കണ്ണൂര്‍: തളിപ്പറമ്പില്‍ പി കെ ശ്യാമളയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചു സിപിഎമ്മില്‍ നിന്നും രാജിവെച്ച് മുതിര്‍ന്ന നേതാവ് ടി കെ ഗോവിന്ദന്‍. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ താന്‍ പാര്‍ട്ടിവിട്ടകാര്യം ഗോവിന്ദന്‍ പ്രഖ്യാപിച്ചു. എം വി ഗോവിന്ദന്‍ ഭാര്യയെ സ്ഥാനാര്‍ഥിയാക്കാന്‍ ആസൂത്രിത ശ്രമം നടത്തിയെന്ന് ഗോവിന്ദന്‍ ആരോപിച്ചു. മൂന്ന് തവണ ഗോവിന്ദന്‍ എംഎല്‍എയായി, നാലാമത്തെ തവണ ഭാര്യയെ സ്ഥാനാര്‍ഥിക്കി. അതിനായി വലിയ ആസൂത്രണം നടന്നുവെന്നും അദ്ദേഹം ആരോപിച്ചു.

തളിപ്പറമ്പില്‍ വനിതാ സ്ഥാനാര്‍ഥിയെ വേണമെന്ന ആവശ്യമാണ് നേതൃത്വം ഉയര്‍ത്തിയത്. എന്നാല്‍, സുകന്യ മത്സരിക്കട്ടെ എന്നാണ് പാര്‍ട്ടില്‍ അഭിപ്രായം ഉയര്‍ന്നത്. അത് പരിഗണിച്ചില്ല. പകരം ഭാര്യയെ ഇറക്കുകയാണ് ചെയ്തത്. ശ്യാമളക്കെതിരെ മണ്ഡലം കമ്മറ്റിയില്‍ കടുത്ത എതിര്‍പ്പാണ് ഉയര്‍ന്നത്. എന്നാല്‍, ആ എതിര്‍പ്പ് പരിഗണിച്ചില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ള ധാര്‍മ്മികത ഉണ്ടായില്ല, ഇത് അനീതിയാണ്. ഗോവിന്ദന്‍ മാഷ് എംഎല്‍എ ആയശേഷം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗോവിന്ദന്‍ മാഷിന്റെ മകന്‍ ബാഹ്യമായ ഇടപെടല്‍ നടത്തുന്നതായും ടി കെ ഗോവിന്ദന്‍ ആരോപിച്ചു.

പയ്യന്നൂരില്‍ മത്സരിക്കുന്ന മധുസൂധരനന്‍ ഫണ്ട് തട്ടിപ്പില്‍ സംശയ നിഴലിലുള്ള ആളാണ്. ഇവിടെ കുഞ്ഞികൃഷ്ണന്റെ കണക്കാണ് അണികള്‍ക്ക് വിശ്വാസയോഗ്യമെന്നും ഗോവിന്ദന്‍ പറഞ്ഞു. മുതിര്‍ന്ന നേതാവും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.കെ. ഗോവിന്ദന്‍ പാര്‍ട്ടി വിട്ട് വിമതനായി മത്സരിച്ചേക്കുമെന്നാണ് സൂചനകള്‍. നിലവില്‍ ഹാന്‍ഡ്വീവ് ചെയര്‍മാനാണ് ഗോവിന്ദന്‍.

നേരത്തെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരേ കമ്മിറ്റിയില്‍ എതിര്‍പ്പ് അറിയിച്ച ഗോവിന്ദന്‍, ഇക്കഴിഞ്ഞ ദിവസങ്ങളിലെ യോഗങ്ങളില്‍ പങ്കെടുത്തിരുന്നില്ല. അതേസമയം സിപിഎമ്മിലെ പൊട്ടിത്തെറിയെ കോണ്‍ഗ്രസ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. തളിപ്പറമ്പില്‍ കഴിഞ്ഞ തവണ മത്സരിച്ച വി.പി അബ്ദുള്‍ റഷീദിനെ ആദ്യം തീരുമാനിച്ചെങ്കിലും പുതിയ സാഹചര്യത്തില്‍ ടി.കെ ഗോവിന്ദന്‍ മത്സരിച്ചാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്താതെ അദ്ദേഹത്തെ പിന്തുണച്ചേക്കുമെന്നും സൂചനയുണ്ട്.

അതേസമയം ഞായറാഴ്ചത്തെ ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ശ്യാമള പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. പ്രവാസി വ്യവസായി ആന്തൂരിലെ സാജന്റെ ആത്മഹത്യ ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തെ വിവാദത്തിലാക്കിയത്. പാര്‍ട്ടി സെക്രട്ടറിയായതിനാല്‍ എം.വി ഗോവിന്ദന്‍ മത്സരിക്കാത്ത സാഹചര്യത്തില്‍ ഭാര്യയെ പകരം സ്ഥാനാര്‍ഥിയാക്കി എന്ന ആക്ഷേപമാണ് പാര്‍ട്ടി അണികളില്‍ നിന്ന് ഉയരുന്നത്. പാര്‍ട്ടിയുടെ കോട്ടയായ മണ്ഡലത്തില്‍ ഇത്തരത്തില്‍ വിവാദങ്ങളുണ്ടാകുന്നത് സിപിഎമ്മിനും തലവേദനയാണ്.