കൊച്ചി: വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കുമെന്ന് ശോഭ സുരേന്ദ്രന്‍. തെരഞ്ഞെടുപ്പില്‍ തൃശൂര്‍, തിരുവനന്തപുരം കോര്‍പ്പറേഷനുകള്‍ ബിജെപി ഭരിക്കുമെന്ന് ശോഭാ പറഞ്ഞു. പ്രതിപക്ഷ നോതാവ് വിഡി സതീശന്റെ വെല്ലുവിളി ഏറ്റെടുക്കുന്നു. പാലക്കാട് മുനിസിപ്പാലിറ്റിയില്‍ പന്തയം വെക്കാം, ഒരു മുനിസിപ്പല്‍ കൗണ്‍സിലറെ യുഡിഎഫിന് അധികമുണ്ടാക്കാന്‍ സാധിക്കുമോ? അത് വെല്ലുവിളിയായി ഏറ്റെടുക്കാന്‍ ബിജെപി തയ്യാറാണ്. ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.

തന്നെ സംബന്ധിച്ച് അടുത്ത ചിന്ത തെരഞ്ഞെടുപ്പാണെന്നും, അല്ലാതെ മറ്റൊന്നുമില്ലെന്നും ശോഭ എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു. 'അടുത്ത തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള കോര്‍പ്പറേഷന്‍ ഞങ്ങള്‍ ഭരിക്കും. താഴെ നിന്ന് മുദ്രാവാക്യം വിളിച്ചിട്ടുള്ള പാവപ്പെട്ട പ്രവര്‍ത്തകന്‍മാരെ മുനിസിപ്പല്‍ ചെയര്‍മാന്‍മാരായിട്ടും കൗണ്‍സിലര്‍മാരായിട്ടും പഞ്ചായത്ത് പ്രസിഡന്റുമാരായിട്ടും ഇരുത്താനുള്ള ഒരുതിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. അതിന് പാര്‍ട്ടി പുര്‍ണസജ്ജമാണ്. അതുമാത്രമാണ് തന്റെ മനസ്സിലുള്ളത്'. പാര്‍ട്ടിയുടെ സംസ്ഥാനഘടകം നാളിതുവരെ ഏല്‍പ്പിച്ച എല്ലാ ജോലിയും കൃത്യമായി ചെയ്തുതീര്‍ത്തിട്ടുണ്ടെന്നും ശോഭ പറഞ്ഞു.

'അഖിലേന്ത്യാ നേതൃത്വവും സംസ്ഥാനഘടകവും ശോഭ എന്ത് ജോലി ചെയ്യണമെന്ന് തീരുമാനമെടുക്കാറുണ്ട്. ആ പണി വളരെ നല്ല രീതിയില്‍ ചെയ്തുതീര്‍ത്തുവെന്ന് ആത്മവിശ്വാസമുള്ള ഒരു സാധാരണക്കാരിയാണ് ഞാന്‍' - ശോഭ പറഞ്ഞു. പ്രമീള ഉന്നയിച്ച കാര്യങ്ങള്‍ക്കുള്ള മറുപടി സംസ്ഥാന അധ്യക്ഷന്‍ കൊടുത്തിട്ടുണ്ടെന്നും ശോഭ പറഞ്ഞു.

സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞതിനേക്കാള്‍ കൂടുതലായിട്ട് ഞാനെന്താണ് പറയേണ്ടത്. നേതൃത്വത്തില്‍ മാറ്റം വേണ്ടിവരുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി ശോഭ സുരേന്ദ്രന്‍ നല്‍കിയില്ല. അതിന് വ്യക്തമായ മറുപടി കുമ്മനം രാജശേഖരന്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹത്തേക്കാള്‍ വലിയ ആളല്ല താനെന്നും ശോഭ വ്യക്തമാക്കി.

ബിജെപി നേതൃത്വത്തിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ സ്ഥാപിച്ചെന്ന രീതിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചു. ഈ പോസ്റ്ററുകളിലും വാര്‍ത്തകളിലും യാതൊരു ആധികാരികതയുമില്ലെന്ന് ശോഭ വ്യക്തമാക്കി. അര്‍ദ്ധരാത്രി ആര്‍ക്കുവേണമെങ്കിലും പോസ്റ്റര്‍ ആര്‍ക്കുവേണമെങ്കിലും ഒട്ടിക്കാം. സംസ്ഥാന അദ്ധ്യക്ഷന്‍ നല്‍കിയ പ്രസ്താവന വാര്‍ത്തയാക്കുന്നത് പോലെയാണ് ബിജെപി നേതാക്കള്‍ക്കെതിരെ പല വാര്‍ത്തകളും ചില മാദ്ധ്യമങ്ങള്‍ ബ്രേക്കിം?ഗ് ന്യൂസായി നല്‍കിയിരുന്നതെന്നും ശോഭ പറഞ്ഞു.

അതേസമയം ബിജെപി നേതൃയോഗം കൊച്ചിയില്‍ തുടരുകയാണ്. ശോഭാ സുരേന്ദ്രന്‍ ആരെയും അട്ടിമറിച്ചിട്ടില്ലെന്നും അങ്ങനെ അട്ടിമറിക്കാന്‍ പറ്റുന്ന പാര്‍ട്ടിയല്ല ബിജെപിയെന്നും കെ സുരേന്ദ്രന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.