- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗണേഷിന്റെ കുടുംബം തകരാതിരിക്കാന്‍ വേണ്ടി ഉമ്മന്‍ചാണ്ടി എന്തെല്ലാം പരിശ്രമിച്ചെന്ന് അറിയാവുന്ന വ്യക്തി ഞാനാണ്; ഉമ്മന്‍ചാണ്ടിയും താനും മാത്രമാണ് ആ വിഷയത്തില്‍ ഇടപെട്ടത്; ഒരു മുഖ്യമന്ത്രിയുടെ പണി ഇതാണോ എന്ന അവഹേളിക്കുന്ന ചോദ്യമാണ് അന്ന് നിയമസഭയില്‍ ഉയര്‍ന്നത്; ഗണേഷ് കുമാറിനെതിരെ ഷിബു ബേബി ജോണ്‍
ഗണേഷിന്റെ കുടുംബം തകരാതിരിക്കാന്‍ വേണ്ടി ഉമ്മന്‍ചാണ്ടി എന്തെല്ലാം പരിശ്രമിച്ചെന്ന് അറിയാവുന്ന വ്യക്തി ഞാനാണ്

കൊല്ലം: ഉമ്മന്‍ചാണ്ടിക്കെതിരെ രംഗത്തുവന്ന മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഷിബു ബേബി ജോണ്‍. മന്ത്രി കെ.ബി. ഗണേഷ് കുമാറും സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനുമായും ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ചാണ് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറിയും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണ്‍ രംഗത്തു വന്നത്.
സോളാര്‍ കേസില്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് ഷിബു ബേബി ജോണ്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാം അവഹേളനങ്ങളും സഹിച്ചാണ് ഗണേഷ് കുമാറിന് വേണ്ടി ഉമ്മന്‍ചാണ്ടി ഇടപെട്ടത്. മറവി ഒരു സൗകര്യമാണെങ്കിലും ഇവിടെ തെളിവുകളുണ്ട്. മരിച്ചുപോയ വ്യക്തിയെ കുറിച്ചുള്ള പരാമര്‍ശം ദൗര്‍ഭാഗ്യകരമാണ്. ഉമ്മന്‍ചാണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ ഗണേഷ് അത് പറയട്ടെ എന്നും ഷിബു ബേബി ജോണ്‍ ആവശ്യപ്പെട്ടു.
സോളാര്‍ കേസില്‍ ആദ്യവും പിന്നീടും എന്താണ് സംഭവിച്ചതെന്ന് മലയാളിക്ക് ഉത്തമബോധ്യമുണ്ട്. കുടുംബം തകര്‍ത്തത് ഉമ്മന്‍ചാണ്ടിയാണെന്ന ഗണേഷിന്റെ പ്രസ്താവന നിര്‍ഭാഗ്യകരമാണ്. എല്ലാവരും മനുഷ്യരാണെന്ന് ഗണേഷ് ഓര്‍ക്കട്ടേ?. ഗണേഷിന്റെ കുടുംബം തകരാതിരിക്കാന്‍ വേണ്ടി ഉമ്മന്‍ചാണ്ടി എന്തെല്ലാം പരിശ്രമിച്ചെന്ന് അറിയാവുന്ന ഒരു വ്യക്തി താനാണ്. ഉമ്മന്‍ചാണ്ടിയും താനും മാത്രമാണ് ആ വിഷയത്തില്‍ ഇടപെട്ടത്. ഒരു മുഖ്യമന്ത്രിയുടെ പണി ഇതാണോ എന്ന അവഹേളിക്കുന്ന ചോദ്യമാണ് അന്ന് നിയമസഭയില്‍ ഉയര്‍ന്നുവന്നത്. എല്ലാ ദിവസവും പകല്‍ സമയത്തെ തിരിക്ക് കഴിഞ്ഞ് രാത്രി വളരെ വൈകി ചര്‍ച്ച നടത്തി പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഉമ്മന്‍ചാണ്ടി പരിശ്രമിച്ചത് അറിയാം.
എറണാകുളം ഗസ്റ്റ് ഹൗസിലെ ഒരു കൂടിക്കാഴ്ചയാണ് ഉമ്മന്‍ചാണ്ടിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയത്. ഗസ്റ്റ് ഹൗസില്‍ വന്ന ബിജു രാധാകൃഷ്ണന്‍ ഉമ്മന്‍ചാണ്ടിയുമായി സംസാരിക്കുകയും ഒരാളുടെ പേര് പറയുകയും ചെയ്തു. ഇത്രയും സംഭവ വികാസങ്ങള്‍ ഉണ്ടായിട്ടും മരിക്കുംവരെ ഉമ്മന്‍ചാണ്ടിയുടെ വായില്‍ നിന്ന് ആ പേര് പുറത്തുവന്നില്ല. അതാണ് മഹത്വമെന്ന് പറയുന്നത്. ഗണേഷന് പറയാനുള്ളത് അദ്ദേഹം പറയട്ടെ. ഈ വിഷയത്തില്‍ താന്‍ കൂടുതല്‍ പറയുന്നില്ല. തെരഞ്ഞെടുപ്പ് സമയത്ത് ചര്‍ച്ച ചെയ്യേണ്ടത് രാഷ്ട്രീയമാണെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി.
പത്തനാപുരത്ത് നടന്ന പൊതുപരിപാടിയിലാണ് ഗണേഷ് കുമാറിനെതിരെ ചാണ്ടി ഉമ്മന്‍ ആദ്യം ആരോപണം ഉന്നയിച്ചത്. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ കുടുക്കിയത് ഗണേഷ് കുമാറാണ് എന്നായിരുന്നു ചാണ്ടി ഉമ്മന്റെ ആരോപണം. സോളാര്‍ കേസിലെ പരാതിക്കാരിയുടെ 18 പേജുള്ള പരാതി 24 പേജ് ആക്കിയതിന് പിന്നില്‍ ഗണേഷ് കുമാര്‍ ആണ്. ഇന്നും ഈ വിഷയത്തില്‍ കൊട്ടാരക്കര കോടതിയില്‍ കേസ് നടക്കുന്നുണ്ട്. ഒരിക്കല്‍ നീതി ലഭിക്കുമെന്നാണ് വിശ്വാസം. ഉമ്മന്‍ചാണ്ടി നീതിക്ക് നിരക്കാത്തതായി ഒന്നും ചെയ്തിട്ടില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ സിഡി തേടി ഗണേഷ് കുമാര്‍ കോയമ്പത്തൂരിലേക്കും തമിഴ്‌നാട്ടിലേക്കും യാത്ര ചെയ്തു. എന്നിട്ട് സിഡി കിട്ടിയോ എന്നും ചാണ്ടി ഉമ്മന്‍ ചോദിച്ചു. ആര്‍. ബാലകൃഷ്ണപിള്ളയുമായി ഉമ്മന്‍ചാണ്ടിക്ക് അടുത്ത ബന്ധമായിരുന്നു. പക്ഷെ, ഗണേഷ് കുമാറില്‍ നിന്ന് ഇതുപോലുള്ള നീച പ്രവൃത്തികളാണ് ഉണ്ടായതെന്നും ചാണ്ടി ഉമ്മന്‍ ചൂണ്ടിക്കാട്ടി.
ചാണ്ടി ഉമ്മന്റെ ആരോപണത്തോട് പ്രതികരിച്ച ഗണേഷ് കുമാര്‍, തന്റെ കുടുംബം തകര്‍ക്കാനും മക്കളെ വേര്‍പിരിക്കാനും ഉമ്മന്‍ചാണ്ടി ശ്രമിച്ചെന്ന് ആരോപണം ഉന്നയിച്ചു. കുടുംബ തര്‍ക്കങ്ങളില്‍ മധ്യസ്ഥത വഹിക്കാനെന്ന വ്യാജേന ഇടപെട്ട് ചതിക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടി ജീവിച്ചിരുന്നപ്പോള്‍ ഇത് പറഞ്ഞില്ല. അന്ന് അദ്ദേഹത്തിന് അനുകൂലമായി സി.ബി.ഐക്ക്? മൊഴി നല്‍കി. മുമ്പ് മന്ത്രിസ്ഥാനത്ത് നിന്ന് മാറിയപ്പോള്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം തിരിച്ചെടുക്കാമെന്ന് പറഞ്ഞ് പറ്റിച്ചുവെന്നും ഉമ്മന്‍ചാണ്ടി കാണിച്ചത് വലിയ ദ്രോഹമാണെന്നും ഗണേഷ് പറഞ്ഞു.


