കോട്ടയം: തനിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമുണ്ടെന്ന് ശശി തരൂർ എംപി വ്യക്തമാക്കി. ഓർത്തഡോക്‌സ് സഭാ ആസ്ഥാനമായ ദേവലോകം അരമനയിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് തരൂർ ഇക്കാര്യം അറിയിച്ചത്. കേരളത്തിൽ പ്രവർത്തിക്കാൻ എല്ലാവരും ആവശ്യപ്പെടുന്നുണ്ട്. എല്ലാവരും ആവശ്യപ്പെടുമ്പോൾ പറ്റില്ലെന്ന് എങ്ങനെ പറയുമെന്നായിരുന്നു തരൂരിന്റെ പ്രതികരണം.

തന്റെ മനസിലോ പ്രവൃത്തിയിലോ ജാതിയില്ലെന്നും കേരളത്തിൽ സജീവമാകണമെന്ന ഓർത്തഡോക്‌സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ ഉപദേശം ബഹുമാനത്തോടെ കാണുന്നുവെന്നും തരൂർ പറഞ്ഞു. കേരളത്തിൽ ഇനി സജീവമായി ഉണ്ടാകുമെന്നും തരൂർ പറഞ്ഞു.

തറവാടി നായരാണെന്ന പ്രയോഗത്തോട് പ്രതികരിക്കാനില്ല. അത് പറഞ്ഞവരോട് ചോദിക്കണമെന്നും പറഞ്ഞ തരൂർ താൻ ജാതീയ പ്രവർത്തനങ്ങൾ നടത്തുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പ്രതികരിച്ചു. ജാതിയും മതവുമെല്ലാം സ്വകാര്യമാണ്, ജാതിയല്ല കഴിവാണ് പ്രധാനം, തന്റെ വീട്ടിലെ കുക്കിന്റെ ജാതിപോലും തനിക്ക് അറിയില്ലെന്നും തരൂർ പറഞ്ഞു. എൻഎസ്എസ് രജിസ്ട്രാറുടെ രാജിയും തന്റെ സന്ദർശനവും തമ്മിൽ ബന്ധമുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഓർത്തഡോക്‌സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കോൺഗ്രസിനെ വിമർശിച്ചു. ശശി തരൂരുമായുള്ള കൂടിക്കാഴ്‌ച്ചയ്ക്കിടെയാണ് കോൺഗ്രസിനെതിരെ ബാവ വിമർശനം ഉന്നയിച്ചത്. തുടർച്ചയായി പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നത് കോൺഗ്രസിന്റെ അപചയമാണ്. കൂട്ടായ്മ നഷ്ടപ്പെട്ടത് കോൺഗ്രസിന്റെ തുടർപരാജയങ്ങൾക്ക് വഴിവെച്ചു. കേരളത്തിലെ കോൺഗ്രസ് ശക്തിപ്പെടണമെന്നും ബാവ പറഞ്ഞു. കേരളത്തിൽ പ്രവർത്തിക്കണമെന്നും തരൂരിനോട് ബാവ ആവശ്യപ്പെട്ടു. കേരളത്തിന് വേണ്ടി ഡൽഹിയിൽ പ്രവർത്തിക്കുകയായിരുന്നെന്ന് ബാവയോട് തരൂർ പറഞ്ഞു.