- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതാ പ്രാധിനിത്യത്തിന്റെ കുറവ് നീതികേട്; തീരുമാനങ്ങള്‍ എടുത്തവര്‍ എല്ലാ ഘടകങ്ങളും പരിഗണിച്ചിരിക്കാം; വിജയ സാധ്യതയാണ് മാനദണ്ഡം എന്നാണ് പറയുന്നത്; കൂടുതല്‍ വനിതകള്‍ പട്ടികയില്‍ ഇടംപിടിക്കേണ്ടതായിരുന്നുവെന്ന് ശശി തരൂര്‍
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതാ പ്രാധിനിത്യത്തിന്റെ കുറവ് നീതികേട്

ന്യൂഡല്‍ഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതകള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കാത്തത് നീതികേടാണെന്ന് ശശി തരൂര്‍ എംപി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന നിലപാടുകാരനാണ് താനെന്നും കൂട്ടിച്ചേര്‍ത്തു. വിജയസാധ്യതയാണ് മാനദണ്ഡമെന്നാണ് നേതൃത്വം പറയുന്നത്.
തീരുമാനങ്ങള്‍ എടുത്തവര്‍ എല്ലാ ഘടകങ്ങളും പരിഗണിച്ചിട്ടുണ്ടാകാം. എങ്കിലും വനിതാ ബില്ലിനെ ശക്തമായി പിന്തുണച്ച ഒരാളെന്ന നിലയില്‍, കൂടുതല്‍ വനിതകള്‍ പട്ടികയില്‍ ഇടംപിടിക്കേണ്ടതായിരുന്നു എന്ന് അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് മത്സരിക്കുന്ന 92 സീറ്റുകളില്‍ വെറും ഒമ്പത് മണ്ഡലങ്ങളില്‍ മാത്രമാണ് വനിതകളെ പരിഗണിച്ചിട്ടുള്ളത്. കടുത്ത തര്‍ക്കങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് രണ്ടാം ഘട്ട പട്ടിക പുറത്തുവിട്ടത്.
പ്രമുഖരായ പല നേതാക്കള്‍ക്കും സീറ്റ് നിഷേധിക്കപ്പെട്ടത് പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. വനിതാ പ്രാതിനിധ്യത്തിലെ കുറവ് വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ വലിയ ആഭ്യന്തര ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കരണമായേക്കുമെന്നാണ് സൂചന. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ അതൃപ്തി പരസ്യപ്പെടുത്തി എ.ഐ.സി.സി വക്താവ് ഷമ മുഹമ്മദ് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുനന്ു. എക്‌സ് അക്കൗണ്ടിലൂടെയാണ് ഷമ അതൃപ്തി അറിയിച്ചത്. സംസ്ഥാനത്തെ കോണ്‍ഗ്രസിലുള്ള വനിതകളെ രക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന 92 സീറ്റുകളില്‍ വെറും ഒന്‍പത് എണ്ണം മാത്രമാണ് വനിതകള്‍ക്ക് നല്‍കിയതെന്നും ലോക്‌സഭയിലേക്ക് ആകെ ഒരു വനിതയെ മാത്രമാണ് പരിഗണിച്ചതെന്നും അവര്‍ പറഞ്ഞു. കഴിവുള്ള സ്ത്രീകള്‍ പാര്‍ട്ടിയിലുണ്ടെങ്കിലും അവരുടെ സ്ഥിതി നിലവില്‍ പരിതാപകരമാണെന്നും ഷമ മുഹമ്മദ് കൂട്ടിച്ചേര്‍ത്തു. പരാജയപ്പെടുമെന്ന് ഭയന്നല്ല താന്‍ ഇത് പറയുന്നതെന്നും അര്‍ഹമായ പ്രാതിനിധ്യം സ്ത്രീകള്‍ക്ക് ലഭിക്കാത്തതിലാണ് തന്റെ പ്രതിഷേധമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ മണ്ഡലത്തില്‍ ഇത്തവണ സ്ഥാനാര്‍ഥിയായി ഷമയെ പരിഗണിക്കുമെന്ന് ചര്‍ച്ചകളുണ്ടായിരുന്നു. എന്നാല്‍, സ്ഥാനാര്‍ഥി പട്ടിക വന്നപ്പോള്‍ കണ്ണൂരില്‍ ടി.ഒ മോഹനനാണ് സ്ഥാനാര്‍ഥി. ഇതിനു പിന്നാലെയാണ് ഷമ മുഹമ്മദിന്റെ പ്രതികരണം.
അതേസമയം കേരളത്തില്‍ യുഡിഎഫിന് 85 മുതല്‍ 100 സീറ്റ് ലഭിക്കുമെന്ന് ശശി തരൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു, തന്റെ സഹപ്രവര്‍ത്തകര്‍ വലിയ ആത്മവിശ്വാസത്തിലെന്നും ശശി തരൂര്‍ വാര്‍ത്താഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തിനായി ആര്‍ക്കും അവകാശ വാദം ഉന്നയിക്കാനാകില്ലെന്നും തീരുമാനം ഹൈക്കമാന്‍ഡിന്റേതായിരിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു.
നികുതി ദായകരുടെ പണം കേഡര്‍മാരുടെ പോക്കറ്റിലെത്തിക്കാനാണ് ഇടത് പാര്‍ട്ടികളുടെ ശ്രമം. രണ്ട് വര്‍ഷത്തേക്ക് പിഎയെ നിയമിച്ച് ആജീവനാന്തം പെന്‍ഷന്‍ നേടിയെടുക്കാനാണ് കമ്മ്യൂണിസ്റ്റ് മന്ത്രിമാര്‍ ശ്രമിക്കുന്നത്. ഈ പണം നികുതി ദായകരുടെതാണ്, ഈ പണം ഉപയോഗിച്ച് പാര്‍ട്ടിക്കായി പണിയെടുക്കുകയാണെന്നും ശശി തരൂര്‍ ആരോപിച്ചു. സ്വാഭാവികമായും പാര്‍ട്ടിയോടാകും അവര്‍ക്ക് കൂറുണ്ടാകുക.
യുഡിഎഫിനായി പതിനാല് ജില്ലകളിലും പ്രചാരണത്തിന് പോകും. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആര്‍ക്കും അവകാശവാദം ഉന്നയിക്കാനാവില്ല. മുഖ്യമന്ത്രി ആരാകുമെന്ന് തീരുമാനിക്കുക ഹൈക്കമാന്‍ഡായിരിക്കും. എം എല്‍എമാരുടെ നിലപാട് അറിഞ്ഞശേഷം ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്നും ശശി തരൂര്‍ പറഞ്ഞു. കേരളത്തില്‍ ബിജെപി ചിത്രത്തിലില്ലെന്ന് പറഞ്ഞ ശശി തരൂര്‍ 'പൂജ്യം സീറ്റ്' പാര്‍ട്ടിയെന്നും പരിഹസിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തെ എല്‍ഡിഎഫ് ദുര്‍ഭരണത്തിന് അറുതിയുണ്ടാകണം. വിശ്വാസ്യതയുള്ള ബദല്‍ വേണമെന്നും തരൂര്‍ പറഞ്ഞു.


