തിരുവനന്തപുരം: ബിജെപി സംസ്ഥന അധ്യക്ഷനായി ചുമതലയേറ്റ രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ചും ആശംസകള്‍ നേര്‍ന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷപദവി രാജീവ് ചന്ദ്രശേഖറിന് ഭാരിച്ച ഉത്തരവാദിത്തമാണെന്ന് താന്‍ കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദിക്കും അമിത് ഷായ്ക്കും വേണ്ടി കേരളം മൊത്തം നമ്മള്‍ ഇങ്ങ് എടുക്കാന്‍ പോവുകയാണെന്ന് സുരേഷ് ഗോപി പറഞ്ഞു. അധ്യക്ഷ പദവി രാജീവിന് ഭാരിച്ച ഉത്തരവാദിത്വം ആണെന്ന് പലരും പറയുന്നു. പക്ഷെ താന്‍ അങ്ങനെ കരുതുന്നില്ല. രാജീവ് ചന്ദ്രശേഖറിന്റെ മികവ് തനിക്ക് നന്നായി അറിയാം. വളരെ നിഷ്പ്രയാസം അദ്ദേഹത്തിന് സാധിച്ച് എടുക്കാവുന്ന ഉദ്യമം മാത്രമാണ് ഇത്. പല ഘട്ടങ്ങളിലും അത് നമ്മള്‍ കണ്ടതാണെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

'ഈയടുത്ത് ഒരു സംസ്ഥാന സമ്മേളനത്തില്‍ ബിജെപിയെ കുറിച്ച് ഒരു വിലയിരുത്തല്‍ നടന്നതായി കെ. സുരേന്ദ്രന്‍ സൂചിപ്പിച്ചു. സൈദ്ധാന്തിക വ്യതിയാനം സംഭവിക്കാന്‍ പോകുന്നു എന്ന ഭയപ്പാടോടെ അവര്‍ വിലയിരുത്തല്‍ നടത്തി. രാജീവ് ചന്ദ്രശേഖറിന് സുരേന്ദ്രന്‍ ബാറ്റണ്‍ കൈമാറിയ നിമിഷം സൈദ്ധാന്തിക വിപ്ലവത്തിലേയ്ക്ക് വളര്‍ന്നു. ഇത് അവര്‍ മനസ്സിലാക്കി പ്രതിപ്രവര്‍ത്തനം നടത്തിയാല്‍ മാത്രമേ നമുക്ക് വെല്ലുവിളിയുള്ളൂ.' സുരേഷ് ഗോപി പറഞ്ഞു. രാജീവ് ചന്ദ്രശേഖറിന് പൂര്‍ണ പിന്തുണയും സുരേഷ് ഗോപി പ്രഖ്യാപിച്ചു.

മുന്‍ അധ്യക്ഷന്മാര്‍ കൂടുതല്‍ കരുത്ത് പകര്‍ന്നാണ് പാര്‍ട്ടി ഇവിടം വരെ എത്തിയത്. അതുക്കും മേലെ എന്ന് പറയുന്ന കാഴ്ചയാണ് ഇനി കാണാന്‍ പോകുന്നത്. നമുക്ക് പല പ്രദേശങ്ങളും കേരളത്തില്‍ എടുക്കാനുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. നരേന്ദ്ര മോദിക്കും അമിത്ഷാക്കും നിര്‍മല സീതാരാമനും വേണ്ടി കേരളം മൊത്തം നമ്മള്‍ എടുക്കാന്‍ പോവുകയാണെന്ന് ആഞ്ഞടിച്ച് പ്രഖ്യാപിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.

ഞായറാഴ്ച ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് ബി.ജെ.പി ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ പ്രസിഡന്റായി നിര്‍ദേശിച്ചത്. ജനറല്‍ സെക്രട്ടറി എം.ടി. രമേഷ്, ദേശീയ നിര്‍വാഹക സമിതി അംഗം ശോഭ സുരേന്ദ്രന്‍ എന്നിവരും അവസാനം വരെ പരിഗണനയിലുണ്ടായിരുന്നു.

കര്‍ണാടകയില്‍ നിന്ന് മൂന്നു തവണ രാജ്യസഭാംഗമായ രാജീവ് രണ്ടാം മോദി സര്‍ക്കാറില്‍ ഐ.ടി വകുപ്പ് ചുമതലയുള്ള സഹമന്ത്രിയായിരുന്നു. സംഘ്പരിവാര്‍ സംഘടനകളില്‍ പ്രവര്‍ത്തിച്ച് പരിചയമില്ലാത്ത ഒരാള്‍ സംസ്ഥാന ബി.ജെ.പി അധ്യക്ഷനാകുന്നത് ആദ്യമാണ്.

ഗുജറാത്തില്‍ മലയാളി കുടുംബത്തില്‍ ജനിച്ച് വിദേശ വിദ്യാഭ്യാസം നേടി ഐ.ടി ജോലിയിലും ബിസിനസിലും നേട്ടങ്ങള്‍ സ്വന്തമാക്കി 2006ല്‍ സ്വതന്ത്രനായി രാജ്യസഭാംഗമായ ശേഷമാണ് രാജീവ് ബി.ജെ.പിയില്‍ ചേര്‍ന്നത്.