്ട് ബന്ധമില്ല. പ്രധാന പ്രതികളില്‍ മോഷ്ടിച്ച പണം അയച്ചതായി ആരോപിക്കപ്പെടുന്ന ധര്‍മരാജ്, അദ്ദേഹത്തിന്റെ ഡ്രൈവര്‍ ഷംജീര്‍, കൊള്ളയില്‍ ബന്ധപ്പെട്ടവര്‍ എന്നിവരും ഉള്‍പ്പെടുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി.ജെ.പിയാണ് പണം കൊണ്ടുവന്നതെന്ന പൊലീസ് അന്വേഷണത്തിന് വിരുദ്ധമാണ് ഇ.ഡിയുടെ കണ്ടെത്തലുകള്‍. ആലപ്പുഴയില്‍ ഒരു വസ്തു വാങ്ങുന്നതിന് ധര്‍മരാജ് തന്റെ ഡ്രൈവര്‍ ഷംജീറിന് നല്‍കിയ 3.56 കോടി രൂപ കൊടകരയില്‍ കൊള്ളയടിച്ചതായി ഇ.ഡി പറഞ്ഞു. പണത്തിന്റെ ഉറവിടം തെളിയിക്കുന്ന രേഖകള്‍ ധര്‍മരാജ് സമര്‍പ്പിച്ചിരുന്നു. പൊലീസ് തിരിച്ചറിഞ്ഞ മോഷ്ടിച്ച തുകക്ക് പുറമെ, ധര്‍മരാജിന്റെ മൂന്നുലക്ഷം രൂപയും എട്ടുലക്ഷം രൂപയുടെ സ്വത്തുക്കളും ഇ.ഡി പിടിച്ചെടുത്തു.
കേരള നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്നു ദിവസം മുമ്പ്, 2021 ഏപ്രില്‍ നാലിന് ദേശീയപാതയില്‍ കൊടകരക്ക് അടുത്തുവെച്ച് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉദ്ദേശിച്ചിരുന്ന ഹവാല പണം കൊള്ളയടിക്കപ്പെട്ടുവെന്ന ആരോപണത്തെ ചുറ്റിപ്പറ്റിയാണ് കേസ്. അനധികൃത ഫണ്ട് പാര്‍ട്ടി ഓഫിസില്‍ എത്തിച്ചതായി ബി.ജെ.പിയുടെ മുന്‍ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീഷും വെളിപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിയിരുന്നു.
കൊടകരയില്‍ കൊള്ളയടിച്ച പണം സംസ്ഥാനത്തെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവന്നതാണെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. കവര്‍ച്ചയെക്കുറിച്ച അന്വേഷണത്തിനിടെ ശേഖരിച്ച ഒന്നിലധികം മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. പണം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന് ധര്‍മരാജ് നേരത്തേ പ്രത്യേക അന്വേഷണസംഘത്തെ (എസ്.ഐ.ടി) അറിയിച്ചിരുന്നു.