- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിയമസഭ ലക്ഷ്യമിടുന്ന ശശി തരൂർ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും മൽസരിക്കും; നിയമസഭാ തിരഞ്ഞെടുപ്പുവരെ പാർലമെന്ററി രംഗത്തു നിന്ന് മാറിനിൽക്കുന്നത് ഗുണം ചെയ്യില്ലെന്ന് വിലയിരുത്തൽ; പാറശ്ശാലയിലോ വട്ടിയൂർക്കാവിലോ മത്സരിച്ച് എംഎൽഎയാകാനും മോഹം; തടയിടാൻ ഹൈക്കമാണ്ടിലെ പ്രമുഖനും; കേരളത്തിൽ നിന്ന് തരൂരിനെ പുറത്താക്കുമോ?
തിരുവനന്തപുരം: കേരളത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതില്ലെന്ന നിലപാട് ശശി തരൂരിനെ കോൺഗ്രസ് ഹൈക്കമാണ്ട് അറിയിച്ചേക്കും. തരൂരിനെ ദേശീയ നേതാവായി കാണാനാണ് ലക്ഷ്യമിടുന്നതെന്നും നിർദ്ദേശിച്ചു. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് തന്നെ മത്സരിക്കണമെന്നും ആവശ്യപ്പെടും. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന് ഓരോ സീറ്റും ജയിക്കേണ്ടത് നിർണ്ണായകമാണ്. അതുകൊണ്ട് തന്നെ തരൂരിനെ തിരുവനന്തപുരത്ത് നിർത്തും. ഇതോടെ കേരള മുഖ്യമന്ത്രിയെന്ന തരൂരിന്റെ ലക്ഷ്യത്തിന് തടയിടാമെന്നാണ് പ്രതീക്ഷ. ഹൈക്കമാണ്ടിലെ ഒരു ഉന്നതനാണ് ഇതിന് പിന്നിൽ.
സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കൂടുമാറാനുള്ള ശശി തരൂരിന്റെ താൽപര്യം കോൺഗ്രസ് ഹൈക്കമാണ്ടിലെ പ്രമുഖ മലയാളികൾക്ക് രസിക്കുന്നില്ല. തരൂരിനോടു പരസ്യമായി ഏറ്റുമുട്ടില്ല. മുഖ്യമന്ത്രിസ്ഥാനാർത്ഥിയാകാൻ ഒരുക്കമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നിയമസഭയിലേക്കു മത്സരിക്കാൻ തരൂർ സന്നദ്ധത വ്യക്തമാക്കിയത്. ചോദ്യത്തിനുള്ള മറുപടിയെന്ന് വിശദീകരിക്കുന്നെങ്കിലും സാധ്യതകളൊന്നും തള്ളിക്കളയാനുമില്ല, തരൂർ ക്യാംപ്. എന്നാൽ മുഖ്യമന്ത്രി പദ മോഹിച്ച് തരൂർ നടത്തുന്ന നീക്കങ്ങളെ നിയമസഭാ സീറ്റിൽ മത്സരിക്കാൻ അവസരം നൽകാതെ പൊളിക്കാനാണ് നീക്കം. ഇതിന് വേണ്ടിയാണ് ലോക്‌സഭയിലേക്ക് മത്സരിപ്പിക്കുന്നതും.
അതിനിടെ നിയമസഭ ലക്ഷ്യമിടുന്ന ശശി തരൂർ എംപി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും മൽസരിക്കും എന്നാണ് സൂചന. സിറ്റിങ് സീറ്റായ തിരുവനന്തപുരത്തുതന്നെ ജനവിധി തേടും. നിയമസഭാ തിരഞ്ഞെടുപ്പുവരെ പാർലമെന്ററി രംഗത്തുനിന്ന് മാറിനിൽക്കുന്നത് ഗുണംചെയ്യില്ലെന്ന വിലയിരുത്തലിനെ തുടർന്നാണിത്. നിയമസഭയിൽ വട്ടിയൂർക്കാവിൽ മത്സരിക്കാനാണ് തരൂരിന് താൽപ്പര്യം. പാറശ്ശാലയിലും തരൂരിന് മികച്ച സാധ്യതയുണ്ട്. ഈ സീറ്റുകളിൽ ഒന്നിലാകും തരൂരിന്റെ മത്സരം. എന്നാൽ തരൂരിനെ കോൺഗ്രസിൽ നിന്ന് പുകച്ചു പുറത്തു ചാടിക്കാനും ചിലർ ശ്രമം നടത്തുന്നുണ്ട്. എന്നാൽ മുസ്ലിം ലീഗിന്റെ പിന്തുണ തരൂരിനാണ്. അതുകൊണ്ട് തന്നെ തരൂരിനെ കരുതലോടെ മാത്രമേ കോൺഗ്രസിലെ ശത്രുക്കൾ കൈകാര്യം ചെയ്യൂവെന്നതാണ് വസ്തുത.
മുസ്ലിം ലീഗും ക്രൈസ്തവ സഭകളും എൻ എസ് എസും പരസ്യമായി തരൂരിനെ പിന്തുണയ്ക്കുന്നു. ഇതിനൊപ്പം കോൺഗ്രസിലെ യുവ നേതാക്കളും തരൂരിനൊപ്പമാണ്. എ ഗ്രൂപ്പും ഐയിലെ യുവാക്കളും തരൂരിനെ പിന്തുണയ്ക്കുന്നുണ്ട്. ഇതെല്ലാം കേരളത്തിലെ ഹൈക്കമാണ്ട് ബന്ധമുള്ള ഗ്രൂപ്പ് മാനേജർമാരെ അലോസരപ്പെടുത്തുന്നുണ്ട്. യുഡിഎഫിൽ തരൂരിന് പ്രസക്തി കൂടുന്നുവെന്നതാണ് വസ്തുത. ആർ എസ് പി അടക്കമുള്ളവർ തരൂരിനെ പിന്തുണയ്ക്കാൻ സാധ്യത കൂടുതലാണ്.
കേരളത്തിൽ തരൂർ നടത്തുന്ന യാത്രകളും സന്ദർശനങ്ങളും അദ്ദേഹത്തിനു കേരള രാഷ്ട്രീയത്തിലുണ്ടായ പുതിയ താൽപര്യം തന്നെയാണു കാണിക്കുന്നത്. ദേശീയ നേതൃത്വത്തിൽ നിന്നുള്ള സൂചനകൾ ശുഭമല്ലെന്ന് അദ്ദേഹം കരുതുന്നു. പ്രഫഷനൽ കോൺഗ്രസ് അധ്യക്ഷപദമൊഴിച്ചാൽ ദേശീയ തലത്തിൽ പ്രധാന ചുമതലയൊന്നും തരൂരിനില്ല. റായ്പുരിലെ നിർദിഷ്ട പ്ലീനറി സമ്മേളനത്തിൽ പ്രവർത്തകസമിതിയിലേക്ക് നാമനിർദ്ദേശം ലഭിക്കുമോ എന്നും ഉറപ്പില്ല. പ്രവർത്തക സമിതിയിലേക്ക് തരൂർ മത്സരിക്കുകയും ചെയ്യും. അങ്ങനെ വന്നാൽ തരൂരിനെ പ്രവർത്തക സമിതിയിൽ തോൽപ്പിക്കാനും ശ്രമമുണ്ട്. പ്രവർത്തക സമിതിയിലേക്ക് തരൂരിന് നാമനിർദ്ദേശം നൽകില്ല.
ഈ സാഹചര്യത്തിലാണ് കേരളത്തിൽ തന്റെ സ്വീകാര്യത കാണിക്കാനും സമുദായ നേതൃത്വങ്ങളുടെയടക്കം പിന്തുണ ഉറപ്പിക്കാനും ശ്രമം തുടങ്ങിയത്. നിയമസഭയിലേക്കല്ല, 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തന്നെയാണ് തരൂർ മത്സരിക്കേണ്ടതെന്ന നിലപാടിലാണു കോൺഗ്രസ് നേതൃത്വം. ജി23 ന്റെ ഭാഗമായപ്പോൾ ടിക്കറ്റ് നിഷേധിക്കുമെന്ന ശങ്ക തരൂരിനുണ്ടായിരുന്നു. തരൂർ താൽപര്യപ്പെടുന്നെങ്കിൽ സംസ്ഥാന നേതൃത്വം അദ്ദേഹത്തിനായി നിൽക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആ ഘട്ടത്തിൽ വാക്കു നൽകി. എന്നാൽ ഇപ്പോൾ തരൂരും സതീശനും അകന്നിരിക്കുന്നു. തനിക്കാണ് തരൂർ ഭീഷണിയെന്ന് സതീശൻ തിരിച്ചറിഞ്ഞു.
പ്രവർത്തകസമിതിയിൽനിന്നു തഴയപ്പെട്ടാൽ തരൂർ കോൺഗ്രസിൽ തുടരുമോ എന്നു സംശയിക്കുന്നവരുണ്ട്. ഇതു കണക്കിലെടുത്താണ് തരൂരിനെക്കൂടി ഉൾക്കൊള്ളണമെന്ന നിലപാട് ഉമ്മൻ ചാണ്ടി പുലർത്തുന്നത്. 'എനിക്കുള്ള സ്വീകാര്യത ഇപ്പോൾ ഉണ്ടായതല്ല. നേരത്തേയും ഉണ്ട്. നിയമസഭയിലേക്കു മത്സരിക്കുന്ന കാര്യം ചർച്ച ചെയ്യാൻ സമയമുണ്ട്. എംപിമാരിൽ പലരും നിയമസഭയിലേക്കു മത്സരിച്ചേക്കും. അതെല്ലാം തീരുമാനിക്കേണ്ടതു പാർട്ടിയാണ്. കോൺഗ്രസിനെയാണു തിരിച്ചു കൊണ്ടുവരേണ്ടത്.'-ഇതാണ് തരൂരിന്റെ നിലപാട്.
അതിനിടെ ശശി തരൂർ മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന് കെ.മുരളീധരൻ എംപി പറയുന്നു. മറ്റുള്ളവർക്ക് അയോഗ്യത ഉണ്ടെന്ന് അതിന് അർഥമില്ല. തരൂരിനു മതനേതാക്കളുടെ പിന്തുണയുള്ളതു നല്ലതാണ്. നിയമസഭയിലേക്ക് മത്സരിക്കാൻ താൻ ആഗ്രഹിച്ചെന്നും പിന്നെ വേണ്ടെന്നു തോന്നിയെന്നും ഇപ്പോൾ മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ചകൾ വേണ്ടെന്നും മുരളീധരൻ വ്യക്തമാക്കി. ശശി തരൂർ നിയമസഭയിലേക്കു മത്സരിക്കുമെന്നും പകരം തിരുവനന്തപുരത്ത് ആരെന്നുമൊക്കെയുള്ള ചർച്ചയ്ക്ക് ഇപ്പോൾ പ്രസക്തിയില്ല.
ഒരാൾ മാറുകയാണെങ്കിൽ പകരക്കാരനെയും ഹൈക്കമാൻഡ് തീരുമാനിക്കും. മത്സരിക്കണോ, മാറിനിൽക്കണോ, സീറ്റ് മാറണോ എന്നതൊക്കെ ഹൈക്കമാൻഡാണു തീരുമാനിക്കേണ്ടതെന്നും മുരളീധരൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ