- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏതു മണ്ഡലത്തില്‍ നിന്നാലും വിജയിക്കുമെന്ന് ഉറപ്പുള്ള കോണ്‍ഗ്രസിലെ ജനകീയന്‍; മണ്ഡലങ്ങള്‍ മാറി മത്സരിച്ചിട്ടും വോട്ടുയര്‍ത്തുന്നത് പതിവു ശീലം; ഒരു കാലത്ത് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ വലംകൈ; നിയമസഭയില്‍ ചട്ടംപറഞ്ഞ് ഭരണപക്ഷത്തെ നേരിടുന്ന എംഎല്‍എ; എന്നിട്ടും കെപിസിസി കോര്‍ കമ്മറ്റിയില്‍ എടുക്കാതെ തിരുവഞ്ചൂരിനെ തഴഞ്ഞു; പുനസംഘടനക്ക് ഒരുങ്ങുമ്പോഴും പരിഗണിക്കാതെ നേതൃത്വം
നിയമസഭയില്‍ ചട്ടംപറഞ്ഞ് ഭരണപക്ഷത്തെ നേരിടുന്ന എംഎല്‍എ; എന്നിട്ടും കെപിസിസി കോര്‍ കമ്മറ്റിയില്‍ എടുക്കാതെ തിരുവഞ്ചൂരിനെ തഴഞ്ഞു
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്കൊപ്പം രാഷ്ട്രീയ ഗോദയില്‍ പയറ്റിത്തെളിഞ്ഞ നേതാവാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഏത് നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ പറഞ്ഞാലും അവിടെ വിജയിച്ചു കയറുന്നത് ശീലമാക്കിയ നേതാവ്. ഇപ്പോള്‍ കോട്ടയം നിയമസഭാ മണ്ഡലത്തില്‍ തുടര്‍ച്ചയായി വിജയം നേടിയ ജനകീയനായ നേതാവ്. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ തുറുപ്പുചീട്ടാകുന്ന സാമാജികന്‍ കൂടിയാണ് അദ്ദേഹം. ചട്ടവും നയങ്ങളും എടുത്തു പറഞ്ഞ് ഭരണപക്ഷത്തെ എംഎല്‍എ കുടിയാണ് അദ്ദേഹം. എന്നാല്‍, കുറച്ചുകാലമായി കോണ്‍ഗ്രസിനുള്ളില്‍ അവഗണന നേരിടുകയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
നിലവില്‍ കെപിസിസിയുടെ അച്ചടക്ക സമതിയുടെ അധ്യക്ഷനാണ് തിരുവഞ്ചൂര്‍. കേരളത്തിലെ കോണ്‍ഗ്രസില്‍ പരിചയ സമ്പത്ത് കൊണ്ടും സജീവമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന രാഷ്ട്രീയക്കാരനാണ് അദ്ദേഹം. എന്നിട്ടും. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇനി ശക്തമായ ഏകോപനത്തോടെ മുന്നോട്ട് പോകാന്‍ 17 അംഗ കോര്‍ കമ്മിറ്റിയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയില്ല. സംഘടനാപരമായ കാര്യങ്ങള്‍ ക്രോഡീകരിക്കാനും കൂട്ടായ തീരുമാനങ്ങള്‍ എടുക്കാനുമാണ് പുതിയ സമിതി രൂപീകരിച്ചിച്ചത്.
കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെയുള്ള പ്രമുഖരാണ് ഈ കമ്മിറ്റിയിലുള്ളത്. മുന്‍ പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണിയും, മുതിര്‍ന്ന നേതാവ് ഷാനിമോള്‍ ഉസ്മാനും കമ്മിറ്റിയില്‍ ഇടം നേടിയിട്ടുണ്ട്. ദീപ ദാസ് മുന്‍ഷിക്ക് കോര്‍ കമ്മിറ്റിയുടെ കണ്‍വീനര്‍ സ്ഥാനം നല്‍കിയിരിക്കുന്നത്. സണ്ണി ജോസഫ്, വി.ഡി.സതീശന്‍, എ.കെ.ആന്റണി, കെ.സി.വേണുഗോപാല്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍, കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ.മുരളീധരന്‍, വി.എം.സുധീരന്‍, എം.എം.ഹസ്സന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എ.പി.അനില്‍ കുമാര്‍, പി.സി.വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരാണ് അംഗങ്ങള്‍.
അതേസമയം ഇത്രയും സുപ്രധാനമായ പദവിയില്‍ മുന്‍ ആഭ്യന്തര മന്ത്രികൂടായി തിരുവഞ്ചൂരിനെ ഉള്‍പ്പെടുത്താന്‍ നേതൃത്വം തയ്യാറായില്ല. എംഎം ഹസന്‍ അടക്കുള്ളവരെ കമ്മറ്റിയില്‍ ഉള്‍പ്പടുത്തിയപ്പോഴാണ് എന്നും പാര്‍ട്ടിക്കും ജനങ്ങള്‍ക്കുമിടയില്‍ പ്രവര്‍ത്തിക്കുന്ന ജനകീയനായ കോണ്‍ഗ്രസ് നേതാവിനെ നേതൃത്വം അവഗണിച്ചത്. രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുന്നതില്‍ ഉമ്മന്‍ചാണ്ടി സ്‌കൂളിലാണ് തിരുവഞ്ചൂര്‍ പഠിച്ചത്. ഇപ്പോഴും ആ രാഷ്ട്രീയ കൂര്‍മ്മതയ്ക്ക് കുറവൊന്നും സംഭവിച്ചിട്ടില്ല. എന്നിട്ടും അദ്ദേഹത്തെ തഴഞ്ഞതില്‍ അനുകൂലിക്കുന്ന കോണ്‍ഗ്രസുകാര്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ബെന്നി ബെഹനാന്‍, എം കെ രാഘവന്‍ എന്നിവരെ കൂടി ഉള്‍പ്പെടുത്തി കോര്‍കമ്മറ്റി പുനസംഘടിപ്പിക്കാനും സാധ്യതയുണ്ട്. എന്നിട്ടും, തിരുവഞ്ചൂരിനെ ഉള്‍പ്പെടുത്താന്‍ നീക്കമില്ല താനും. പല നേതാക്കളും പരസ്യമായി പ്രതികരണവുമായി രംഗത്തു വരുമ്പോഴും തന്നെ തഴഞ്ഞതില്‍ തിരുവഞ്ചൂരിന് പരിഭവമില്ല. നിയമസഭയിലും പാര്‍ട്ടിയിലും മുതിര്‍ന്ന നേതാവാണ് തിരുവഞ്ചൂര്‍. എ ഗ്രൂപ്പിലെ സമവാക്യങ്ങള്‍ മാറിയതാണ് തിരുവഞ്ചൂരിനെ അവഗണിക്കാന്‍ കാരണം. ഉമ്മചാണ്ടിയുടെ പക്ഷത്തുള്ളവും അവിടെ നിന്നും കെസി വേണുഗോപാല്‍ പക്ഷത്തേക്ക് ചേക്കേറിയവുമാണ് ഇപ്പോഴത്തെ എ ഗ്രൂപ്പുകാര്‍. തിരുവഞ്ചൂര്‍ ഇപ്പോള്‍ രണ്ട് ഗ്രൂപ്പിലും പെടാതെ സ്വന്തം നിലയിലാണ് മുന്നോട്ടു പോകുന്നത്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന് അവഗണന നേരിടുന്നതും.
നേതൃത്വത്തിന് താല്‍പ്പര്യം കുറവെങ്കിലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും വേണ്ടി അരയും തലയും മുറുക്കി രംഗത്തു വന്നിരിക്കയാണ് തിരുവഞ്ചൂര്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് സീറ്റ് വിഭജനം അവസാന ലാപ്പിലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്നും വ്യക്തമാക്കി. മുന്നണിയില്‍ പ്രശ്‌നങ്ങളില്ല. അസംതൃപ്തരായ ആളുകള്‍ മുന്നണിക്കകത്ത് ഉണ്ടാകില്ല. സ്വര്‍ണ്ണപ്പാളി വിവാദം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. വിലക്കയറ്റം അടക്കമുള്ള അടിസ്ഥാന പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
മുന്നണിയില്‍ ഭിന്നത ഉണ്ടെന്നത് യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ല. തര്‍ക്കം ഉണ്ടായിട്ടില്ല, അവര്‍ അവരുടേതായ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഘടകകക്ഷികളായ എല്ലാവരുമായി ആലോചിക്കും. അവരുടെ അഭിപ്രായങ്ങള്‍ തേടുമെന്ന് അദേഹം പറഞ്ഞു. മുന്നണിയില്‍ അസംതൃപ്തരായ ആളുകള്‍ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുകയെന്നതാണ് പ്രാഥമിക കടമ. അത് നിറവേറ്റുമെന്ന് അദേഹം വ്യക്തമാക്കി.
നേരത്തെ നടന്ന പുനഃസംഘടനയില്‍ കെപിസിസി പ്രസിഡന്റിന് പുറമെ 3 വര്‍ക്കിങ് പ്രസിഡന്റുമാരെയും 13 വൈസ് പ്രസിഡന്റുമാരെയും 59 ജനറല്‍ സെക്രട്ടറിമാരെയും നിയമിച്ചിരുന്നു. രാഷ്ട്രീയകാര്യസമിതി അംഗങ്ങളുടെ എണ്ണം 39 ആയി ഉയര്‍ത്തുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് കാലഘട്ടങ്ങളില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാന്‍ കെപിസിസിയോ രാഷ്ട്രീയകാര്യസമിതിയോ വിളിച്ചുചേര്‍ക്കുന്നത് പ്രായോഗികമല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഏകോപന ചുമതലകളോടെ കോര്‍ കമ്മിറ്റിയെ നിയോഗിച്ചിരിക്കുന്നത്. നിലവില്‍ കോണ്‍ഗ്രസ് ഭരണഘടനയില്‍ ഇല്ലാത്ത ഭരണസംവിധാനമാണ് കോര്‍ കമ്മറ്റി എന്നത്.




