- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സുകുമാരൻ നായരുടെ പരസ്യ പിന്തുണയ്ക്കൊപ്പം ക്രൈസ്തവ സംഘടനകളും തരൂരിനായി വാദിക്കുന്നു; ഭരണം തിരികെ പിടിക്കാൻ തരൂർ കൂടിയേ തീരൂവെന്ന തിരിച്ചറിവിൽ മുസ്ലിംലീഗും; അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം ഉണ്ടെന്ന് വ്യക്തമാക്കിയ തരൂർ മുഖ്യമന്ത്രി പദവി ലക്ഷ്യമിട്ടുള്ള കരുനീക്കങ്ങളിലേക്ക്; കോൺഗ്രസ് നേതാക്കൾ എതിർക്കുമ്പോഴും ഇരട്ടിക്കരുത്തോടെ തരൂർ
കോട്ടയം: കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം പരിശോധിച്ചാൽ യുഡിഎഫ് എടുത്തുകാണിക്കാൻ ഒരു നേതാവില്ലാത്ത വിധം പ്രതിസന്ധികൾ നേരിടുകയാണ്. പ്രതിപക്ഷത്തെ അനക്കമില്ലായ്മ മുതലെടുത്ത് രാഷ്ട്രീയമായി മുന്നോട്ടു പോകുന്ന പിണറായി വിജയനെയും സിപിഎമ്മിനെയും കാണാൻ സാധിക്കും. ആകെ നിരാശരായ യുഡിഎഫ് പ്രവർത്തകർക്ക് മുന്നിൽ പ്രതീക്ഷയുടെ തിരിവെട്ടം കൊടുക്കുന്ന നേതാവായി മാറിയിരിക്കുന്നത് ശശി തരൂരാണ്. കോൺഗ്രസ് നേതൃത്വത്തിന് അനഭിമതനെങ്കിലും ഉറച്ച തീരുമാനങ്ങളോടെ മുന്നോട്ടു പോകാനാണ് തരൂരിന്റെ നീക്കം. പാർട്ടിയിൽ നേതാക്കൾ ചവിട്ടി ഒതുക്കാൻ ശ്രമിക്കുമ്പോഴും സമുദായ നേതാക്കളുടെ പിന്തുണ വലിയ തോതിൽ തരൂരിലേക്ക് കേന്ദ്രീകരിക്കുന്നു. ഇതോടെ അവഗണിക്കാൻ സാധിക്കാത്ത വിധം തരൂർ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർന്നു വരികയാണ്.
സുകുമാരൻ നായർ പരസ്യ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ക്രൈസതവ സംഘടനകളും തരൂരിനായി വാദിക്കുന്നുണ്ട്. യുഡിഎഫ് വീണ്ടും അധികാരത്തിൽ എത്തണെങ്കിൽ തരൂരിനെ പോലൊരു നേതാവ് നയിക്കാൻ അനിവാര്യമാണെന്ന തിരിച്ചറിവിലാണ് മുസ്ലിംലീഗും. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ യുഡിഎഫിന് തരൂരിനെ അവഗണിച്ച് ഇല്ലാതാക്കാനും സാധിക്കില്ല. കേരളത്തിൽ കേന്ദ്രീകരിക്കണമെന്ന സമുദായ നേതാക്കളുടെ ആവശ്യത്തിനൊപ്പം തരൂരും താൻ കേരളത്തിൽ ചുവടുറപ്പിക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞു.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം ഉണ്ടെന്ന് വ്യക്തമാക്കി പരസ്യമായി തരൂർ പറഞ്ഞത് കേരളത്തിലെ സ്ഥാനമോഹികളായ മറ്റു നേതാക്കൾക്ക് സുഖിക്കാൻ ഇടയില്ലെങ്കിലും അണികൾക്കിടയിൽ അത പ്രതിഫലനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. എല്ലാവരും തന്നോട് കേരളത്തിൽ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്നതായി തരൂർ വ്യക്തമാക്കി. ഓർത്തഡോക്സ് സഭാ ആസ്ഥാനമായ ദേവലോകം അരമനയിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് തരൂർ നയം വ്യക്തമാക്കിയത്. അതേസമയം എൻഎസ്എസിന് പിന്നാലെ ഓർത്തഡോക്സ് സഭയും ശശി തരൂരിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു.
തരൂർ ഇനി കേരളത്തിൽ പ്രവർത്തിക്കണമെന്നാണ് ആഗ്രഹമെന്ന് മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയാണ് നേരിട്ടു ആവശ്യപ്പെട്ടത്. ഉപദേശം ഉൾക്കൊള്ളുമെന്നു തരൂരിന്റെ മറുപടി. സഭാ ആസ്ഥാനത്ത് സന്ദർശനത്തിനെത്തിയതായിരുന്നു തരൂർ. മാറി മാറി ഭരണം വരുന്നതാണു നല്ലതെന്നു ബാവാ പറഞ്ഞു. അതിനു കോൺഗ്രസിന്റെ ഭാഗത്ത് കുറെക്കൂടി ഐക്യം വേണം. തരൂരിനെക്കൊണ്ട് അതിനു സാധിക്കുമെന്നും ബാവാ പറഞ്ഞു. ഇരുവരും പത്തു മിനിറ്റോളം അടച്ചിട്ട മുറിയിൽ ചർച്ച നടത്തി.
സജീവമായി കേരളത്തിൽ പ്രവർത്തിക്കുമെന്നു പിന്നീടു വ്യക്തമാക്കിയ തരൂർ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് മുന്നോട്ടു പോകുമെന്നും പറഞ്ഞു. കോൺഗ്രസിൽ ഇനി യുണൈറ്റഡ് ഗ്രൂപ്പേ ഉണ്ടാകൂ. കേരളത്തിലെ പ്രവർത്തനത്തിനു കേന്ദ്രത്തിന്റെ ഗ്രീൻ സിഗ്നൽ കിട്ടിയോ എന്ന ചോദ്യത്തിന് അങ്ങനെയൊരു സിഗ്നൽ കാത്തിരിക്കുകയായിരുന്നില്ല താനെന്നും പറഞ്ഞു. ഓർത്തഡോക്സ് സഭാ വൈദിക ട്രസ്റ്റി ഫാ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ്, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, ഫാ. ജോൺസ് ഏബ്രഹാം കോനാട്ട്, ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ എന്നിവരും ബാവായ്ക്കൊപ്പമുണ്ടായിരുന്നു.
കേരളം കേന്ദ്രീകരിച്ചുള്ള സജീവ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ശേഷം ഇത് ആദ്യമായാണ് തന്റെ ഭാവി പരിപാടികളെ പറ്റി ശശി തരൂർ തുറന്നു പറയുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് മത്സരിക്കാൻ ആഗ്രഹം ഉണ്ടെന്ന് കൃത്യമായി മറുപടി നൽകുകയാണ് തരൂർ ചെയ്തത്. തറവാടി നായരാണ് ശശി തരൂർ എന്ന എൻഎസ്എസ് സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രസ്താവനയിൽ സ്വയം പരുക്കേൽക്കാതെ മാറിനിൽക്കാനാണ് തരൂർ ശ്രമിച്ചത് . എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ പ്രസ്താവനയെപ്പറ്റി അദ്ദേഹത്തോട് തന്നെ ചോദിക്കണം. തന്റെ മനസ്സിലോ പ്രവർത്തിയിലോ ജാതിയില്ല. വീട്ടിൽ ജോലി ചെയ്യുന്നവരുടെ ജാതി പോലും തനിക്കറിയില്ലെന്നും തരൂർ മാധ്യമങ്ങളോട് പറഞ്ഞു. എൻഎസ്എസ് രജിസ്ട്രാറുടെ രാജിയും തന്റെ സന്ദർശനവും തമ്മിൽ ബന്ധമുണ്ടെന്ന് തോന്നുന്നില്ലെന്നും തരൂർ പ്രതികരിച്ചു.
എൻഎസ്എസിന് പിന്നാലെ ഓർത്തഡോക്സ് സഭയും തരൂരിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്ന കാഴ്ചയാണ് ദേവലോകം അരമനയിൽ കണ്ടത്. കോൺഗ്രസിനെ ശക്തിപ്പെടുത്താൻ തരൂർ കേരളത്തിൽ സജീവമാകണം. ഇത്തവണ പ്രതിപക്ഷത്ത് ആകാൻ കാരണം കോൺഗ്രസ് ശക്തമല്ലാത്തതുകൊണ്ടാണ്. തുടർച്ചയായി രണ്ടു തവണ പ്രതിപക്ഷത്ത് ആയത് കോൺഗ്രസിന്റെ അപചയമാണ്. കേരളത്തിൽ മാറി മാറിയുള്ള ഭരണമാണ് നല്ലതെന്ന് ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ അഭിപ്രായപ്പെട്ടു. കോൺഗ്രസിന്റെ ഐക്യം ശക്തിപ്പെടുത്താൻ തരൂരിനെ കൊണ്ട് സാധിക്കും എന്ന് കരുതുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ കേരള മുഖ്യമന്ത്രിയാകാൻ തയാറാണെന്ന് തരൂർ മനോരമ ന്യൂസ് മേക്കർ പരിപാടിയിലും പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതു ജനങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംവാദത്തിൽ മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിനു മറുപടിയായിട്ടായിരുന്നു ഈ പ്രതികരണം. കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കു മത്സരിക്കാനുള്ള സാധ്യത തരൂർ തള്ളിക്കളഞ്ഞില്ല.
'പ്രവർത്തക സമിതി വഴി പാർട്ടിയിൽ വലിയ മാറ്റം കൊണ്ടുവരാൻ കഴിയുമെന്നു കരുതുന്നവരുണ്ട്. എഐസിസി അധ്യക്ഷസ്ഥാനത്തേക്കു മത്സരിക്കാൻ പരസ്യമായും രഹസ്യമായും പിന്തുണ നൽകിയവരുണ്ട്. അവരുമായി ചർച്ച ചെയ്തശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കും'തരൂർ പറഞ്ഞു. കേരളത്തിലെ ചില പ്രശ്നങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. നമ്മുടെ കുറവ്, കഴിവില്ലായ്മ ഇതെല്ലാം എന്താണെന്നു ചോദിക്കാനുള്ള ഉത്തരവാദിത്തമുണ്ട്. അതെല്ലാമാണു ഞാൻ ചോദിച്ചുകൊണ്ടിരിക്കുന്നത്. കാരണം കണ്ടെത്തി അതെല്ലാം പരിഹരിക്കേണ്ടതുണ്ട്. അതിനു ഞാൻ തയാറാണ്. പക്ഷേ, ഇപ്പോൾ അതു സംസാരിക്കാനുള്ള സമയമല്ല.
ചങ്ങനാശേരിയിലെ എൻഎസ്എസ് വേദിയിൽ പറഞ്ഞതു തമാശയായിരുന്നു. നമ്മുടെ രാഷ്ട്രീയത്തിൽ തമാശയ്ക്കു സ്ഥാനമില്ലെന്നു പഠിച്ചു. എന്റെ വിശ്വാസവും കാഴ്ചപ്പാടും സമൂഹത്തെ കാണുന്നതു സംബന്ധിച്ച് ആർക്കും സംശയമുണ്ടാകാൻ സാധ്യതയില്ല. ഒരു മണിക്കൂർ 10 മിനിറ്റ് അവിടെ സംസാരിച്ച വ്യക്തിയാണു ഞാൻ. അതിൽ സുകുമാരൻ നായരെ നോക്കി ചിരിച്ചു സംസാരിച്ച ഒരു വാചകം മാത്രമാണു വാർത്തയായതെന്നും തരൂർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ