തൃശ്ശൂര്‍: കേരളത്തിന്റെ പള്‍സ് അറിയണമെങ്കില്‍ ഇപ്പോള്‍ തൃശ്ശൂരില്‍ അന്വേഷിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബിജെപിക്ക് സ്വപ്നം കാണാന്‍ പോലും സാധിക്കാതിരുന്ന ഡിവിഷനില്‍ വമ്പിച്ച മുന്നേറ്റമുണ്ടാകമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥികളുടെ ബലത്തിലാണ് ബിജെപിയുടെ പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിന്റെ മനസാക്ഷിക്ക്, കേരളത്തിന്റെ ദാരിദ്ര്യമുഖത്തിന് വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടോ ഇല്ലയോ എന്നത് എന്റെ കൂട്ടത്തിലുള്ള ആള്‍ക്കാരോ ഇപ്പോള്‍ ഭരിക്കുന്നവരുടെ കൂട്ടത്തില്‍ ഉള്ളവരോ അല്ല പറയേണ്ടത്. അത് കേരളത്തിലെ ജനസമൂഹം പറയണം. വട്ടവട പറയുമോ?, അവിടെ ഞാന്‍ കണ്ട ദുരിതമെന്താണെന്ന് മാധ്യമപ്രവര്‍ത്തകള്‍ ജനങ്ങളെ അറിയിക്കാന്‍ ശ്രമിച്ചോ?' സുരേഷ് ഗോപി ചോദിച്ചു.

'ബിജെപിയില്‍ ക്രമാതീതമായി പ്രതീക്ഷ വര്‍ധിച്ചുവെന്ന് ജനങ്ങള്‍ പറയുന്നതാണ് ഞങ്ങളുടെ ആത്മവിശ്വാസമെന്നും പോകുന്നയിടങ്ങളില്‍ നിന്നൊക്കെ ലഭിക്കുന്ന സൂചന അതാണെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരില്‍ കുറച്ച് പ്രധാന്യം കൂടുതലാണ്. 2024 ജൂണ്‍ നാലിനുശേഷം കേരളത്തിന്റെ പള്‍സ് അറിയണമെങ്കില്‍ തൃശൂരില്‍ അന്വേഷിക്കണം. സത്യസന്ധമായ പള്‍സ് തൃശൂരില്‍ നിന്നും അനുഭവപ്പെടുന്നുണ്ട്. വികസിത് ഭാരത് 2047 എന്ന മുദ്രാവാക്യത്തിലൂന്നിയാണ് ഞങ്ങളുടെ പ്രവര്‍ത്തനം. കേരളം അതില്‍ അനിവാര്യതയാണ്.'

'നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകളുടെ എണ്ണത്തില്‍ അല്ല കാര്യം. ജനങ്ങള്‍ വഞ്ചിക്കപ്പെടാത്ത ഒരു ഭരണ നിര്‍വഹണത്തിന് ബിജെപിയുടെ സാന്നിധ്യം ഉണ്ടാകും. തൃശൂര്‍ നഗരസഭയില്‍ ഞങ്ങള്‍ക്ക് സ്വപ്നം പോലും കാണാന്‍ കഴിയാത്ത ഡിവിഷനുകളില്‍ വലിയ മുന്നേറ്റം ഉണ്ടാകും. കൃത്യമായി സ്ഥാനാര്‍ത്ഥികളെ കൊടുത്താല്‍ കോര്‍പ്പറേഷന്‍ ബിജെപി ഭരിക്കുന്നത് കാണാം. ജനങ്ങള്‍ ബിജെപിയുടെ പ്രചാരണം ആവാഹിച്ചു കഴിഞ്ഞുവെന്നും' സുരേഷ് ഗോപി പറഞ്ഞു.