- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജനറൽ ബോഡിക്ക് മുമ്പ് ശരത്തിന്റെ വെല്ലുവിളി; ചെന്നിത്തല ശരത്തിനോടു സംസാരിച്ച് അനുനയിപ്പിച്ചു; പിന്നീടു കെ.സുധാകരനും കണ്ടു; യോഗം ചേർന്നപ്പോൾ എല്ലാം ഏകകണ്ഠമായി; തരൂരിന്റെ സ്ഥാനാർത്ഥിത്വത്തെ ഇനി സുധാകരൻ പരസ്യമായി പിന്തുണയ്ക്കുമോ? ഇന്നലെ കെപിസിസിയിൽ സംഭവിച്ചത് ഗാന്ധി കുടുംബത്തിന് വേണ്ടിയുള്ള സമർത്ഥ നീക്കം
തിരുവനന്തപുരം: എഐസിസി അധ്യക്ഷനായി ശശി തരൂർ മത്സരിച്ചാൽ മനഃസാക്ഷി വോട്ട് അനുവദിക്കുമെന്നു പ്രഖ്യാപിച്ച കെ.സുധാകരൻ പ്രസിഡന്റായി തുടരാനുള്ള ധാരണയെ എതിർത്തത് ടി ശരത് ചന്ദ്രപ്രസാദ് മാത്രം. മുമ്പ് ബിജെപി പിന്തുണയിൽ തിരുവനന്തപുരത്ത് സ്വതന്ത്രനായി മത്സരിച്ച ചരിത്രമുള്ള നേതാവ് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനാകാനാണ് അത്തരത്തിലൊരു തീരുമാനം എടുത്തത്. ഐ ഗ്രൂപ്പിൽ നിന്ന് കെസി വേണുഗോപാൽ പക്ഷത്തേക്ക് ചുവടുമാറാൻ ആഗ്രഹിക്കുന്ന നേതാവിനെ അനുനയിപ്പിച്ചത് രമേശ് ചെന്നിത്തലയായിരുന്നു. ഇതോടെയാണ് കെപിസിസിയിൽ മത്സരം ഒഴിവായത്.
ഇന്നലെ നടന്ന കെപിസിസി ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങിയ നിർവാഹക സമിതിയംഗം ടി ശരത്ചന്ദ്ര പ്രസാദിനെ അനുനയിപ്പിച്ചത് മുൻ പ്രതിപക്ഷ നേതാവും മുതിർന്ന അംഗവുമായ രമേശ് ചെന്നിത്തലയുൾപ്പെടെ ചേർന്നായിരുന്നു. മത്സരിക്കാനുള്ള തീരുമാനം അറിയിച്ചതോടെ, പിൻവാങ്ങണമെന്ന് പല നേതാക്കളും ശരത്ചന്ദ്രപ്രസാദിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല. മത്സരമില്ലാതെ കെ സുധാകരനെ സമവായത്തിലൂടെ വീണ്ടും അധ്യക്ഷനാക്കാൻ ധാരണയിലെത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ശരത്ചന്ദ്രപ്രസാദിന്റെ അപ്രതീക്ഷിത നീക്കം.
തുടർന്ന് ഐ ഗ്രൂപ്പ് നേതാവായ ശരത്തിനെ അനുനയിപ്പിക്കാൻ കെപിസിസി നേതൃത്വം രമേശ് ചെന്നിത്തലയെ ചുമതലപ്പെടുത്തുകയായിരുന്നു. കെ സുധാകരന്റെ ശൈലിയിലും അംഗത്വ പട്ടികയിലുമുള്ള അമർഷവും ശരത് ചന്ദ്രപ്രസാദിനെ ചൊടിപ്പിച്ചിരുന്നു. അംഗത്വ പട്ടിക നിശ്ചയിക്കുന്നതിലടക്കം വീതംവയ്‌പ്പ് നടന്നുവെന്നും പരാതി ഉന്നയിച്ച ശരത് ചന്ദ്രപ്രസാദ്, ശശി തരൂർ എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചാൽ മനഃസാക്ഷി വോട്ട് ചെയ്യണമെന്ന കെ സുധാകരന്റെ പ്രസ്താവനയിലും അതൃപ്തി അറിയിച്ചിരുന്നു. ജനറൽ ബോഡി യോഗത്തിന് മുമ്പ് അധ്യക്ഷസ്ഥാനത്തേക്ക് താൻ മത്സരിക്കുമെന്ന് ശരത് നേതാക്കളെ അറിയിക്കുകയായിരുന്നു.
ശരത്ചന്ദ്രപ്രസാദിനെ അനുനയിപ്പിച്ച് മാറ്റിയതിന് പിന്നാലെ പുതിയ കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കാൻ എഐസിസി അധ്യക്ഷയെ ചുമതലപ്പെടുത്തുന്ന പ്രമേയം ജനറൽ ബോഡി യോഗം പാസാക്കി. രമേശ് ചെന്നിത്തല തന്നെയാണ് യോഗത്തിൽ പുതിയ അധ്യക്ഷനെയും കെപിസിസി ഭാരവാഹികളെയും എഐസിസി അംഗങ്ങളെയും തിരഞ്ഞെടുക്കാൻ സോണിയാ ഗാന്ധിയെ ചുമതലപ്പെടുത്തുന്ന ഒറ്റവരി പ്രമേയം അവതരിപ്പിച്ചത്. അഞ്ച് നേതാക്കൾ പിന്താങ്ങി പ്രമേയം ഏകകണ്ഠമായി പാസാക്കി. ജനറൽ ബോഡിക്ക് മുമ്പായിരുന്നു ശരത്തിന്റെ വെല്ലുവിളി. തുടർന്ന് രമേശ് ചെന്നിത്തല ശരത്തിനോടു സംസാരിച്ച് അനുനയിപ്പിച്ചു. പിന്നീടു കെ.സുധാകരനും കണ്ടു. ജനറൽ ബോഡി ചേർന്നപ്പോൾ ശരത് രംഗത്തെത്തിയില്ല.
ഇനി ശശി തരൂരിന്റെ സ്ഥാനാർത്ഥിത്വത്തെ സുധാകരൻ പിന്തുണയ്ക്കില്ല. ഗാന്ധി കുടുംബത്തിന് എതിരായ വികാരം കേരളത്തിൽ ഉണ്ടാകില്ലെന്ന് ഉറപ്പിക്കുന്നത് കൂടിയായിരുന്നു ഇന്നലത്തെ സംഭവങ്ങൾ. തന്റെ വാക്കുകളെ വളച്ചൊടിച്ചാണ് തരൂരിനുള്ള പിന്തുണയാക്കിയതെന്ന് സുധാകരൻ നേരത്തെ തന്നെ പ്രസ്താവന ഇറക്കിയിരുന്നു. അതുൾപ്പെടെ ശരത്തിന് ചെന്നിത്തല ബോധ്യപ്പെടുത്തിയിരുന്നു. സുധാകരനും തന്റെ നിലപാട് വിശദീകരിച്ചു. അതിന് ശേഷമാണ് ശരത് മത്സരത്തിൽ നിന്ന് പിന്മാറിയത്.
ജനറൽബോഡി യോഗത്തിൽ കേരളത്തിന്റെ വരണാധികാരി ജി.പരമേശ്വര, സഹ വരണാധികാരി വി.കെ.അറിവഴഗൻ, എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ എന്നിവർ മാത്രമായിരുന്നു വേദിയിൽ. പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി ഉൾപ്പെടെയുള്ളവർ താഴെ ഇരുന്നു. ജി.പരമേശ്വരയുടെ ആമുഖ പ്രസംഗത്തിനു ശേഷം പ്രമേയം അവതരിപ്പിക്കാനായി രമേശ് ചെന്നിത്തലയെ ക്ഷണിച്ചു. തീരുമാനങ്ങൾ സോണിയയ്ക്കു വിടാനുള്ള നിർദ്ദേശത്തെ ആരും എതിർത്തില്ല. ഉമ്മൻ ചാണ്ടി വിട്ടുനിന്നു എന്നതാണ് മറ്റൊരു വസ്തുത. പ്രമേയത്തെ വി.ഡി.സതീശൻ, എം.എം.ഹസൻ, കെ.മുരളീധരൻ, കെ.സി.ജോസഫ്, കൊടിക്കുന്നിൽ സുരേഷ് എന്നിവർ പിന്താങ്ങി.
1978 മുതൽ എന്റെ ചോരയും നീരും ഈ പാർട്ടിയാണെന്ന് പറയുന്ന നേതാവാണ് ശരത്. ഈ പാർട്ടിക്ക് വേണ്ടി ചോര കൊടുത്ത എത്ര പേരാ കോൺഗ്രസിലുള്ളത്. എന്റെ വീട്ടിലെ വസ്തുതർക്കത്തിന് വേണ്ടിയല്ല മാർക്കിസ്റ്റുകാർ എന്നെ കൊല്ലാൻ ശ്രമിച്ചത്. 1991ൽ എംഎൽഎയായി. മഹാത്മാ ഗാന്ധി എന്റെ വികാരമാണ്, ഇന്ദിര ഗാന്ധി എന്റെ പ്രചോദനമാണ്, കെ. കരുണാകരൻ എന്റെ രാഷ്ട്രീയഗുരുവാണ്. അവരുടെ ചിന്തയാണ് എന്റെ ഹൃദയത്തിൽ-എന്നു പറയുന്ന നേതാവാണ് ശരത് ചന്ദ്രപ്രസാദ്.
മറുനാടന് മലയാളി ബ്യൂറോ