തിരുവനന്തപുരം: മുഖ്യമന്ത്രിയും ശശി തരൂരും ഇരിക്കുന്ന ഈ വേദി ചിലരുടെ ഉറക്കം കെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന വേദിയില്‍ പറഞ്ഞു. ഇതോടെ ഇത് ദേശീയ തലത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരായ ഒളിയമ്പായി വാര്‍ത്തകളുമെത്തി. എന്നാല്‍, ശശി തരൂരിനെക കുറിച്ച് അദ്ദേഹം പറഞ്ഞതാണ് ദേശീയ തലത്തില്‍ വാര്‍ത്തയായത്.

'എനിക്ക് മുഖ്യമന്ത്രിയോട് പറയാനുള്ളത്, നിങ്ങള്‍ ഇന്ത്യ മുന്നണിയിലെ ശക്തമായ തൂണാണ്. ശശി തരൂര്‍ ഇവിടെയിരിക്കുന്നുണ്ട്. ഇന്നത്തെ പരിപാടി കുറേയാളുകളുടെ ഉറക്കം നഷ്ടപ്പെടുത്തും.'- നരേന്ദ്ര മോദി പറഞ്ഞു. കുറച്ചു കാലമായി പല വിഷങ്ങളിലും മോദിയെ അനൂകൂലിച്ചു കൊണ്ടാണ് തരൂര്‍ സംസാരിക്കുന്നത്. പഹല്‍ഗാം വിഷയത്തില്‍ പോലും കോണ്‍ഗ്രസിന്റെ നിലപാടില്‍ നിന്നും വ്യത്യസ്തമായിരുന്നു തരൂരിന്റെ നിലപാട്. അതുകൊണ്ട് തന്നെയാണ് മോദിയുടെ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതും.

അദാനിയെ ഒരു കമ്മ്യൂണിസ്റ്റ് മന്ത്രി അദാനിയെ ചൂണ്ടിക്കാട്ടി സര്‍ക്കാരിന്റെ പങ്കാളിയെന്ന് വിശേഷിപ്പിക്കുകയും സ്വകാര്യ മേഖലയ്ക്ക് പ്രാധാന്യം നല്‍കണമെന്ന് പറയുകയും ചെയ്യുന്നത് സന്തോഷമുള്ള കാര്യമാണെന്നും കേരളവികസനത്തിന് കേന്ദ്രസര്‍ക്കാര്‍ ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം തുറമുഖ ഉദ്ഘാടന പ്രസംഗത്തില്‍ പ്രധാനമന്ത്രി നടത്തിയ രാഷ്ട്രീയ വിമര്‍ശനം മുഖ്യമന്ത്രി പിണറായി വിജയനും പിടികിട്ടിയില്ല. മുഖ്യമന്ത്രിയെ പരാമര്‍ശിച്ച് രാഹുല്‍ ഗാന്ധിക്കും ഇന്‍ഡ്യ സഖ്യത്തിനും എതിരെ നടത്തിയ വിമര്‍ശനമാണ് ആര്‍ക്കും മനസിലാകാതെ പോയത്. ഇതിനെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറഞ്ഞു.

'മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്‍ഡ്യ മുന്നണിയുടെ പ്രധാനപ്പെട്ട തൂണാണല്ലോ. ശശി തരൂരും വേദിയില്‍ ഇരിക്കുന്നുണ്ട്. ഇന്നത്തെ ഈ ചടങ്ങ് പല ആളുകളുടെയും ഉറക്കം കെടുത്തും' എന്ന് മോദി പ്രസംഗത്തിനിടെ പറഞ്ഞു. എന്നാല്‍, പ്രധാനമന്ത്രിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയാള്‍ക്ക് ഈ പറഞ്ഞ രാഷ്ട്രീയം പിടികിട്ടിയില്ല. ഇന്‍ഡ്യ സഖ്യം എന്ന് പറഞ്ഞത് ഇന്ത്യന്‍ എയര്‍ലൈന്‍സ് എന്നാണ് കേട്ടത്.

'നമ്മുടെ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ശ്രദ്ധ ചെലുത്തണം' എന്നാണ് കേട്ടത്. പരിഭാഷകന് കാര്യം പിടികിട്ടിയില്ലെന്ന് മനസിലാക്കിയ മോദി 'അദ്ദേഹത്തിന് കഴിയുന്നില്ല' എന്നു പറയുകയും ചെയ്തു. അതേസമയം, തങ്ങള്‍ക്കെതിരെ ഉയര്‍ത്തിയ ഒരു രാഷ്ട്രീയ ആരോപണം പിടികിട്ടിയില്ലെന്ന തരത്തിലായിരുന്ന വേദിയിലെ മുഖ്യമന്ത്രിയുടേയും പെരുമാറ്റം. അടുത്തിരുന്ന കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനോട് മുഖ്യമന്ത്രി കാര്യം തിരക്കുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു.

അതേസമയം, പ്രധാനമന്ത്രിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത് ശരിയായില്ലെന്നും സംസ്ഥാന സര്‍ക്കാറാണ് പരിഭാഷകനെ വെച്ചതെന്നും ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു. എന്നാല്‍, പരിഭാഷ നടത്തിയ സ്‌കൂള്‍ അധ്യാപകനായ പള്ളിപ്പുറം ജയകുമാര്‍ 'ഞാനൊരു ബി.ജെ.പി അനുഭാവിയാണെന്നും ഓഡിയോ ശരിക്കും കേള്‍ക്കാനാവാത്തതാണ് തെറ്റുപറ്റാന്‍ കാരണം' എന്നും മറുപടി പറഞ്ഞു.