- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലമ്പൂരിലേത് സി.പി.എമ്മിന്റെ സീറ്റ്; പാര്‍ട്ടി സ്ഥാനാര്‍ഥിയോ സ്വതന്ത്രനോ മത്സരിക്കും; മുമ്പും സ്വതന്ത്രരെ സ്ഥാനാര്‍ഥികളാക്കി വിജയിപ്പിച്ച ചരിത്രമുണ്ട്; പി.വി. അന്‍വറില്‍ നിന്ന് ഒരു പാഠവും പഠിക്കാനില്ല; പാര്‍ട്ടി ആത്മവിശ്വാസത്തിലെന്ന് ടി പി രാമകൃഷ്ണന്‍
നിലമ്പൂരിലേത് സി.പി.എമ്മിന്റെ സീറ്റ്; പാര്‍ട്ടി സ്ഥാനാര്‍ഥിയോ സ്വതന്ത്രനോ മത്സരിക്കും
തിരുവനന്തപുരം: നിലമ്പൂര്‍ നിയമസഭ സീറ്റ് സി.പി.എമ്മിന്റേതാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. നിലമ്പൂര്‍ സീറ്റില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയോ സ്വതന്ത്രനോ മത്സരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുത്ത് കഴിഞ്ഞാല്‍ എല്‍.ഡി.എഫുമായി കൂടിയാലോചിച്ച് പ്രഖ്യാപനം നടത്തും. വിവിധ ഘടകങ്ങള്‍ പഠിച്ചാണ് സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത്. സ്ഥാനാര്‍ഥി എന്നത് സി.പി.എമ്മിനോ എല്‍.ഡി.എഫിനോ ഒരു വിഷയമല്ല. മുമ്പും സ്വതന്ത്രരെ സ്ഥാനാര്‍ഥികളാക്കി വിജയിപ്പിച്ച ചരിത്രമുണ്ട്.
പി.വി. അന്‍വറില്‍ നിന്ന് ഒരു പാഠവും സി.പി.എം പഠിക്കാനില്ല. അന്‍വര്‍ എന്നത് സി.പി.എമ്മിനും എല്‍.ഡി.എഫിലും അടഞ്ഞ അധ്യായമാണ്. അന്‍വറിനെ സംബന്ധിച്ച ഒരു വിഷയവും എല്‍.ഡി.എഫില്‍ നിലനില്‍ക്കുന്നില്ല. തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന കാര്യത്തില്‍ എല്‍.ഡി.എഫിന് അന്‍വര്‍ ഒരു പ്രശ്‌നവുമല്ല.
എല്‍.ഡി.എഫിന് കരുത്ത് നല്‍കുന്നത് രണ്ടു തവണയായി അധികാരത്തിലുള്ള പിണറായി സര്‍ക്കാറിന്റെ ജനക്ഷേമ നടപടികളും ഭരണനേട്ടങ്ങളുമാണ്. വന്‍ വികസന പദ്ധതികള്‍ നടപ്പാക്കി വരികയാണ്. കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക ഉപരോധം ഇല്ലായിരുന്നെങ്കില്‍ സാമ്പത്തിക വളര്‍ച്ച വീണ്ടും ഉയര്‍ന്നേനെ. നിലമ്പൂരില്‍ എല്‍.ഡി.എഫിന് അനുകൂലമായ വിജയം ഉണ്ടാകുമെന്നും ടി.പി. രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം 10 വര്‍ഷത്തെ ഇടവേളക്കുശേഷം അധികാരത്തിലേക്ക് തിരിച്ചെത്താന്‍ വിയര്‍പ്പൊഴുക്കുന്ന യു.ഡി.എഫിന് ഏറെ പ്രധാനപ്പെട്ടതാണ് ഉപതെരഞ്ഞെടുപ്പ് ഫലം. സംസ്ഥാന സമ്മേളനത്തില്‍ ഉറച്ച തുടര്‍ഭരണ പ്രതീക്ഷയുയര്‍ത്തി നവകേരള നയരേഖയടക്കം പാസാക്കി മൂന്നാം സര്‍ക്കാറിനൊരുങ്ങുന്ന ഇടതുമുന്നണിക്കും അതിനിര്‍ണായകം.
രണ്ടാം പിണറായി സര്‍ക്കാര്‍ കാലയളവില്‍ തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട്, ചേലക്കര എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. സര്‍ക്കാറിനെതിരായ മാര്‍ക്കിടല്‍ എന്ന പൊതുവിലയിരുത്തല്‍ മാറ്റി നിര്‍ത്തിയാല്‍ നാലിലും സിറ്റിങ് സീറ്റ് മുന്നണികള്‍ നിലനിര്‍ത്തുകയായിരുന്നു. തുടര്‍ച്ചയായി ആറുവട്ടം മണ്ഡലം കൈപ്പിടിയിലൊതുക്കിയ ആര്യാടന്‍ മുഹമ്മദിന്റെ നിലമ്പൂര്‍ 2016 ല്‍ ഇടതിനുവേണ്ടി തിരികെ പിടിക്കുകയും 2021ല്‍ നിലനിര്‍ത്തുകയും ചെയ്ത പി.വി. അന്‍വര്‍ ഇപ്പോള്‍ യു.ഡി.എഫ് മുന്നണിയിലാണ്. മുഖ്യമന്ത്രിക്കും സര്‍ക്കാറിനുമെതിരെ അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ അന്തരീക്ഷത്തില്‍ കനംതൂങ്ങുന്നുമുണ്ട്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാലുടന്‍ സ്ഥാനാര്‍ഥിയെന്ന പ്രത്യാശയില്‍ ചര്‍ച്ച ഒരു മുഴം മുന്നേ തുടങ്ങിയ യു.ഡി.എഫ് സീറ്റ് ചര്‍ച്ചയില്‍ ശരിക്കും വിയര്‍ക്കുകയാണ്. ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയിയുടെയും ആര്യാടന്‍ ഷൗക്കത്തിന്റെയും പേരുകളിലേക്ക് ചര്‍ച്ച എത്തിയെങ്കിലും ഒറ്റപ്പേരിലേക്ക് കേന്ദ്രീകരിക്കാനാകുന്നില്ല. തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ മൂന്നാമതായി ഒരു മുതിര്‍ന്ന നേതാവിന്റെ പേരും കെ.പി.സി.സി ഓഫിസ് കേന്ദ്രീകരിച്ച് പറഞ്ഞുകേള്‍ക്കുന്നുണ്ട്.
യു.ഡി.എഫ് തുടര്‍ച്ചയായി ജയിക്കുന്ന മണ്ഡലങ്ങള്‍ സ്വതന്ത്രരെ നിര്‍ത്തി പിടിക്കുക എന്ന അടവുനയമാകും സി.പി.എം നിലമ്പൂരിലും ആവര്‍ത്തിക്കുക. പല പേരുകള്‍ ചര്‍ച്ചകളില്‍ നിറയുന്നുണ്ടെങ്കിലും സി.പി.എം നേതൃത്വം മനസ്സ് തുറന്നിട്ടില്ല. കടല്‍മണല്‍ ഖനന വിഷയത്തില്‍ ഏപ്രില്‍ 21 മുതല്‍ 29 വരെ പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവിന്റെ തീരദേശ സമരയാത്ര മാറ്റിവെച്ചാണ് യു.ഡി.എഫ് കളത്തിലിറങ്ങുന്നത്.