- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമസഭയ്ക്ക് പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് എസ്എഫ്‌ഐക്കാര്‍; പോലീസുകാര്‍ നോക്കി നില്‍ക്കേ കുട്ടിസഖാക്കളുടെ ഭീഷണിയും വെല്ലുവിളിയും; റോഡില്‍ കുത്തിയിരുന്ന് വാഹനം തടയല്‍; ജനാധിപത്യ പ്രതിഷേധത്തെ തടയില്ലെന്ന് രാഹുല്‍; പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി പോലീസ്
നിയമസഭയ്ക്ക് പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് എസ്എഫ്‌ഐക്കാര്‍
തിരുവനന്തപുരം: നിയമസഭയ്ക്ക് പുറത്തേക്കിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ വാഹനം തടഞ്ഞ് എസ്എഫ്ഐ പ്രവര്‍ത്തകര്‍. എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് നിയമസഭാ മന്ദിരത്തിലേക്ക പോകുന്നതിനിടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്‍ തടഞ്ഞ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത് എംഎല്‍എ ഹോസ്റ്റലില്‍ എത്തിയശേഷം വീണ്ടും തിരിച്ച് നിയമസഭ മന്ദിരത്തിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് വാഹനം തടഞ്ഞത്. എംഎല്‍എ ഹോസ്റ്റലിന് സമീപത്ത് വെച്ചാണ് സംഭവം. ഏറെ നേരം പ്രതിഷേധം തുടര്‍ന്നു. രാഹുലിനെതിരെ ഭീഷണിയും വെല്ലുവിളി മുഴക്കുകയും ചെയ്തു ഇക്കൂട്ടര്‍.
എസ്എഫ്‌ഐക്കാര്‍ പ്രതിഷേധിക്കുമ്പോഴും രാഹുല്‍ കാറില്‍ നിന്ന് പുറത്തിറങ്ങിയില്ല. തുടര്‍ന്ന് പൊലീസെത്തി എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഞങ്ങള്‍ ഇവിടെയൊക്കെ തന്നെയുണ്ടെന്നും അക്രമിക്കാന്‍ വന്നതല്ലെന്നും പ്രതിഷേധിക്കാനാണ് എത്തിയതെന്നും എസ്എഫ്‌ഐ നേതാക്കള്‍ പറഞ്ഞു.
നിയമസഭയിലേക്ക് പോവുകയാണെന്നും അവിടെ വെച്ച് പ്രതികരിക്കാമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ജനാധിപത്യപരരമായ പ്രതിഷേധത്തെ തടയില്ലെന്നും രാഹുല്‍ പറഞ്ഞു. എംഎല്‍എ ഹോസ്റ്റലിന്റെ പിന്‍ഭാഗത്തുനിന്നാണ് പ്രവര്‍ത്തകരെത്തി വാഹനം തടഞ്ഞത്. പൊലീസുകാര്‍ ഡ്യൂട്ടിയിലുണ്ടായിട്ടും എംഎല്‍എ ഹോസ്റ്റലിന്റെ ഗേറ്റ് വഴി വാഹനം വരുമ്പോള്‍ പ്രവര്‍ത്തകരെ തടഞ്ഞില്ലെന്നാണ് ആരോപണം. പ്രതിഷേധത്തെതുടര്‍ന്ന് തിരുവല്ലം പൊലീസിന്റെ എസ്‌കോര്‍ട്ട് വാഹനവും എത്തിച്ചു.
പൊലീസ് സംരക്ഷണത്തോടെയായിരിക്കും രാഹുല്‍ ഇനി ഇവിടെ നിന്ന് പോവുക. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് അഭിറാം, ജില്ലാ സെക്രട്ടറി മിഥുന്‍ പൊട്ടോക്കാരന്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറി അഖിലേഷ് അടക്കമുള്ള പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇതിനുശേഷവും പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ മാറ്റികൊണ്ടാണ് രാഹുലിന്റെ വാഹനം നിയമസഭയിലേക്ക് പുറപ്പെട്ടത്.
ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ ഇത്രയും ദിവസം പത്തനംതിട്ടയിലെ വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. നിയമസഭ സമ്മേളനം ആരംഭിക്കുന്ന ഇന്നാണ് വീട് വിട്ടു നിയമസഭയിലെത്തിയത്. രാഹുല്‍ നിയമസഭയിലെത്തരുതെന്ന നേതാക്കളുടെ താക്കീത് ലംഘിച്ചാണ് രാഹുലെത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് രാഹുല്‍ നിയമസഭയില്‍ എത്തിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറും രാഹുലിനൊപ്പമുണ്ടായിരുന്നു. നിയമസഭയിലേക്ക് പോകുമെന്ന് ചില കോണ്‍ഗ്രസ് നേതാക്കളെ രാഹുല്‍ നേരത്തെ അറിയിച്ചിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ എത്തിയത് ന്യായീകരിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. എംഎല്‍എ അല്ലേ സഭയില്‍ വരുമെന്നും പാര്‍ട്ടി എടുക്കേണ്ട നടപടികള്‍ എടുത്തിട്ടുണ്ടെന്നും സണ്ണി ജോസഫ് നിലപാട് വ്യക്തമാക്കി. രാഹുലിന് നിയമസഭയില്‍ എത്താന്‍ അവകാശമുണ്ടെന്ന് കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താനും പറഞ്ഞു. എംഎല്‍എ എന്ന നിലയില്‍ രാഹുലിന് സഭയിലെത്താന്‍ നിയമസഭ സ്പീക്കര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആരോപണ വിധേയനായവര്‍ എല്ലാവരും സഭയില്‍ ഉണ്ടല്ലോയെന്നും അദ്ദേഹം ചോദിച്ചു.
കോണ്‍ഗ്രസ് നേതൃത്വം ഒറ്റക്കെട്ടായാണ് രാഹുലിനെതിരെ നടപടി എടുത്തതെന്നും പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത വ്യക്തിയെക്കുറിച്ച് മറിച്ച് ഒരു അഭിപ്രായമില്ലയെന്നും അദ്ദേഹം വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാക്കളുടെ പിന്തുണ വ്യക്തിപരമാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.