തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യ നീക്കത്തിനിടെ ശുചീകരണ തൊഴിലാളിയെ കാണാതായത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംഭവത്തില്‍ നഗരസഭയും റെയില്‍വേയും പരസ്പരം പഴിചാരുകയാണ്. മഴക്കാല ശുചീകരണം മുടങ്ങിയപ്പോള്‍ പ്രതിപക്ഷം വിഷയം ഉന്നയിച്ചെങ്കിലും അന്ന് തദ്ദേശമന്ത്രി ഉള്‍പ്പെടെ പരിഹസിച്ചു. ഇന്ന് ഒരു മനുഷ്യന്റെ തിരോധാനം വേണ്ടിവന്നു വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടാനെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

സര്‍ക്കാരും നഗരസഭയും തദ്ദേശ വകുപ്പും നോക്കുകുത്തിയായി നില്‍ക്കുകയാണ്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥയുടെ അവസാനത്തെ ഉദാഹരണമാണ് ആമയിഴഞ്ചാന്‍ അപകടം. ദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ റെയില്‍വേ സഹകരിക്കുന്നില്ലെന്നാണ് നഗരസഭയുടെ പരാതി. നഗരസഭയും റെയില്‍വേയും തമ്മില്‍ ഇപ്പോള്‍ തര്‍ക്കത്തിലാണ്. ഈ തര്‍ക്കം തീര്‍ക്കാന്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഇടപെടാത്തതെന്നും വി.ഡി. സതീശന്‍ ചോദിച്ചു.

"തിരുവനന്തപുരത്ത് അധികാര കേന്ദ്രങ്ങള്‍ക്ക് മൂക്കിന്റെ തുമ്പിലാണ് അപകടം നടന്നത്. ചെറിയ മഴ പെയ്താല്‍ പോലും എല്ലായിടത്തും വെള്ളം കൊണ്ട് നിറയുന്ന കാഴ്ചയാണ്. പലയിടവും മാലിന്യ കൂമ്പാരമാണ്. ആമയിഴഞ്ചാന്‍ തോട്ടില്‍ ഇപ്പോള്‍ നടത്തുന്ന മാലിന്യ നിര്‍മാര്‍ജനം നേരത്തെ വേണ്ടതായിരുന്നു. റെയില്‍വേയുടെ മാലിന്യം മാത്രമല്ല ആമയിഴഞ്ചാന്‍ തോട്ടില്‍ വരുന്നത്. റെയില്‍വേയുടെ കീഴില്‍ അല്ലാത്ത സ്ഥലങ്ങളില്‍ മാലിന്യ നിര്‍മാര്‍ജനം എത്രത്തോളം നടന്നിട്ടുണ്ടെന്ന് പരിശോധിക്കണം. തിരുവനന്തപുരത്ത് മാത്രമല്ല, സംസ്ഥാനത്ത് പലയിടത്തും മാലിന്യ നിര്‍മാര്‍ജനം നടന്നിട്ടില്ല" വി.ഡി. സതീശന്‍ ആരോപിച്ചു.

62 ക്രിമിനലുകളെ മാലയിട്ട് സ്വീകരിച്ച ആരോഗ്യമന്ത്രി രാജിവച്ച് പുറത്തു പോകണം. പകര്‍ച്ചവ്യാധി തടയാനോ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കോ മന്ത്രിക്ക് സമയമില്ല. ക്രിമിനലുകള്‍ക്ക് പിന്നാലെ പോവുകയാണ് മന്ത്രി. കോഴ വിവാദത്തില്‍ സിപിഎം പച്ചക്കള്ളം പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. സംഭവത്തില്‍ പ്രമോദ് കോട്ടുളിക്കെതിരായ നടപടി എന്തിനെന്ന് വിശദീകരിക്കണം. അപമാന ഭാരത്താല്‍ കേരളം തലകുനിച്ചു നില്‍ക്കുകയാണ്. പാര്‍ട്ടി തന്നെ പണം കൊടുത്താണ് കേസ് ഒത്തുതീര്‍പ്പാക്കിയത്. വമ്പന്‍ സ്രാവുകളെ രക്ഷിക്കാനുള്ള നീക്കമാണ് കോഴ വിവാദത്തില്‍ നടന്നത്. ആരോപണത്തില്‍ സിപിഎമ്മിന്റെ തൊലിയുരിഞ്ഞ് കാണിക്കുമെന്നും സതീശന്‍ പറഞ്ഞു.