- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സുരേഷ് ബാബു മറുപടി അര്‍ഹിക്കുന്നില്ല, ഇതാണോ സിപിഎം 2026ലേക്ക് കരുതി വച്ചിരിക്കുന്ന തിരഞ്ഞെടുപ്പ് തന്ത്രം'; 'ഭംഗിയുള്ള സ്ത്രീകളെ കണ്ടാല്‍ ബംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കു'മെന്ന സുരേഷ് ബാബുവിന്റെ പരാമര്‍ശത്തിനെതിരെ ഷാഫി പറമ്പില്‍; രാഷ്ട്രീയം പറയാന്‍ ഇല്ലാത്തത് കൊണ്ടാണോ അധിക്ഷേപമെന്നും ഷാഫിയുടെ മറുചോദ്യം
സുരേഷ് ബാബു മറുപടി അര്‍ഹിക്കുന്നില്ല, ഇതാണോ സിപിഎം 2026ലേക്ക് കരുതി വച്ചിരിക്കുന്ന തിരഞ്ഞെടുപ്പ് തന്ത്രം
കോഴിക്കോട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബുവിന്റെ അധിക്ഷേപ പരാമര്‍ശത്തിന് മറുപടിയുമായി ഷാഫി പറമ്പില്‍ എം.പി. രാഷ്ട്രീയം പറയാന്‍ ഇല്ലാത്തത് കൊണ്ടാണ് സിപിഎം അധിക്ഷേപിക്കുന്നതെന്ന് ഷാഫി പ്രതികരിച്ചു. ഇത് ആരോപണമല്ല, അധിക്ഷേപമാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പരാമര്‍ശങ്ങള്‍ മറുപടി പോലും അര്‍ഹിക്കുന്നില്ല. ഇതാണോ 2026ലെ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് തന്ത്രമെന്ന് നേതാക്കന്‍മാര്‍ വ്യക്തമാക്കണം. ഇതാണോ സിപിഎമ്മിന്റെ രാഷ്ട്രീയം. ജില്ലാ സെക്രട്ടറിയെക്കൊണ്ട് ഇങ്ങനെയൊക്കെ സംസാരിപ്പിക്കലാണോ തെരഞ്ഞെടുപ്പിലേക്കുള്ള മാനിഫെസ്റ്റോയെന്നും ഷാഫി പറമ്പില്‍ ചോദിച്ചു.
മാധ്യമങ്ങളോടാണ് ഷാഫിയുടെ പ്രതികരണം. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ഷാഫി പറമ്പില്‍ എംപിക്കെതിരെ ലൈംഗിക അധിക്ഷേപ വാക്കുകളുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി രംഗത്തെത്തിയത്. ഇത് ഷാഫിക്കെതിരായ രാഷ്ട്രീയ നീക്കമായാണ് വിലയിരുത്തുന്നത്. എന്നാല്‍, അധിക്ഷേപ പരാമര്‍ശം ചര്‍ച്ചയാക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.
ഭംഗിയുള്ള സ്ത്രീകളെ കണ്ടാല്‍ ഷാഫി ബംഗളുരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്നായിരുന്നു ഇ.എന്‍ സുരേഷ് ബാബു പറഞ്ഞ വിവാദ പരാമര്‍ശം. കോണ്‍ഗ്രസിലെ പല നേതാക്കളും സ്ത്രീ വിഷയത്തില്‍ രാഹുലിന്റെ അധ്യാപകരാണെന്നും കണ്ടാമൃഗത്തെക്കാള്‍ തൊലിക്കട്ടിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് കാണിക്കുന്നതെന്നും സുരേഷ് ബാബു പറഞ്ഞു.
രാഹുലിനെ പത്തനംതിട്ടയില്‍ നിന്ന് ക്ഷണിച്ചു കൊണ്ടുവന്ന ഷാഫി പറമ്പില്‍ ആണ് ഇയാളുടെ ഹെഡ്മാഷ്. ഷാഫി പമ്പിലിനെ ഞാന്‍ വെല്ലുവിളിക്കുന്നു, രാഹുല്‍ ചെയ്തത് ഒരു തരത്തിലും അംഗീകരിക്കുന്നില്ലെന്നും അയാളെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയതിന് പുറമെ ശക്തമായ നടപടി വേണമെന്നും രാജിവെക്കണമെന്നും പറയാന്‍ ഷാഫി പറമ്പില്‍ തയ്യാറാകുമോ, സുരേഷ് ബാബു ചോദിച്ചു.
ഈ കാര്യത്തില്‍ കൂട്ടുകച്ചവടമാണ് നടക്കുന്നത്. ആരെയെങ്കിലും നേരിട്ട് നന്നായൊന്ന് കണ്ടാല്‍, 'ബെംഗളൂരു ട്രിപ്പടിക്കാം' എന്നാണ് ഹെഡ്മാസ്റ്റര്‍ ചോദിക്കുന്നത്. അപ്പോ പിന്നെ രാഹുലിനെതിരേ എന്തെങ്കിലും സംസാരിക്കുമോ? ഹെഡ്മാസ്റ്ററിനും മുകളിലുള്ളവരാണ് ബാക്കിയുള്ളവര്‍. അതുകൊണ്ടാണ് രാഹുലിനെതിരേ ഷാഫി സംസാരിക്കാത്തതെന്നും ഇഎന്‍ സുരേഷ് ബാബു ആരോപിച്ചു.
രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എത്തിയപ്പോള്‍ സംരക്ഷണവലയം ഒരുക്കിയത് കോണ്‍ഗ്രസ് നേതാക്കളാണ്. രാഹുലിന് സാധാരണ കാണാത്ത ആവേശകരമായ സ്വീകരണം കൊടുക്കുന്ന കാഴ്ചയാണ് പാലക്കാട് കണ്ടത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കി എന്ന് പേരിന് പറയുകയും പിറകില്‍ കൂടി എല്ലാവിധ സംരക്ഷണവലയും തീര്‍ക്കുകയും ചെയ്യുന്ന നിലപാടാണ് കോണ്‍ഗ്രസ് എടുക്കുന്നത്. സിപിഎം വ്യാപകമായ പ്രതിഷേധം തുടരും. വനിതകളുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ ശക്തമായ പ്രതിഷേധം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വനിതകളെ ഇത്രത്തോളം അതിക്രൂരമായി ലൈംഗികാതിക്രമം നടത്തിയ ഒരാള്‍ക്ക് എങ്ങനെയാണ് മണ്ഡലത്തിലെ ജനങ്ങളെ അഭിമുഖീകരിക്കാനാകുക? കോണ്‍ഗ്രസുകാരന്റെ വീട്ടിലേക്ക് ഇയാളെ ക്ഷണിക്കുമോ?, സുരേഷ് ബാബു ചോദിച്ചു. രാഹുലിനെ വി.ഡി. സതീശന്‍ പുറത്താക്കി എന്ന് പറയുന്നതിന് മറ്റൊരു പ്രധാനപ്പെട്ട കാര്യമുണ്ട്. അത് പിന്നീട് വെളിപ്പെടുത്താം. കേറിക്കേറി മുറത്തില്‍ക്കേറി കൊത്തി എന്നാണ് കേള്‍ക്കുന്നത്. അത് വഴിയെ മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.