കോട്ടയം: സിപിഎമ്മിന്റെ ജനകീയ മുഖം സുരേഷ് കുറുപ്പിനെ കോട്ടയം ജില്ലാ കമ്മറ്റിയില്‍ ഒഴിവാക്കിയതാണെന്ന വാദം സജീവമായിരുന്നു. സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്നു തന്നെ ഒഴിവാക്കണമെന്നു കാട്ടി സുരേഷ് കുറുപ്പ് ജില്ലാ നേതൃത്വത്തിനു കത്തു നല്‍കിയതു 2022ല്‍ ആണ്. സീനിയര്‍ അംഗമായ തന്നെ നിരന്തരം തഴയുന്നതിലുള്ള വിഷമമായിരുന്നു കത്തിനു പിന്നില്‍. ആരോഗ്യപ്രശ്നങ്ങള്‍ കാരണമായി പറഞ്ഞിരുന്നുമില്ല. ഈ കത്ത് ആയുധമാക്കി ഇത്തവണ പുറത്താക്കുകയായിരുന്നു. ഇതിന് പിന്നില്‍ സംസ്ഥാന നേതൃത്വത്തിലെ ചിലര്‍ക്ക് പങ്കുണ്ടെന്നാണ് സൂചന. മന്ത്രി വിഎന്‍ വാസവനാണ് ഇതിന് പിന്നിലെന്ന വാദവും സജീവമാണ്. കോട്ടയത്തെ സിപിഎമ്മിനെ ഇപ്പോള്‍ നയിക്കുന്നത് വാസവനാണ്. വാസവന്‍ കോട്ടയത്തെ പ്രധാനിയായതിന് ശേഷമാണ് എല്ലാ അര്‍ത്ഥത്തിലും സുരേഷ് കുറുപ്പ് അവഗണിക്കപ്പെട്ടത്. സുരേഷ് കുറുപ്പിനുള്ള ജനകീയ പരിവേഷമായിരുന്നു ഇതിനെല്ലാം കാരണം. അതുകൊണ്ട് തന്നെ സുരേഷ് കുറുപ്പിനെ ഒഴിവാക്കുന്നതും ഒരു വെട്ടിനിരത്തലാണ്. എന്നാല്‍ സംഭവിച്ചത് എന്തെന്ന് ഇപ്പോള്‍ പറയുകയാണ് സുരേഷ് കുറുപ്പ്. പാര്‍ട്ടിയില്‍ നിനനും അവഗണനയുണ്ടായി എന്ന് പറയാതെ പറയുകയാണ് കോട്ടയത്തിന്റെ മുന്‍ എംപി.

തന്നെക്കാള്‍ വളരെ ജൂനിയറായവരെ പാര്‍ട്ടിയുടെ ഉപരിഘടകങ്ങളില്‍ ഉള്‍പ്പെടുത്തിയതു ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും അതുകൊണ്ടാണ് കോട്ടയം ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കണമെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടതെന്നും സിപിഎം നേതാവ് കെ.സുരേഷ് കുറുപ്പ്. എന്തുകൊണ്ടാണു സംസ്ഥാനകമ്മിറ്റി പോലുള്ള ഘടകങ്ങളില്‍ തന്നെ പരിഗണിക്കാതിരുന്നത് എന്നറിയില്ല. എന്തെങ്കിലും അയോഗ്യത തനിക്കുണ്ടാകും. ആ സാഹചര്യത്തില്‍ നിലവിലുള്ള ഘടകത്തില്‍നിന്നുകൂടി മാറുക എന്ന വഴിയേ തനിക്കു മുന്നില്‍ ഉണ്ടായിരുന്നുള്ളൂവെന്നാണ് സുരേഷ് കുറുപ്പിന്റെ പരസ്യ നിലപാട് പ്രഖ്യാപിക്കല്‍. മന്ത്രിയോ സ്പീക്കറോ ആകാന്‍ ആഗ്രഹിച്ചിട്ടില്ല. എല്ലാവര്‍ക്കും ആ പദവികളിലേക്കു വരാന്‍ കഴിയില്ല. പല പരിഗണനകളുടെ അടിസ്ഥാനത്തിലാണു പാര്‍ട്ടിയുടെ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനുമായി നല്ല ബന്ധമാണ്. എന്നാല്‍ വിഎസ് എടുത്ത നിലപാടുകളോടു യോജിപ്പുണ്ടായിരുന്നു. വിഎസ് വിഭാഗത്തിനു വേണ്ടി പ്രവര്‍ത്തിക്കാനൊന്നും താല്‍പര്യപ്പെട്ടിരുന്നില്ല. നല്ല മുണ്ടും ഷര്‍ട്ടും ധരിക്കുന്നതു തന്റെ വ്യക്തിപരമായ ശൈലിയാണ്. പൊതുപ്രവര്‍ത്തകര്‍ക്കു വൃത്തിയും വെടിപ്പും വേണമെന്നാണു തന്റെ നിലപാട്. 'സുഖിമാന്‍' ആണെന്ന വിമര്‍ശനം താനിരിക്കുന്ന കമ്മിറ്റിയില്‍ ആരും പറഞ്ഞിട്ടില്ല. പാര്‍ട്ടി നേതൃത്വവും ആ അഭിപ്രായം ഉന്നയിച്ചിട്ടില്ല. എല്ലാവരോടും സൗഹൃദത്തോടെ പെരുമാറുന്നതാണു തന്റെ രീതി. പാര്‍ട്ടിയുടെ സാധാരണ അംഗമായി ഇനി തുടരും. രാഷ്ട്രീയം ഉപേക്ഷിക്കില്ലെന്നും സുരേഷ് കുറുപ്പ് പറഞ്ഞു.

സമാനതകളില്ലാത്ത രാഷ്ട്രീയ യാത്രയായിരുന്നു സുരേഷ് കുറുപ്പിന്റേത്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കെ.എസ്.എഫിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെത്തി. പല സ്ഥാനങ്ങള്‍ വഹിച്ചു. 35 വര്‍ഷമായി സി.പി.എം ജില്ലാ കമ്മിറ്റിയിലുണ്ട്. ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തപ്പോള്‍ 1993ല്‍ ജില്ലാ കമ്മിറ്റിയില്‍ നിന്നു വിട്ടു നിന്നു. രണ്ടാം തവണ കോട്ടയത്തു നിന്ന് എം.പിയായതോടെ 98ല്‍ വീണ്ടും ജില്ലാ കമ്മിറ്റിയിലെത്തി. നാലു തവണ കോട്ടയം എം.പിയും രണ്ടു തവണ ഏറ്റുമാനൂര്‍ എം.എല്‍.എയുമായിരുന്നു സുരേഷ് കുറുപ്പ്. 35 വര്‍ഷം ജില്ലാ കമ്മറ്റിയില്‍ പ്രവര്‍ത്തിച്ചിട്ടും സിപിഎമ്മിന്റെ സംസ്ഥാന സമിതിയില്‍ എത്താത്ത അപൂര്‍വ്വം നേതാവാണ് സുരേഷ് കുറുപ്പ്. വിഎസ് അച്യുതാനന്ദനോടായിരുന്നു താല്‍പ്പര്യം. ഈ താല്‍പ്പര്യമാണ് പിണറായി വിജയനിലേക്ക് പാര്‍ട്ടി എത്തിയപ്പോള്‍ സുരേഷ് കുറുപ്പ് തഴയാന്‍ കാരണം. തന്ത്രപരമായാണ് ഇപ്പോള്‍ ജില്ലാ കമ്മറ്റിയില്‍ നിന്ന് കൂടി സുരേഷ് കുറുപ്പിനെ പുറത്താക്കുന്നത്. ഇനി സുരേഷ് കുറുപ്പിന് ഒരു സുപ്രധാന പദവികളും നല്‍കില്ലെന്നാണ് സിപിഎമ്മില്‍ നിന്നും ലഭിക്കുന്ന സൂചന.

സുരേഷ് കുറുപ്പിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം പാര്‍ട്ടി മാറുന്നുവെന്നുമുള്ള പ്രചാരണങ്ങള്‍ നടത്തിയാണ് എല്ലാത്തിനും കളമൊരുക്കിയത്. ജില്ലാ സമ്മേളനത്തിനിടെ തന്നെ സുരേഷ് കുറുപ്പിന് കാര്യം പിടികിട്ടി. പാര്‍ട്ടി ജില്ലാ സമ്മേളനത്തിന്റെ അവസാന ദിവസം അദ്ദേഹം വിട്ടുനില്‍ക്കുകയും ചെയ്തു. മുതിര്‍ന്ന നേതാക്കളോട് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയതായും അറിയുന്നു. പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരം ബ്രാഞ്ച് കമ്മിറ്റിയുടേത് ഉള്‍പ്പെടെയുള്ള ചടങ്ങുകളിലും സുരേഷ് പങ്കെടുത്തിട്ടുണ്ടെന്നും ജില്ലാ കമ്മിറ്റിയിലെ ഒരു വിഭാഗത്തിന്റെ നടപടികളോടാണ് അദ്ദേഹത്തിന് വിയോജിപ്പുള്ളതെന്നും കുറുപ്പിനോട് അടുപ്പമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നുവെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. അതായത് പറഞ്ഞതെല്ലാം ചെയ്തിട്ടും ജില്ലാ കമ്മറ്റിയില്‍ നിന്നും സുരേഷ് കുറുപ്പിനെ പുറത്താക്കുകയായിരുന്നു സിപിഎം ജില്ലാ നേതൃത്വം. ഫലത്തില്‍ പാര്‍ട്ടിയില്‍ ഇനി റോളില്ലെന്ന് സുരേഷ് കുറുപ്പിനെ അറിയിക്കുകയാണ് സിപിഎം നേതൃത്വം.

''ജൂനിയറായ ചിലര്‍ സംസ്ഥാന കമ്മിറ്റിയിലെത്തിയപ്പോള്‍ വിഷമം തോന്നി. അവരുടെ കീഴില്‍ ജില്ലാ കമ്മിറ്റിയില്‍ തുടരുന്നതിനോട് വ്യക്തിപരമായി താത്പര്യം തോന്നിയില്ല. മൂന്നു വര്‍ഷം മുമ്പ് ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണമെന്ന കത്തു നല്‍കിയിരുന്നു. ഇതു വരെ മറുപടി ലഭിച്ചില്ല. ഇപ്പോള്‍ പരിഗണിച്ചു കമ്മിറ്റിയില്‍ നിന്ന് ഒഴിവായി. പാര്‍ട്ടി പറയുന്ന ഏതെങ്കിലും കീഴ് ഘടകത്തില്‍ പ്രവര്‍ത്തിക്കും. മരണം വരെ കമ്മ്യൂണിസ്റ്റായിരിക്കും. തനിക്ക് കാര്യമായ അനാരോഗ്യ പ്രശ്നമൊന്നുമില്ല. ജില്ലാ കമ്മിറ്റിയിലുള്ള പല നേതാക്കളേക്കാളും ആരോഗ്യമുണ്ടെന്നും കുറുപ്പു പറഞ്ഞു. മന്ത്രി വിഎന്‍ വാസവന്റെ നേതൃത്വത്തിലുള്ള വിഭാഗം പാര്‍ട്ടിയില്‍ തുടര്‍ച്ചായി അവഗണിക്കുന്നുവെന്നാണ് സുരേഷ് കുറുപ്പിന്റെ പരാതി. സംഘടനയില്‍ തന്നെക്കാള്‍ ജൂനിയറായവര്‍ മേല്‍ ഘടകങ്ങളിലേക്ക് എത്തിയിട്ടും ഒരു മാനദണ്ഡവുമില്ലാതെ തഴഞ്ഞു. പാര്‍ലമെന്ററി രംഗത്ത് അനുഭവ പരിചയമുണ്ടായിട്ടും മന്ത്രി സ്ഥാനമോ സ്പീക്കര്‍ പദവിയോ നല്‍കിയില്ല എന്നിങ്ങനെ നീളുന്നു അസംതൃപ്തി.