പാലക്കാട്: ബിജെപി പാളയം വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്ക് ഉജ്ജ്വല സ്വീകരണമാണ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഇന്ന് നല്‍കിയത്. തന്റെ പൂര്‍വ്വാശ്രമത്തെ തള്ളിപ്പറഞ്ഞ സന്ദീപ് അടിമുടി കോണ്‍ഗ്രസുകാരനായി ജ്ഞാനസ്‌നാനം ചെയ്യാന്‍ ഒരുങ്ങുകയുമാണ്. ബിജെപി നേതൃത്വത്തിന്റെ തുടര്‍ച്ചയായ അവഗണനയില്‍ മനം മടുത്താണ് സന്ദീപ് പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസിലേക്ക് പ്രവേശനത്തിന് മുമ്പ് മുതിര്‍ന്ന നേതാക്കളുമായി വിശദമായ ചര്‍ച്ചകളും നടത്തി. ഇന്നാണ് ബിജെപിയെയും സിപിഎമ്മിനെയും ഞെട്ടിച്ചുകൊണ്ട് സന്ദീപ് കോണ്‍ഗ്രസില്‍ ചേക്കേറിയത്.

കോണ്‍ഗ്രസ് പ്രവേശത്തിന് പിന്നാലെ പാലക്കാട് യുഡിഎഫ് പ്രചരണത്തില്‍ സജീവമായി സന്ദീപ് വാര്യര്‍. പാലക്കാട്ടെ മുത്തോന്‍ സമുദായത്തിലെ നേതാക്കളുമായി സന്ദീപിന് അടുത്ത ബന്ധമുണ്ട്. അതുകൊണ്ട് തന്നെ ഇതെല്ലാം യുഡിഎഫ് സ്ഥാനാര്‍ഥിക്കായി വോട്ടാക്കാന്‍ സന്ദീപിന് സാധിച്ചേക്കും. പാലക്കാട് നടന്ന യുഡിഎഫ് റോഡ് ഷോയില്‍ പങ്കെടുത്താണ് സന്ദീപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. ഉജ്ജ്വല സ്വീകരണം തന്നെയാണ് സന്ദീപിന് ഇവിടെ ലഭിച്ചതും.

റോഡ് ഷോയിലേക്ക് എത്തിയ സന്ദീപ് വാര്യരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തോളിലേറ്റിയാണ് സ്വീകരിച്ചത്. മുദ്രാവാക്യം വിളികളും അകമ്പടിയായി എത്തി. തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തിനൊപ്പം തുറന്ന വാഹനത്തില്‍ റോഡ് ഷോയുടെ ആദ്യാവസാനം പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് സന്ദീപ് വാര്യരും ചേര്‍ന്നു. വരും ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഴുവന്‍ സമയവും സന്ദീപ് പങ്കെടുക്കും.

അതേസമയം കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ ഞായറാഴ്ച പാണക്കാട് തറവാട്ടില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളെ സന്ദര്‍ശിക്കും. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. കോണ്‍ഗ്രസും - ലീഗും സംസ്ഥാന രാഷ്ട്രീയത്തില്‍ വിളക്കിച്ചേര്‍ത്ത കണ്ണികളാണ്. അതുകൊണ്ട് തന്നെ പാണക്കാട് തറവാട്ടിലെത്തിയ തങ്ങളെ കാണുന്നത് അടിമുടി കോണ്‍ഗ്രസുകാരന്‍ ആകാനുള്ള വഴികൂടിയാണ്.

ബിജെപിയുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ ഇന്ന് രാവിലെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്ള വേദിയില്‍വെച്ച് കെ സുധാകരന്‍ സന്ദീപ് വാര്യരെ ഷാള്‍ അണിയിച്ച് സ്വീകരിക്കുകയായിരുന്നു. ബിജെപി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയെന്നാണ് സന്ദീപ് വാര്യര്‍ വ്യക്തമാക്കിയത്. ബിജെപി ഏകാധിപത്യ പ്രവണതയുള്ള സംഘടനയെന്നും ബിജെപിയില്‍ പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ലെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി. ബിജെപി വിടാന്‍ കാരണം സുരേന്ദ്രനും സംഘവുമാണ്.

വെറുപ്പ് മാത്രം പുറത്തുവിടുന്ന സംഘടനയില്‍ നിന്ന് സ്നേഹം താന്‍ പ്രതീക്ഷിച്ചുവെന്നും എന്നാല്‍ പലഘട്ടത്തിലും സ്നേഹവും കരുതലും പിന്തുണയും കിട്ടിയില്ലെന്നും സന്ദീപ് തുറന്നടിച്ചു. ഏകാധിപത്യപരമായ രീതിയാണ് ബിജെപിയില്‍ ഉള്ളത്. അവിടെ അഭിപ്രായം പറയാന്‍ പോലുമുള്ള സ്വാതന്ത്രമില്ല. ഉപാധികളില്ലാതെ സ്നേഹിക്കണമെന്ന് ആഹ്വാനം ചെയ്തതിന്റെ പേരില്‍ വിലക്ക് നേരിട്ടയാളാണ്. വ്യക്തി ബന്ധങ്ങളില്‍ മതം തിരയാനോ ഇടപെടാനോ ശ്രമിച്ചിട്ടില്ല. പക്ഷേ സംഘടനയ്ക്ക് വേണ്ട് അശ്രാന്തം പണിയെടുത്തിട്ടുണ്ട്. എന്നിട്ടും ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഒരു വര്‍ഷം ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തിയെന്നും സന്ദീപ് പറഞ്ഞു.

പാര്‍ട്ടിയെ പ്രതിരോധിക്കാന്‍ വേണ്ടി സകല സാധ്യതകളും താന്‍ ഉപയോഗിച്ചു. എല്ലാം പ്രസ്ഥാനത്തിന് വേണ്ടിയായിരുന്നിട്ടു കൂടിയും ബിജെപി തന്നെ ഒറ്റപ്പെടുത്തുകയും നിരന്തരം വേട്ടയാടുകയും ചെയ്തു. തന്റെ കോണ്‍ഗ്രസ് പ്രവേശനത്തിന്റെ ഉത്തരവാദി കെ സുരേന്ദ്രനും സംഘവുമെന്ന് പറഞ്ഞ സന്ദീപ് ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെയും ആഞ്ഞടിച്ചു.

ബലിദാനികളെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനായി മുതലെടുത്തുവെന്നും അവരുടെ പേര് പറഞ്ഞ് പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും സന്ദീപ് കുറ്റപ്പെടുത്തി. ബലിദാനികളുടെ ഫോട്ടോ വെച്ച് പാര്‍ട്ടി തന്നെ വേട്ടയാടി. ശ്രീനിവാസന്‍ വധക്കേസ് പ്രതികള്‍ക്ക് ജാമ്യം കിട്ടിയത് എങ്ങനെയെന്ന് പരിശോധിക്കണമെന്നും എന്തുകൊണ്ട് മുതിര്‍ന്ന അഭിഭാഷകരാരും കേസില്‍ സുപ്രീംകോടതിയില്‍ ഹാജരായില്ലെന്നും സന്ദീപ് ചോദിച്ചു. മുഴുവന്‍ നേരവും ഇത്തരം വെറുപ്പ് ഉത്പാദിപ്പിക്കുന്ന ഫാക്ടറിയില്‍നിന്ന് പുറത്തുവന്ന സന്തോഷത്തിലാണ് താനെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.

ഒരു ഉപാധികളുമില്ലാതെ, സാധാരണ പ്രവര്‍ത്തകനായാണ് ഞാന്‍ കോണ്‍ഗ്രസില്‍ വരുന്നത്. ഇതുവരെ പറഞ്ഞത് എല്ലാം ബിജെപിയുടെ ആശയങ്ങളാണ്, എന്റെ വ്യക്തിപരമായ ആശയങ്ങളല്ല എന്നും സന്ദീപ് പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളിക്കൊപ്പം രാഹുല്‍ ഉഗ്രന്‍ വിജയം നേടുമെന്നും പിക് ചര്‍ അഭി ബാക്കി ഹേ എന്നും സന്ദീപ് പറഞ്ഞു.