തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയല്ല ആര്‍എസ്എസ് - എഡിജിപി കൂടിക്കാഴ്ചയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. എന്തിന് കണ്ടു എന്ന് അറിയണം. കണ്ടു എന്നത് എഡിജിപി സമ്മതിച്ചിട്ടുണ്ട്. എന്തിന് കണ്ടു എന്ന പരിശോധിച്ച് വിവരം വരട്ടെ, അതിന് ശേഷം എന്ത് ചെയ്യണമെന്ന് ആലോചിക്കാമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

മുഖ്യമന്ത്രിയോട് ചോദിച്ചിട്ട് അല്ലല്ലോ അവര്‍ മീറ്റിംഗിന് പോകുന്നതെന്നും ടി പി രാമകൃഷ്ണന്‍ ചോദിച്ചു. പൂരത്തില്‍ ഗൂഢാലോചന നടന്നെങ്കില്‍ പരിശോധിക്കണം എന്നാണ് മുന്നണിയുടെ നിലപാടെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. അതിനും അന്വേഷണം നടക്കുകയാണ്. അന്‍വറിന്റെ പരാതി സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കണം. പൂര വിവാദത്തിലും അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയെ പ്രതിപക്ഷം തുടര്‍ച്ചയായി വേട്ടയാടുകയാണ്. എല്ലാവരും മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുന്നു പക്ഷേ അദ്ദേഹം വാടി തളര്‍ന്നിട്ടില്ല. പരിശോധിച്ച് ആവശ്യമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കും. ഉയന്ന വന്ന പരാതികള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ പരിശോധിക്കുമെന്നും ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി. സിപിഐയും സിപിഎംഎം തമ്മില്‍ അഭിപ്രായ വത്യാസം ഇല്ലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ നടപടിക്ക് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കിയേക്കും. പകരം ചുമതല എഡിജിപി എച്ച് വെങ്കിടേഷിന് നല്‍കാനാണ് സാധ്യത. അജിത് കുമാറിന്റെ അവധി നീട്ടാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ടെന്നാണ് വിവരം.

ഈ മാസം 14 മുതല്‍ 4 ദിവസത്തേക്ക് അജിത് കുമാര്‍ അവധിയില്‍ പ്രവേശിക്കും. ഓണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം തന്നെ അജിത് കുമാര്‍ അവധിക്ക് അപേക്ഷിച്ചിരുന്നു. ഈ അവധി നീട്ടാനാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ തീരുമാനം. ഇന്നലെ രാത്രി ഡിജിപിയും എച്ച് വെങ്കിടേഷും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അജിത് കുമാറിന് പകരം എഡിജിപിയായി എച്ച് വെങ്കിടേഷിനൊപ്പം ആര്‍ ശ്രീജിത്തിന്റെ പേരും മുന്നോട്ട് വന്നിരുന്നു.

എന്നാല്‍ ആര്‍ ശ്രീജിത്ത് ഇതിന് തയ്യാറല്ലാത്തതിനാല്‍ ക്രൈം എഡിജിപി വെങ്കിടേഷ് ക്രമസമാധാനച്ചുമതലയുള്ള പകരം എഡിജിപിയായി ചുമതലയേല്‍ക്കുമെന്നാണ് ലഭിക്കുന്ന വിവരം. എച്ച് വെങ്കിടേഷിന് ചുമതല നല്‍കിക്കൊണ്ടുള്ള ഉത്തരവ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന. അതേസമയം എഡിജിപി ആരെയെങ്കിലും കാണുന്നത് പാര്‍ട്ടിയുടെ വിഷയമല്ലെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇന്നും ആവര്‍ത്തിച്ചത്. ബിജെപിയോടുളള സിപിഐഎമ്മിന്റെ സമീപനം എല്ലാവര്‍ക്കും അറിയാമെന്നും വിവാദം മാധ്യമങ്ങള്‍ ഉണ്ടാക്കുന്നതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.